അഹമ്മദാബാദ്: ഗോ സംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സബർമതി ആശ്രമത്തിന്റെ നൂറാം വാർഷികാഘോഷ വേദിയിലായിരുന്നു മോദിയുടെ പരാമർശം.

ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിയും ആചാര്യ വിനോബ ഭാവയും പറഞ്ഞതിനേക്കാൾ കൂടുതൽ മറ്റാരും പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ ഒരിക്കലും മഹാത്മാഗാന്ധി അംഗീകരിക്കുമായിരുന്നില്ല. ഇക്കാര്യങ്ങൾ മറക്കുന്നവരാണ് പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത്. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ നാട്ടാണിത്. ഇത് അഹിംസയുടെ നാടാണ്. അക്രമം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ല. നമുക്ക് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഈദിനോടനുബന്ധിച്ച് ഡൽഹിയിൽ ട്രയിനിൽ സഞ്ചരിക്കുകയായിരുന്ന ജുനൈദ് ഖാൻ എന്ന 16 കാരനെ ഗോമാംസം കൈവശം വച്ചെന്ന് ആരോപിച്ച് അടുത്തിടെ മർദ്ദിച്ച് കൊലപ്പെടുത്തുകയും പശുവിന്റെ ജഡം വീടിനടുത്ത് കണ്ടതായി ആരോപിച്ച് ഝാർഖണ്ഡിൽ വീടിന് തീവയ്ക്കുകയും ചെയ്തിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ രാജ്യവ്യാപകമായി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.