മുഖംമൂടി ധരിച്ച് കത്തിയുമായി പട്ടാപ്പകൽ മോഷണത്തിനെത്തിയ മൂന്ന് കൗമാരക്കാരെ 23-കാരൻ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഓക്‌ലഹാമയിലാണ് സംഭവം. ബ്രോക്ക് ആരോയിലെ വീട്ടിലേക്കെത്തിയ മോഷ്ടാക്കളെ നേരിട്ട 23-കാരൻ, ഇവർക്കുനേരെ വെടിയുതിർക്കുകായായിരുന്നു. 16-ഉം 17-ഉം 18-ഉം വയസ്സുള്ള വിദ്യാർത്ഥികളായിരുന്നു മോഷ്ടാക്കൾ. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ടതോടെ ഇവർക്കൊപ്പമെത്തിയ നാലാമത്തെയാളായ എലിസബത്ത് മേരി റോഡ്രിഗസ് എന്ന 21-കാരി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 23-കാരൻ സ്വയരക്ഷയ്ക്കുവേണ്ടിയാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 23-ാരനും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടുണർന്നുനോക്കിയപ്പോൾ മൂന്നുപേർ വീട്ടിലേക്ക് ഇരച്ചുകയറുന്നതാണ് കണ്ടത്. വീടിന്റെ പിന്നിലെ ഗ്ലാസ് ഡോർ തകർത്താണ് ഇവർ അകത്തുകയറിയതത്. കള്ളന്മാരെ ചീത്തവിളിച്ചുകൊണ്ട് എആർ-15 തോക്കുമായെത്തിയ യുവാവ് അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

രണ്ടുപേർ വീടിന്റെ അടുക്കളയിൽവീണുമരിച്ചു. ഒരാൾ പുറത്തേയ്ക്കുള്ള വഴിയിലും. മരിച്ച മൂവരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വയരക്ഷയ്ക്ക് നടത്തിയ വെടിവെപ്പാണിതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, എല്ലാ വശവും അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോഷ്ടാക്കളെക്കുറിച്ച് വെടിവെച്ച യുവാവിന് മുൻധാരണയുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. യുവാവും അച്ഛനും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

മോഷ്ടാക്കളുമായെത്തിയ എലിസബത്ത് റോഡ്രിഗസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. ഈ മേഖലയിൽ അടുത്ത ദിവസങ്ങളിലായി ഒട്ടേറെ മോഷണങ്ങൾ നടന്നിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടാക്കളെന്ന് സംശയിക്കുന്നവർ മേഖലയിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും വെടിവെപ്പ് നടന്ന വീടിന്റെ അയൽക്കാർ പറഞ്ഞു.