- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ടിലെ വിവാദങ്ങൾ തീരും മുമ്പ് അടുത്ത വിദേശ കടമെടുപ്പിനുള്ള നീക്കവുമായി കിഫ്ബി; ഗ്രീൻ ബോണ്ട് വഴി 1100 കോടി സമാഹരിക്കാൻ ആർബിഐക്ക് അപേക്ഷ നൽകി തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയിലെ മസാല ബോണ്ട് വിവാദത്തിലായതിന് പിന്നാലെ അടുത്ത ബോണ്ടുമായി സംസ്ഥാന സർക്കാർ. മസാല ബോണ്ടിനു പിന്നാലെ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനിൽ (ഐഎഫ്സി) നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്കാൻ റിസർവ് ബാങ്കിനോടു (ആർബിഐ) കിഫ്ബി അനുമതി തേടി. ഗ്രീൻ ബോണ്ടിറക്കി വായ്പയെടുക്കാനാണു ശ്രമം.
പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിനു പണം കണ്ടെത്താനാണു ഗ്രീൻ ബോണ്ട്. കുറഞ്ഞ പലിശ, ദീർഘമായ തിരിച്ചടവു കാലാവധി എന്നിവയാണ് ഇതിന്റെ പ്രത്യേകത. ജൂൺ 30നു ചേർന്ന കിഫ്ബി ബോർഡ് യോഗം ഇതിന് അനുമതി നൽകിയിരുന്നു. എന്നാൽ മസാല ബോണ്ടിനെ ചൊല്ലി വിവാദം മുറുകുന്ന സാഹചര്യത്തിൽ പുതിയ വിദേശ വായ്പയുടെ കാര്യത്തിൽ ആർബിഐ ഉടൻ തീരുമാനമെടുക്കുമോയെന്നു വ്യക്തമല്ല. അനുമതി നിഷേധിക്കാൻ നിയമപരമായി ആർബിഐക്കു സാധിക്കില്ലെന്ന നിലപാടിലാണു കിഫ്ബി അധികൃതർ.
വികസ്വര രാജ്യങ്ങളിലെ സ്വകാര്യമേഖലയുടെ വികസനത്തിനു ധനസഹായം നൽകുന്ന സ്ഥാപനമാണ് ഐഎഫ്സി. വായ്പ 30 വർഷം കൊണ്ടു തിരിച്ചടച്ചാൽ മതിയെന്നതാണ് ഈ ബോണ്ടിന്റെ പ്രത്യേകത. അതിനിടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകനത്തിൽ സിഎജി പരിശോധനകൾ തുടങ്ങുന്നതിനന് മുമ്പ് തന്നെ കിഫ്ബിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു എന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യം നേരത്തെ പാർലമെന്റിനേയും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പുതിയ വിവാദങ്ങളോടെ അന്വേഷണത്തിന് പുതിയ തലം കൈവന്നുവെന്നതാണ് വസ്തുത. അതിനിടെ നിയമസഭയുടെ അവകാശ ലംഘനം ഉയർത്തി ഇഡിയെ വെട്ടിലാക്കാനാണ് സിപിഎം തീരുമാനം.
അതിനിടെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു പണം സമാഹരിക്കാൻ അനുമതി നൽകിയിരുന്നോ എന്നു ചോദിച്ച് റിസർവ് ബാങ്കിന് ഇഡി കത്ത് നൽകി. അനുമതി നൽകിയെങ്കിൽ അതിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിന് അനുമതി നൽകിയ റിസർവ് ബാങ്ക് നടപടിയെയും സിഎജി ചോദ്യം ചെയ്തിരുന്നു. റിസർവ്വ് ബാങ്കിന്റെ മറുപടിയാകും ഇനി നിർണ്ണായകം. 7.23 % പലിശയ്ക്കു 2150 കോടി രൂപയാണു മസാല ബോണ്ടിലൂടെ സർക്കാർ സമാഹരിച്ചത്. റിസർവ്വ് ബാങ്കിന്റെ മറുപടി സംസ്ഥാന സർക്കാരിന് എതിരായാൽ ധനമന്ത്രി തോമസ് ഐസക്കിനേയും ചോദ്യം ചെയ്യും.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാരാണ് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരുന്നതെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത്. കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനെതിരെയും ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണെങ്കിലും അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്