ജീവനെടുക്കുന്ന മിക്ക രോഗങ്ങളെയും പിടിച്ച് കെട്ടി ആയുസ് പരമാവധി വർധിപ്പിച്ചുവെന്നാണ് വൈദ്യശാസ്ത്രം ഒട്ടൊരു അഹങ്കാരത്തോടെ എന്നും അവകാശപ്പെടാറുള്ളത്. എന്നാൽ അതിനെ വെറും നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു മഹാരോഗം രണ്ട് വർഷത്തിനകം എത്തുന്നുവെന്ന മുന്നറിയിപ്പാണ് ഹാർവാഡ് മെഡിക്കൽ സ്‌കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ലോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ. ജോനാതൻ ഡി. ക്യുക്ക് ഡെയിലി മെയിലിൽ എഴുതിയ ലേഖനത്തിലൂടെ കടുത്ത മുന്നറിയിപ്പേകുന്നത്. ഈ രോഗം പൊട്ടിപ്പുറപ്പെട്ട് ആദ്യത്തെ 200 ദിവസത്തിനകം 30 കോടി ജനങ്ങൾ മരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ഈ രോഗത്തിന്റെ പശ്ചാത്തലത്തിൽ പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകം നിലനിൽപ്പിനായി പൊരുതേണ്ടിയും വരും. ചുരുക്കിപ്പറഞ്ഞാൽ ഉടനെത്തുന്നത് പത്ത് കോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാൾ അപകടകാരിയായ രോഗമാണെന്നാണ് മുന്നറിയിപ്പ്. ഈ രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ലോകമാകമാനം ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം വരെ മുടങ്ങുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകും. അത്യാവശ്യമായ കമ്പ്യൂട്ടർ അല്ലെങ്കിൽ എനർജി സിസ്റ്റങ്ങൾ വരെ പ്രവർത്തിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയുമുണ്ടാകും.

തുടർന്ന് ആഗോള സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാവുകയും ലോകമാകമാനം കടുത്ത ക്ഷാമം നേരിടുകയും ചെയ്യും. നിയന്ത്രിക്കാൻ തീരെ സാധിക്കാത്തതും അതിവേഗത്തിൽ പടർന്ന് പിടിക്കുന്നതുമായി ഒരു പ്രത്യേക തരത്തിലുള്ള ഇൻഫ്‌ളുവൻസയായിരിക്കും ലോകമാകമാനം ഈ മഹാദുരന്തം വിതച്ച് മനുഷ്യരാശിയെ കൊന്നൊടുക്കുകയെന്നും ജോനാതൻ പ്രവചിക്കുന്നു. ഇൻഫ്‌ളുവൻസ വൈറസിന് നാളിതുവരെ ഉണ്ടാകാത്ത വിധത്തിൽ അപകടകരമായ മ്യൂട്ടേഷൻ സംഭവിക്കുന്നതിനെ തുടർന്ന് അത് എല്ലാവിധത്തിലുമുള്ള മരുന്നുകളെയും അതിജീവിച്ചാണ് ഈ സംഹാരതാണ്ഡവം നടത്തുക.

ഇതിനെ പ്രതിരോധിക്കാൻ വിവിധ വഴികൾ മുന്നിലുണ്ടെങ്കിലും ആരും അത് അനുവർത്തിക്കുന്നില്ലെന്നതാണ് ഭീതിയുണ്ടാക്കുന്ന വസ്തുതയെന്നും ജോനാതൻ മുന്നറിയിപ്പേകുന്നു. 100 വർഷങ്ങൾക്ക് മുമ്പുണ്ടായതിന് തുല്യമായ വിധത്തിൽ നാം ഇപ്പോഴും വിവിധ രോഗങ്ങൾക്ക് എളുപ്പത്തിൽ കീഴ്‌പ്പെടുന്നതിന് സാധ്യതയുള്ളവരായി തുടരുന്നുവെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു. അതായത് 1918ൽ സ്പാനിഷ് ഫ്‌ളൂ പടർന്ന് പിടിച്ച് 100 മില്യൺ പേരെ കൊന്നൊടുക്കിയ അവസ്ഥക്ക് സമാനമമായ അവസ്ഥയിലാണ് മനുഷ്യരാശി ഇപ്പോഴും നിലകൊള്ളുന്നത്. അതായത് അതു പോലുള്ള ഒരു രോഗം ഇപ്പോൾ പടർന്ന് പിടിച്ചാലും അതിനെ നേരിടാൻ ഇപ്പോഴും നാം പ്രാപ്തരല്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.