- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പ് സംഗീതം കേട്ടാൽ 15 വർഷം ലേബർ ക്യാമ്പിൽ അടിമയായി കഴിയണം; സിനിമ കണ്ടാൽ വധശിക്ഷ; സഹോദരങ്ങളേയും ബന്ധുക്കളേയും പോലും അഭിസംബോധന ചെയ്യേണ്ടത് സഖാവ് എന്ന്; ക്ഷാമം താണ്ഡവമാടുന്ന ഉത്തരകൊറിയയിൽ ജനരോഷം ഭയന്ന് നിയന്ത്രണങ്ങൾ കർക്കശമാക്കി കിം ജോങ്ങ് ഉൻ
സിയൂൾ: കൊറിയൻ ഏകീകരണം ഗൗരവമുള്ള ചർച്ചയായി പൊന്തിവന്നത് മൂന്നു വർഷങ്ങൾക്ക് മുൻപായിരുന്നു. അന്ന് സ്നേഹത്തോടെ ആനയിച്ച ദക്ഷിണകൊറിയൻ പോപ്പ് സംഗീതജ്ഞരോടൊപ്പം നൃത്തച്ചുവടുകൾ വെച്ചുകൊണ്ടാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉൻ തന്റെ കൊറിയൻ സ്നേഹം പ്രകടമാക്കിയത്. എന്നാൽ അത് താത്ക്കാലികമായ ഒരു പ്രകടനം മാത്രമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. സംഗീതം ഗുരുതരമായ കാൻസർ രോഗമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പിന്നീട് ഉൻ പ്രത്യക്ഷപ്പെടുന്നത്.
കമ്മ്യുണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ച കിം ഇവയൊക്കെ ആസ്വദിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാൽ 15 വർഷത്തോളം ലേബർ ക്യാമ്പുകളിൽ അടിമജീവിതം നയിക്കേണ്ടി വരും. സിനിമ കാണുകയോ, ദക്ഷിണ കൊറിയയിൽ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താൽ വധ ശിക്ഷ ഉറപ്പ്.
സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങൾ വേട്ടയാടാൻ തുടങ്ങിയതോടെ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള അതിർത്തികൾ കൊട്ടിയടച്ചതോടെ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ് ഉത്തരകൊറിയ. ഭക്ഷ്യ വസ്തുക്കളുടെ വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായതോടെ പട്ടിണികിടക്കുന്ന വയറുകളിൽ ജഠരാഗ്നിക്കൊപ്പം പ്രതിഷേധാഗ്നിയും ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്.
ദുരിതങ്ങൾക്കൊപ്പം, ഈ കമ്മ്യുണിസ്റ്റ് രാജ്യത്തിനു പുറത്തെ ജീവിതം, സിനിമയിലൂടെയും മറ്റും യുവജനത അറിഞ്ഞാൽ തനിക്കെതിരെ നീങ്ങിയേക്കും എന്ന ഭയമാണ് ചട്ടങ്ങളും നിയമങ്ങളും കൂടുതൽ കർക്കശമാക്കുവൻ കിം ജോങ്ങ് ഉൻ നെ പ്രേരിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൗമാരക്കാരുടെയും യുവാക്കളുടെയും മൊബൈൽ ഫോണുകൾ എപ്പോൾ വേണമെങ്കിലും അധികൃതർക്ക് പരിശോധിക്കാം. പാശ്ചാത്യ സംസ്കാരത്തെ സൂചിപ്പിക്കുന്ന ലവ് യൂ, സീ യൂ തുടങ്ങിയ വാക്കുകൾ ചാറ്റിൽ ഉപയോഗിച്ചതായി കണ്ടാൽ ചുരുങ്ങിയത് രണ്ടുവർഷം വരെ ജയിലിൽ കഴിയേണ്ടതായി വരും.
