- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയിൽ സിഎജി റിപ്പോർട്ടിനെ പിന്തുണച്ച് പ്രതിപക്ഷം നിയമസഭയിൽ; ഗവർണറേയും നിയമസഭയേയും ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചു; ഐസക്കിന്റേത് രാഷ്ട്രീയ കൗശലം; റിപ്പോർട്ട് ചോർത്തിയത് വിവാദം മുന്നിൽ കണ്ടെന്നും അടിയന്തര പ്രമേയ ചർച്ചയിൽ വി ഡി സതീശൻ; പ്രതിരോധിച്ച് ഭരണപക്ഷം
തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി റിപ്പോർട്ടിനെ പിന്തുണച്ച് പ്രതിപക്ഷം നിയമസഭയിൽ. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമർശിക്കുന്നത്. ധനമന്ത്രി ഗവർണറെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചുവെന്നും അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
എക്‌സിറ്റ് മീറ്റിങ് മിനിറ്റ്‌സ് സിഎജി നൽകിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്ക് വിശദീകരണം നൽകാൻ അവസരം നൽകിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയകൗശലമാണ്. ധനമന്ത്രി സിഎജി റിപ്പോർട്ട് ചോർത്തിയത് വിവാദം മുൻകൂട്ടിക്കണ്ടാണ്. തന്ത്രപൂർവം രാഷ്ട്രീയ നിറംകലർത്തി സിഎജിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
ഭരണഘടനയുടെ 293 ലംഘിച്ചാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റ് ലോൺ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിർത്തിരുന്നു. സിഎജി സർക്കാരിന് മിനിറ്റ്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനു ശേഷം സംസാരിച്ച സിപിഎം എൽഎൽഎ ജയിംസ് മാത്യു സതീശന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരല്ല ബോണ്ട് ഇറക്കിയത്. സർക്കാർ ബോണ്ട് ആണെങ്കിൽ മാത്രമാണ് ആർട്ടിക്കിൾ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് ബോഡിയായ കിഫ്ബിക്ക് ബാധകമല്ല. സർക്കാർ ഭരണഘടന ലംഘിച്ചിട്ടില്ല. ഭരണഘടനാ ലംഘനം ഇല്ലാത്തതുകൊണ്ടാണ് ആരും നപടിയെടുക്കാത്തതെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടി.
കിഫ്ബി 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വി.ഡി.സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടിസിനാണ് സ്പീക്കർ അനുമതി നൽകിയത്.
സിഎജിക്കെതിരെ ധനമന്ത്രി ടി.എം.തോമസ് ഐസക് രൂക്ഷമായ വിമർശനം സഭയിൽ ഉന്നയിച്ചിരുന്നു. വികസനം തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സർക്കാരിന്റെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. തുടർന്നാണ് പ്രമേയം ചർച്ച ചെയ്യാമെന്ന നിലപാടിലേക്കു സർക്കാരെത്തിയത്.
സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുൻപു പുറത്തുവിട്ട ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നടപടി അവകാശലംഘനമാണെന്ന പരാതിയിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് വിഷയം സഭയിൽ ചർച്ചയായത്.
നിലവിലുള്ള ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് റിപ്പോർട്ടിൽ ചില കൂട്ടിച്ചേർക്കലുകൾ സിഎജി നടത്തിയതാണ് പരാമർശങ്ങൾ വെളിപ്പെടുത്താനിടയാക്കിയ അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നു കമ്മിറ്റി നിരീക്ഷിച്ചു. ചില പേജുകൾ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തതിൽ ദുരൂഹതയുണ്ടെന്ന ധനമന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചു.
വി.ഡി.സതീശനാണ് ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകിയത്. ധനമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. കമ്മിറ്റിയുടെ നടപടി തെറ്റായ കീഴ്‌വഴക്കത്തിനു തുടക്കംകുറിക്കുമെന്നു പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കീഴ്‌വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാ വ്യവസ്ഥകൾ അവഗണിച്ചുമാണ് ധനമന്ത്രി സിഎജി റിപ്പോർട്ട് പുറത്തുവിട്ടത്. മന്ത്രിയുടെ വാദങ്ങൾ അപ്രസക്തമാണെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി. വി എസ്.ശിവകുമാർ, മോൻസ് ജോസഫ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്