തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പിതാവ് എന്ന് ആരാധകർ സ്‌നേഹപൂർവവും വിമർശകർ കളിയാക്കിയും വിശേഷിപ്പിക്കുന്ന ഒരു ലോകപ്രശസ്ത സംവിധായകനുണ്ട്; ദക്ഷിണകൊറിയക്കാരനായ 'കിം കി ഡുക്ക്'. ഐഎഫ്എഫ്‌കെയിൽ എല്ലാവർഷവും അദ്ദേഹത്തിന്റെ രണ്ടും മൂന്നും സിനിമകൾ പതിവാണ്. മാത്രമല്ല, ഒരു സിനിമതന്നെ നാലും അഞ്ചുംതവണ പ്രദർശിപ്പിക്കേണ്ടിവരുന്നതും പതിവാണ്.

പക്ഷേ ഇത്തവണ ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ് ഐഎഫ്എഫ്‌കെ സെലക്ഷൻ കമ്മിറ്റി. കൊറിയൻ, ചൈനീസ്, ജാപ്പനീസ് ഭാഷകളിലെ സിനിമകളെ ഇക്കുറി മത്സരവിഭാഗങ്ങളിൽനിന്ന് ഒഴിവാക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതോടെ കിം കി ഡുക്കിന്റെ പുതിയ സിനിമകളായ 'വൺ ഓൺ വൺ' (2014), 'സ്റ്റോപ്പ്' (2015) എന്നീ സിനിമകൾ കാണാൻ കാത്തിരുന്ന സിനിമാപ്രേമികളും ചലച്ചിത്ര വിദ്യാർത്ഥികളും നിരാശരാകും. ജപ്പാൻ, ചൈനീസ് ഭാഷകളിൽനിന്നും മുൻവർഷങ്ങളിൽ മികച്ച സിനിമകൾ എത്തിയിരുന്നു.

മത്സരവിഭാഗത്തിൽ പതിവിനു വിപരീതമായി കിഴക്കനേഷ്യൻ രാജ്യങ്ങളെ കടത്തിവെട്ടി മത്സരത്തിനെത്തിയിരിക്കുന്നത് നേപ്പാൾ, ഹെയ്തി, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളാണ്. സംവിധായകൻ കമലിനാണ് ഇക്കുറി സെലക്ഷൻ കമ്മിറ്റിയുടെ ചുമതല. കൊറിയൻ, ചൈനീസ്, ജപ്പാനീസ് ഭാഷകളിൽനിന്നെത്തിയ സിനിമകൾക്ക് നിലവാരം കുറവായതിനാലാണ് ഒഴിവാക്കിയതാണെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ. ലഭിച്ചതിൽ കൂടുതലും ചൈനീസ് ചിത്രങ്ങളായിരുന്നു.
അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത സംസ്‌കാരങ്ങളും കഥാപരിസരങ്ങളും ചിത്രീകരണശൈലിയുമെല്ലാം മേളയ്ക്ക് പുതുമ സമ്മാനിക്കുമെന്നും കമ്മിറ്റി വിലയിരുത്തി. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 140 ചിത്രങ്ങൾ ലഭിച്ചതിൽ പത്തുചിത്രങ്ങൾ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തതായാണ് വിവരം.

നേപ്പാളിൽ നിന്നുള്ള 'കാലോ പോത്തി', ഹെയ്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന 'മർഡർ ഇൻ പാക്കോട്ട്', ഫിലിപ്പൈൻസ് ചിത്രമായ 'ഷാഡോ ബിഹൈൻഡ് ദ മൂൺ', ഫലസ്തീനിയൻ സംവിധായകൻ അറബ് നാസറിന്റെ ചിത്രം 'ഡീഗ്രേഡ്', ഇറാനിയൻ സംവിധായകൻ ഹാദി മൊഹഗേയുടെ 'മാമിറോ', ബ്രസീലിയൻ ചിത്രമായ 'ക്ലാരിസേ ഓർ സംതിങ് എബൗട്ട് അസ്' ടർക്കിഷ് ചിത്രം 'എന്റാഗിൾമെന്റ്' ഇസ്രേലി കവി യോന വാലച്ചിന്റെ ജീവിതം പശ്ചാത്തലമാക്കി നിർ ബെർഗ് മാൻ തയ്യാറാക്കിയ 'യോന', കസാക്കിസ്ഥാനിൽ നിന്നുള്ള 'ബോപെം', ബംഗ്ലാദേശി ചിത്രം 'ജലാൽസ് സ്റ്റോറി' എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

നിരവധിതവണ സെലക്ഷൻ കമ്മിറ്റികളുടെ ചെയർമാനായിരുന്ന കമലിന്റെ തീരുമാനത്തെ നല്ലൊരു വിഭാഗം സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ കിം കി ഡുക്കിന്റെ ആരാധകർ ഇതിനെതിരേ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ മത്സരേതര വിഭാഗത്തിലെങ്കിലും കിം കി ഡുക്കിന്റെ ചിത്രം പ്രദർശിപ്പിച്ച് തടിയൂരാനാണ് സംഘാടകസമിതിയുടെ തീരുമാനം. ഗോവ ചലച്ചിത്രോത്സവത്തിൽ ഇക്കുറിയും കിം കി ഡുക്കിന്റെ ഒരു ചിത്രം തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന.

ഇന്ത്യയിലെ തന്റെ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ വർഷം ഗോവയിലും, തിരുവനന്തപുരത്തും എത്തി കിം കിഡുക്ക് താരമായി മാറി. തന്റെ നാട്ടിൽ ഒരു വിലയും ഇല്ലെങ്കിലും 122 രാജ്യങ്ങളിൽ തനിക്ക് ആരാധകർ ഉണ്ടെന്ന് കിം 'ആരിരംഗ്' എന്ന തന്റെ സിനിമയിൽതന്നെ പറയുന്നുണ്ട്.