തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തിൽ ദുരൂഹത ബലപ്പെടുന്നു. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠൻ(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ഇയാളുടെ ശരീരത്തിൽ വെട്ടേറ്റ പാടുകൾ കാണപ്പെട്ടതാണ് മരണം ദുരൂഹതയിലാക്കുന്നത്. മണികണ്ഠൻ കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുൻപ് മറ്റൊരു വാഹനത്തിൽ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയെന്നാണ് സൂചന. ഇതോടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

ഇന്നലെ രാത്രി 10-30 നാണ് ചെറുവാളം സ്വദേശി മണികണ്ഠനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ വ്യാപാരം കഴിഞ്ഞ് ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.

മണികണ്ഠൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തിയത്. ഇതിന് മുമ്പ് വാഹനത്തിൽ ഒരു സംഘം ആളുകൾ എത്തിയിരുന്നുവെന്നും അവർ കുറച്ച് സമയം അവിടെ നിന്ന ശേഷം മടങ്ങിയെന്നാണ് സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ അവിടെ എത്തിയ വാഹനത്തിന്റെ സാന്നിധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചു വരികയാണ് പൊലീസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ.