വാഷിങ്ടൺ: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ളത്. സിംഗപ്പുരിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് ട്രംപ് പിന്മാറിയത് അപ്രതീക്ഷിത നടപടിയായിരുന്നു. കിമ്മുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുക മാത്രമല്ല ട്രംപ് ചെയ്തത്. ഇതിന് പിന്നാലെ കിമ്മിനെ പ്രകോപിപ്പിച്ചു കൊണ്ടുള്ള കത്തെഴുതാനും ട്രംപ് മടിച്ചില്ല.

അതേസമയം ഉച്ചകോടി റദ്ദാക്കി കൊണ്ട് പ്രകോപനത്തിന്റെ ഭാഷയിൽ കത്തെഴുതിയിട്ടും ഉത്തര കൊറിയ അവരുടെ ആണവായുധ കേന്ദ്രങ്ങളിലൊന്ന് നശിപ്പിച്ച് ലോകത്തിന് കൊടുത്ത വാക്കു പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ട്രംപ് കൂടിക്കാഴ്ചയിൽനിന്ന് പിന്മാറിയത് എന്തിനാണെന്നത് ലോകത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം ട്രംപ് കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറി എങ്കിലും തങ്ങൾ ഇനിയും അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും കിം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റുമായി മുഖാമുഖം കണ്ട് സംസാരിച്ച് പ്രശ്‌നങ്ങൾ ചർച്ച ചയ്യാൻ ഇനിയും തയ്യാറാണെന്ന് നോർത്തുകൊറിയയുടെ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.

തന്റെ പിന്മാറ്റം ന്യായീകരിച്ചുകൊണ്ട് കിമ്മിന് ട്രംപെഴുതിയ കത്ത് കടുത്ത പ്രകോപനത്തിന്റെ ഭാഷയിലുള്ളതാണ്. ഉച്ചകോടി പ്രഖ്യാപിച്ചശേഷവും നിങ്ങൾ ആണവായുധ ശേഖരത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ട്രംപ് കിമ്മിനോട് കത്തിൽ പറയുന്നു. 'ഞങ്ങളുടെ പക്കലുള്ള ശേഖരം വലിയതോതിലുള്ളതാണെന്നും അതുപയോഗിക്കാൻ ഇടവരുത്തരുതേ എന്നാണ് ദൈവത്തോട് പ്രാർത്ഥിക്കുന്ന'തെന്നും കത്തിൽ ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പെന്റഗണും പ്രകോപനപരമായ നിലപാടുമായി രംഗത്തെത്തി. ദക്ഷിണ കൊറിയയിലുള്ള അമേരിക്കൻ സൈന്യം ഇന്നു രാത്രി വേണമെങ്കിലും യുദ്ധം ചെയ്യാൻ തയ്യാറാണെന്ന് പെന്റഗണിലെ ജോയിന്റ് സ്റ്റാഫ് ഡയറക്ടർ ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. സൈന്യം അതിജാഗ്രതയിലാണെന്നും കിം ജോങ് ഉൻ ഭരണകൂടം നേരത്തെയും പലകുറി വാക്കുതെറ്റിച്ചിട്ടുള്ളതിനാൽ, ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നും മെക്കൻസി പറഞ്ഞു.

എന്തെങ്കിലും വിഡ്ഢിത്തം കാണിക്കാൻ ശ്രമിക്കുകയാണെങ്കിൽ ചാടിവീണ് അത് നശിപ്പിക്കാൻ തയ്യാറായി തന്റെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുതെന്ന് ട്രംപിന്റെ കത്തിലും കിമ്മിനോട് ഓർമിപ്പിക്കുന്നുണ്ട്. തനിക്ക് പ്രതീക്ഷ നശിച്ചിട്ടില്ലെന്നും മറ്റൊരു അവസരത്തിൽ കൂടിക്കാഴ്ച യാഥാർഥ്യമായേക്കുമെന്നും ട്രംപ് പറയുന്നു. ആരും ആശങ്കപ്പെടേണ്ടെന്നും ശരിയായ രീതിയിൽ നടക്കുമ്പോൾ നടന്നോളുമെന്നും ട്രംപ് ലോകത്തെയും സമാധാനപ്പെടുത്തുന്നു.

ദക്ഷിണകൊറിയയുമായി നടന്ന ചർച്ചയിൽ നൽകിയ ഉറപ്പ് പാലിക്കുന്നതിനായി ഉത്തരകൊറിയ ആണവായുധ കേന്ദ്രങ്ങളിലൊന്ന് നശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ പ്രകോപനപരമായ കത്തിനോടും പിന്മാറ്റത്തോടും ഉത്തരകൊറിയ പ്രതികരിച്ചിട്ടുമില്ല. ആണവായുധം പരീക്ഷിക്കുന്നതിനുള്ള വടക്കുകിഴക്കൻ പ്രവിശ്യയായ പംഗ്യേ-രീയിലുള്ള കേന്ദ്രമാണ് ഉത്തരകൊറിയ തുടർച്ചയായ സ്ഫോടനങ്ങളിലൂടെ നശിപ്പിച്ചത്.

ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേ്്ന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മലനിരകൾക്കുള്ളിലായാമ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഭൂമിക്കടിയിൽ വലിയ മൂന്ന് തുരങ്കങ്ങളാണ് പരീക്ഷണ കേന്ദ്രങ്ങളിലേക്ക് പോകാന് തയ്യാറാക്കിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള അനുകൂല നിലപാടായാണ് കേന്ദ്രം തകർക്കലിനെ അവർ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചത് ഉത്തരകൊറിയയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.