പാശ്ചാത്യരെ മാത്രമല്ല, ദക്ഷിണ കൊറിയയേയും കിം ഭയക്കുന്നു. മൂത്ത സഹോദരനെ സ്നേഹത്തോടെ അഭിസംബോധന ചെയ്യുവാൻ കൊറിയൻ ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ഒപ്പ എന്നത്. അതുപോലെ സഹോദരിമാരെ അഭിസബോദന ചെയ്യാൻ ഡോംഗ് എന്ന പദം ഉപയോഗിക്കുന്നു. ഇപ്പോൾ ഈ പദങ്ങൾക്കെല്ലാം ഉത്തരകൊറിയയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. വ്യക്തി ബന്ധങ്ങൾക്ക് ശക്തി വർദ്ധിക്കുന്നത് ഒരുപക്ഷെ തന്റെ അധികാരത്തിനു ഭീതിയായേക്കാം എന്ന് കിം കരുതുന്നു. അതുകൊണ്ട്, ചേട്ടാ, ചേച്ചി വിളികൾ എല്ലാം ഒഴിവാക്കി എല്ലാവരും തമ്മിൽ തമ്മിൽ സഖാവ് എന്നുമാതമേ അഭിസംബോധന ചെയ്യാവൂ എന്ന നിയമം ഇറക്കിയിരിക്കുകയാണിപ്പോൾ.
സൗത്തുകൊറിയയിൽ പ്രചാരത്തിലിരിക്കുന്ന പേരുകൾ കുട്ടികൾക്ക് നൽകുന്നതും, അവിടങ്ങളീലെ ഹെയർസ്റ്റൈലുകൾ അനുകരിക്കുന്നതും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെത്തന്നെയാണ് സ്ത്രീകൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും. സ്ത്രീകൾ പരമ്പരാഗത വസ്ത്രം മാത്രമേ ധരിക്കാവൂ എന്നതാണ് കിമ്മിന്റെ ഉത്തരവ്. മാത്രമല്ല, സാധാരണ ഉത്തരകൊറിയയിൽ ഉപയോഗിക്കാത്ത പദങ്ങൾ മൊബൈൽ മെസേജുകളിൽ ഉപയോഗിച്ചതായി കണ്ടാൽ, കടുത്ത ശിക്ഷയും ലഭിക്കും.
രഹസ്യമായിട്ടാണെങ്കിലും പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയെല്ലാം ലേബർ ക്യാമ്പുകളിലേക്ക് അയയ്ക്കുകയാണ്. സൗത്തുകൊറിയയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ട് എന്ന സംശയം മതി ഒരാളുടെ ജീവിതം അടിമക്യാമ്പിൽ ഒതുങ്ങാൻ. നിരവധി പേരി രാജ്യം വിട്ടോടാൻ ശ്രമിക്കുന്നുണ്ട്. ചില ഭാഗ്യശാലികൾ ആ ശ്രമത്തിൽ വിജയിക്കുന്നുണ്ടെങ്കിലും പലരും പിടിക്കപ്പെടുകയാണ് പതിവ്. പിടിക്കപ്പെട്ടാൽ പിന്നെ ആ വ്യക്തിയുടെ ശിഷ്ടജീവിതം അടിമയായിട്ടായിരിക്കും.
ഇന്ന് കിം ജോങ്ങ് ഉനിന്റെ തലമുറയിൽ പെട്ട, 35 വയ്സ്സിനു മുകളീൽ പ്രായമുള്ളവരൊക്കെ നേരത്തേ ഒരു ക്ഷാമത്തെ അഭിമുഖീകരിച്ചവരായിരുന്നു. അന്ന് ഉത്തരകൊറിയൻ ജനത പട്ടിണികിടന്ന് മരിച്ചുവീഴുമ്പോൾ രാജ്യം ഭരിച്ചിരുന്ന ഉനിന്റെ പിതാവ് സ്വാദിഷ്ടമായ മത്സ്യം ജപ്പാനിൽ നിന്നും ഇറച്ചി ഇറാനിൽ നിന്നും വരുത്തി ഭക്ഷിച്ചായിരുന്നുജനങ്ങളോട് കമ്മ്യുണിസം പ്രസംഗിച്ചിരുന്നത്.
മറുനാടന് ഡെസ്ക്