ത്തരകൊറിയൻ പ്രസിഡന്റായ കിം ജോൻഗ്-ഉന്നിന്റെ സഹോദരൻ കിം ജോൻഗ്-നാമിനെ കൊല ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. വിമാനത്താവളത്തിലെ കസേരയിൽ ഇരുന്ന കിമ്മിനെ പിന്നിലൂടെ എത്തിയ യുവതി ചുറ്റിപ്പിടിച്ച് കീഴ്പ്പെടുത്തുകയും മറ്റൊരു യുവതി വിഷം സ്്രേപ ചെയ്യുകയുമായിരുന്നു. ജനക്കൂട്ടത്തിന് ഇടയിൽ വച്ചാണ് ഇത്തരത്തിൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിലെ ക്വലാലംപൂർ ഇൻർനാഷണൽ എയർപോർട്ടിൽ വച്ചാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഉത്തര കൊറിയൻ പ്രസിഡന്റിന്റെ അർധസഹോദരനാണ് ഇദ്ദേഹം. ജീൻസും ടോപ്പും ധരിച്ച യുവതിയാണ് ഇദ്ദേഹത്തെ പിന്നിലൂടെ വന്ന് ചുറ്റിപ്പിടിച്ചിരിക്കുന്നത്.

പലപ്പോഴും തന്റെ സഹോദരന്റെ ഏകാധിപത്യ ഭരണത്തെ ജോൻഗ് നാം വിമർശിച്ചിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യൻ പൊലീസ് നോർത്തുകൊറിയൻ കെമിസ്ട്രി വിദഗ്ധനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്യോൻഗ്ജാൻഗിൽ നിന്നും മെഡിസിനും കെമിസ്ട്രിയും പഠിച്ച റി ജോൻഗ്-ചോൽ എന്ന 47കാരനാണ് പിടിയിലായിരിക്കുന്നത്. ഇദ്ദേഹത്തെ ക്വലാ ലംപൂരിൽ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ജോൻഗ് നാം കൊല ചെയ്യപ്പെട്ട ദിവസം ക്വലാ ലംപൂരിൽ നിന്നും മുങ്ങിയ നാല് ഉത്തര കൊറിയൻകാരെയും പൊലീസ് തേടിക്കൊണ്ടിരിക്കുകയാണ്. തന്റെ അർധസഹോദരനെ വധിക്കാൻ ഉത്തരകൊറിയൻ പ്രസിഡന്റ് അയച്ച സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്ന് സൂചനയുണ്ട്. ദ്രവരൂപത്തിലുള്ള വിഷം നൽകിയാണീ കൊലപാതകം നിർവഹിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

റി ജോൻഗ്-ചോൽ ആണ് ഈ വിഷത്തിന് പുറകിലെന്നാണ് പൊലീസ് ഉറവിടം അറിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. സ്ഥലം വിട്ട നാല് പേർ മലേഷ്യ വിട്ടിരിക്കാമെന്നും പൊലീസ് ആശങ്കപ്പെടുന്നുണ്ട്. എയർപോർട്ടിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സൂക്ഷ്മമായി അവലോകനം ചെയ്ത് വരുന്നുണ്ട്. സംഭവത്തിന് ശേഷം മറ്റ് മൂന്ന് പേർ മറ്റൊരു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്തേക്ക് ഇവിടെ നിന്നും വിമാനം കയറി രക്ഷപ്പെട്ടതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇവർ കൃത്യത്തിന് ശേഷം വസ്ത്രം മാറി തങ്ങളുടെ വിമാനം കയറാൻ വേണ്ടി ഡിപ്പാർച്ചർ ഹാളിലേക്ക് പോകുന്ന സിസിടിവി ഫൂട്ടേജുകൾ പുറത്ത് വന്നുവെന്നും സൂചനയുണ്ട്.

ആക്രമണത്തിന് മുമ്പ് ഇവർ ഗ്രേ, പർപ്പിൾ, പച്ച നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് സ്ത്രീകളും ഭാഗഭാക്കായ ഈ കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട മൂന്ന് പേർ വിമാനത്തിൽ വന്നിറങ്ങുന്നത് നിരീക്ഷിക്കാൻ അയൽ രാജ്യങ്ങൾക്ക് മലേഷ്യൻ പൊലീസ് മുന്നറിയിപ്പേകിയിരുന്നു.ഇവരെ കണ്ടെത്തിയാൽ തൽക്ഷണം തടഞ്ഞ് വയ്ക്കാനും നിർദേശമുണ്ട്. മകാവുവിലുള്ള തന്റെ വീട്ടിലേക്ക് പോകാൻ വിമാനം കാത്തിരിക്കുമ്പോഴാണ് നാമിനെ തേടി ഈ കൊലപാതകസംഘമെത്തിയത്. ആക്രമണത്തിനിടെ അദ്ദേഹം കസ്റ്റമർ സർവീസ് ഡെസ്‌കിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ഫലം അടുത്ത ദിവസം വരുമെന്നാണ് ഡെപ്യൂട്ടി നാഷണൽ പൊലീസ് ചീഫായ നൂർ റഷീദ് ഇബ്രാഹിം വെളിപ്പെടുത്തുന്നത്. ഈ കൊലപാതകത്തോടെ മലേഷ്യയും നോർത്തുകൊറിയയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. നാമിന്റെ മൃതദേഹം വിട്ട് നൽകണമെന്നും പോസ്റ്റ് മോർട്ടം നടത്തരുതെന്നുമാണ് നോർത്തുകൊറിയൻ ഒഫീഷ്യലുകൾ ആവശ്യപ്പെടുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം എന്തായാലും നടത്തുമെന്ന നിലപാടാണ് മലേഷ്യ സ്വീകരിച്ചിരിക്കുന്നത്.