തായ്‌ലൻഡിലേക്ക് സെക്സ് ടൂറിന് പോകാനൊരുങ്ങിയ തനിക്ക് തടസം നിന്ന ഭാര്യയെ ഹോസ്റ്റ് കോയ്നിഗ് എന്ന 53കാരൻ കൊന്ന് കഷണങ്ങളാക്കി പെട്ടിയിലാക്കിയതായി റിപ്പോർട്ട്. പത്ത് വർഷങ്ങളായി തന്റെ ഭാര്യയായ ഫിലിപ്പിനോ കാരി നേഴ്സ് ഗ്രേസ് എന്ന 37കാരിക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നത്. താൻ ഭാര്യയെ വകവരുത്തിയെന്ന കാര്യം കോയ്നിഗ് കോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്. ഭാര്യയെ ഇത്തരത്തിൽ കൊന്ന ശേഷം ഇയാൾ തായ്‌ലൻഡിലേക്ക് പറക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ അക്കൗണ്ടിൽ നിന്നും പണം എടുത്താണ് ഇയാൾ ടൂറിന് പോയത്. കൊല നടത്തേണ്ടതെങ്ങനെയെന്ന് ഇയാൾ ഗൂഗിളിൽ സെർച്ച് ചെയ്തതാണ് ഇയാൾക്ക് വിനയായിത്തീർന്നത്. ഇതിന്റെ തുമ്പ് പിടിച്ചാണ് പൊലീസ് കോയ്നിഗിനെ വലയിലാക്കിയതെന്നും റിപ്പോർട്ടുണ്ട്. ജർമൻകാരനായ ഇയാൾ ജർമനിയിലെ ബവേറിയയിലെ ഓഗ്സ്ബർഗ് സ്റ്റേറ്റ് കോടതിക്ക് മുന്നിലാണ് കോയ്നിഗ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

വളരെയേറെ ആസൂത്രണം നടത്തിയിട്ടാണ് താൻ ഭാര്യയെ വകവരുത്തിയിരിക്കുന്നതെന്ന് ഈ ലബോറട്ടറി അസിസ്റ്റന്റ് കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിട്ടുണ്ട്. ഓഗസ്ബർഗിൽ താൻ ലീസിനെടുത്ത വീട്ടിൽ വച്ച കമ്പ്യൂട്ടറിലായിരുന്നു ഇയാൾ കൊലപാതകം സംബന്ധിച്ച സെർച്ച് നടത്തിയത്. അതായത് ഒരാളുടെ തലയ്ക്ക് ഒറ്റയിടി ഇടിച്ച് എങ്ങനെ കൊലപ്പെടുത്താം...??, മൃതദേഹം എങ്ങനെ നശിപ്പിക്കാം..?? എന്നീ കാര്യങ്ങൾ അറിയാനായി കോയ്നിഗ് ഈ കമ്പ്യൂട്ടറിലൂടെ ഗൂഗിൾ സെർച്ച് ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നവംബർ 28ന് ഇയാൾ കൃത്യം നിർവഹിക്കാനായി ഒരു ഹാമറും ഡക്ട് ടേപ്പും വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് ഭാര്യ കിടന്നുറങ്ങുമ്പോൾ കോയ്നിഗ് തലയ്ക്കടിക്കുകയും പ്ലാസ്റ്റിക് ബാഗ് അവരുടെ തലയിലിട്ട് മൂടി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് കേസ്.

തുടർന്ന് ഡിസംബർ ഒന്നിന് കോയ്നിഗ് ചാക്കുകളും ജനലുകളും ഡോർ ഫ്രെയിമുകളും സീൽ ചെയ്യുന്നതിനായി കൺസ്ട്രക്ഷൻ ഫോം വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പ്രാദേശിക ട്രാവൽ ഏജന്റിലൂടെ തായ്‌ലൻഡ് ട്രിപ്പിനുള്ള ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. തുടർന്ന് ബാഗുകൾ പായ്ക്ക് ചെയ്ത് കോയ്നിഗ് ഒരു അറക്കവാൾ വാങ്ങിക്കൊണ്ട് വന്ന് ഭാര്യയുടെ മൃതദേഹം എട്ട് കഷണങ്ങളാക്കി മുറിച്ച് പായ്ക്ക് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് അത് വെയർഹൗസിൽ തള്ളുകയുമായിരുന്നു. ഡിസംബർ 2ന് തായ്‌ലൻഡിലേക്ക് പറക്കുന്നതിന് മുമ്പ് ഇദ്ദേഹം ഭാര്യ ഫിലിപ്പീൻസിലേക്ക് പോയതായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇമെയിൽ അയക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ അവരെ തിരിച്ച് കൊണ്ട് വരുമെന്നും കോയ്നിഗ് പ്രസ്താവിച്ചിരുന്നു.

മൂന്നാഴ്ചയോളം തായ്‌ലൻഡിൽ വിവിധ സ്ത്രീകൾക്കൊപ്പം അടിച്ച് പൊളിച്ച ശേഷം മടങ്ങവെയാണ് കോയ്നിഗിനെ പൊലീസ് പിടിച്ചത്. അതിന് മുമ്പ് പൊലീസ് ഗ്രേസിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട പട്ടായ എന്ന യുവതി തായ്‌ലൻഡിൽ വച്ച് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നുവെന്നാണ് കോയ്നിഗ് വെളിപ്പെടുത്തിയത്. ഏത് സമയവും മൊബൈലിൽ ജീവിക്കുന്ന തന്റെ ഭാര്യ ഗ്രേസ് സന്തോഷമൊന്നും പകർന്നിരുന്നില്ലെന്നും ജീവിതം വിരസമായിരുന്നുവെന്നും കോയ്നിഗ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് തായ്‌ലൻഡിലേക്ക് പോയതെന്നും അയാൾ പറയുന്നു. അവിടെ വച്ച് ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അതിന് ധൈര്യമുണ്ടായിരുന്നില്ലെന്നും കോയ്നിഗ് വെളിപ്പെടുത്തുന്നു. വിചാരണം അടുത്ത ആഴ്ച അവസാനിക്കുന്നതാണ്. ഇയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.