ലണ്ടൻ: ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാരാണോ നിങ്ങൾ..? എങ്കിൽ സൂക്ഷിക്കുക..! നാളെ നിങ്ങൾ ആവാം ഇത്തരം സംഘങ്ങളുടെ ഇരയാവുന്നത്. പോളീഷ് ഭാഷയിൽ സുഹൃത്തിനോട് സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് എസെക്സിലെ ഹാർലോയിൽ ഒരു പോളണ്ടുകാരൻ കൊല്ലപ്പെട്ടത്. മലയാളവും മറ്റും ഉറക്കെ സംസാരിച്ച് തെരുവിലൂടെ നടക്കുന്ന നമുക്ക് ഏറ്റവും വലിയ മുന്നറിയിപ്പാണ് ഈ കൊലപാതകം. അതും കൊലയാളികൾ ഇരുപതോളം വരുന്ന കൗമാരക്കാർ ആണെന്നറിയുക.

പോളണ്ടുകാരനായ അർകദിയുസ് ജോസ് വിക്ക് എന്ന 40കാരനാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾ അരെക് എന്നാണറിയപ്പെടുന്നത്. 2012ലാണ് ഇദ്ദേഹം യുകെയിലേക്ക് കുടിയേറിയിരുന്നത്. തന്റെ സുഹൃത്തായ മറ്റൊരു പോളണ്ടുകാരനൊപ്പം ടേക്ക്എവേയ്ക്ക് പുറത്ത് പിസ കഴിച്ച് കൊണ്ട് ഉറക്കെ പോളിഷ് ഭാഷയിൽ സംസാരിച്ചതിനെ തുടർന്നാണ് 20 അംഗ സംഘം ഇദ്ദേഹത്തെ ആക്രമിച്ച് കൊന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന കൊലക്കുറ്റത്തിനുള്ള അന്വേഷണം എസെക്സ് പൊലീസ് ആരംഭിച്ചിരിക്കുകയാണ്.

ഹാർലോയിലെ ഒരു ടേക്ക്എവേയ്ക്ക് പുറത്ത് വച്ചാണ് കൊലപാതകം നടന്നത്. കുമാരീകുമാരന്മാരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുന്നതിന് മുമ്പ് കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ക്രൂരമായ ശാരീരിക ആക്രമണത്തിൽ ഇരുവർക്കും ബോധം നഷ്ടപ്പെടുകയും പിന്നീട് അരെക് മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തലയ്ക്ക് ഗുരുതമായ പരുക്കേറ്റതിനെ തുടർന്നാണ് ഇദ്ദേഹം കേംബ്രിഡ്ജിലെ അഡെൻബ്രൂക്ക്സ് ഹോസ്പിറ്റലിൽ വച്ച് മരിച്ചതെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പോളണ്ടുകാരൻ ഹാർലോയിൽ താമസിക്കുന്ന 40കാരൻ ആണെന്ന് മാത്രമേ വിവരം ലഭിച്ചിട്ടുള്ളൂ. ഇയാളുടെ കൈകൾക്കും വയറിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. വംശീയ വിദ്വേഷത്താൽ പ്രേരിപ്പിക്കപ്പെട്ടിട്ടുള്ള കൊലയാണിതെന്നാണ് കേസന്വേഷകർ വിശ്വസിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 15 വയസുള്ള ആൺകുട്ടികളെയും 16കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അരെകിന് കുട്ടികളുണ്ടായിരുന്നില്ലെന്നാണ് സഹോദരനായ റാഡെക്ക് വെളിപ്പെടുത്തുന്നത്.തങ്ങളുടെ അമ്മയ്ക്കൊപ്പം ഒരു മീറ്റ് പ്രൊഡക്ഷൻ പ്ലാന്റിലാണ് അരെക് ജോലി ചെയ്തിരുന്നതെന്നും അദ്ദേഹം ളെിപ്പെടുത്തുന്നു. അരെകിന്റെ കൊലപാതക വാർത്തയറിഞ്ഞ് അമ്മ ആകെ തകർന്നിരിക്കുകയാണ്. ടേയ്ക്ക്എവേയ്ക്ക് പുറത്ത് സുഹൃത്തിനൊപ്പം പിസ കഴിച്ച് കൊണ്ട് സംസാരിക്കുമ്പോഴാണ് ഇവർക്ക് നേരെ കൗമാരക്കാരുടെ ആക്രമണമുണ്ടായത്. അരെകിന് ഇംഗ്ലീഷ് അധികം സംസാരിക്കാൻ സാധിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാത്രി 11.35ന് സ്റ്റോ ഏരിയയിലെ ഷോപ്പുകളുടെ നിരയ്ക്ക് പുറത്ത് വച്ചാണ് അരെകും സുഹൃത്തും ആക്രമണത്തിന് വിധേയരായത്. ടിജിഎഫ് പിസയുടെ ബ്രാഞ്ചിന് പുറത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. ഇതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ഓഫീസർമാർ ഇവിടുത്തെ ചില ഷോപ്പുകൾ തെളിവുകൾ ശേഖരിക്കാനായി പൂട്ടി സീൽ വച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നുവെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് കെന്റ് ആൻഡ് എസെക്സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിലെ ഡിറ്റെക്ടീവ് ഇൻസ്പെക്ടറായ അൽ പിച്ചെർ പറയുന്നത്.

ഡിറ്റെക്ടീവുകൾ ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളിൽ നിന്നും മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. ബ്രെക്സിറ്റ് വോട്ടിന് ശേഷം യുകെയിൽ പോളണ്ടുകാർ ആക്രമിക്കപ്പെടുന്നത് വർധിച്ച് വരുകയാണ്. ഇക്കൂട്ടത്തിൽ പെട്ട ഏറ്റവും പുതിയ സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.