- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ദുരന്തം അറിഞ്ഞ് ഓടിയെത്തിയ അമ്മ കണ്ടത് വരാന്തയിലെ മതിലിൽ രക്തക്കറ; മകളുടെ സഹപാഠികളെ കാണാനോ സംസാരിക്കാനോ പോലും അനുവദിക്കാത്ത സ്‌കൂൾ മാനേജ്മെന്റ്; വീണു മരിച്ച നിലയിൽ കണ്ടത് ഞായറാഴ്ച വീട്ടിൽ വരുമെന്ന് അമ്മയെ അറിയിച്ച മകൾ; പ്രിൻസിപ്പളും അദ്ധ്യാപകരും അറസ്റ്റിൽ; കള്ളിക്കുറിച്ചിയിൽ പ്രതിഷേധം തുടരും
ചെന്നൈ: വിദ്യാർത്ഥിനിയുടെ മരണത്തെത്തുടർന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ പ്രതിഷേധം തുടരും. കേസ് സിബിസിഐഡിയെ ഏൽപ്പിച്ചു. മൂന്ന് പേരെ അറസ്റ്റും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പളും അദ്ധ്യാപകരുമാണ് അറസ്റ്റിലായത്.
ആത്മഹത്യാ വാദം കുട്ടിയുടെ ബന്ധുക്കൾ തള്ളുകായണ്. മകളുടെ മരണ വിവരം അറിഞ്ഞെത്തിയ കുട്ടിയുടെ അമ്മ സ്‌കൂൾ വരാന്തയുടെ മതിലിന് മുകളിൽ രക്തപ്പാട് കണ്ടെത്തിയിരുന്നു. ഇതിനൊപ്പമാണ് ശരീരത്തിലെ മറ്റ് മുറിവുകൾ. ഇതെല്ലാം ദുരൂഹമാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. സിസിടിവി ദൃശ്യങ്ങളും ആശുപത്രി അധികൃതർ കാണിച്ചില്ലെന്നും പറയുന്നു. തലേ ദിവസത്തെ സിസിടിവി മാത്രമാണ് കാണിച്ചത്. ഇതും ദുരൂഹമാണ്. ഇതിനൊപ്പം മറ്റ് കുട്ടികളുമായുള്ള ആശയ വിനിമയവും നിരോധിച്ചു. ഇതെല്ലാം ദുരൂഹമാണെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്നും ആരോപിക്കുന്നു.
ചൊവ്വാഴ്ച മകൾ എന്നെ ഫോണിൽ വിളിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ല. ഞായറാഴ്ച വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറയുന്നു. കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ബുധനാഴ്ചയാണു ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു എന്നാണു സ്‌കൂൾ അധികൃതർ അറിയിച്ചത്. മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി.
വിദ്യാർത്ഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പിൽ പേരുള്ള രണ്ട് അദ്ധ്യാപകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ശനിയാഴ്ച വിട്ടയച്ചതോടെ പ്രക്ഷോഭം ശക്തമായി. ഇതോടെ വീണ്ടും അറസ്റ്റ് നടന്നു. ഇന്നലെ സ്‌കൂളിലേക്കു പ്രകടനമായെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തള്ളിനീക്കി വളപ്പിലേക്ക് ഇരച്ചുകയറി. ഒരു പൊലീസ് ബസും കത്തിച്ചു. കല്ലേറിൽ മുപ്പതോളം പൊലീസുകാർക്കും പരുക്കുണ്ട്. ഇന്നു മുതൽ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കില്ലെന്നു സിബിഎസ്ഇ നഴ്സറി സ്‌കൂൾ അസോസിയേഷൻ തമിഴ്‌നാട് മെട്രിക്കുലേഷൻ പ്രസിഡന്റ് അറിയിച്ചു.
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്‌കൂളിൽ ഇതിന് മുമ്പും പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് ദുരൂഹതയായിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്‌കൂളിലെ രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലായിരുന്നു. നേരത്തെ കുറ്റാരോപിതരായ അദ്ധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. സിബിസിഐഡി കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
ചൊവ്വ രാത്രി കെട്ടിടത്തിന്റെ മുകളിൽനിന്നും വിദ്യാർത്ഥിനി ചാടി ആത്മഹത്യചെയ്തതാണെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു. രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും സഹപാഠികളും മോശമായി പെരുമാറിയെന്നും കുറിപ്പിലുണ്ട്. തന്റെ ഫീസ് അച്ഛനമ്മമാർക്ക് മടക്കിനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