തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ നേഴ്‌സിങ് വിദ്യാർത്ഥിനിയായ റോജി റോയിയുടെ ചാടി മരണത്തിലെ അന്വേഷണം എങ്ങുമെത്താതെ പോയി. കിംസുമായി ബന്ധപ്പെട്ട് എന്ത് പരാതി കിട്ടിയാലും നിശബ്ദരാവുകയാണോ കേരളാ പൊലീസ്. നേഴ്‌സിങ് വിദ്യാർത്ഥികളെ ചതിയിൽ ചാടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് മാഫിയയ്ക്ക് എതിരായ അന്വേഷണത്തിനും പുരോഗതിയില്ല. വിദേശ കാര്യമന്ത്രാലയം അടക്കമുള്ളിടത്ത് പരാതി നൽകിയവരാണ് പ്രശ്‌നത്തിലാകുന്നത്. പൊലീസിൽ പരാതി നൽകിയാൽ കൃത്യമായി തന്നെ തട്ടിപ്പുകാർ അറിയും. പിന്നെ പരാതി നൽകിയവർക്ക് ഭീഷണിയുമെത്തും. കിംസ് നേഴ്‌സിങ് കോളേജിലെ അസിന്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് പുറത്തു കൊണ്ടുവന്നവർക്ക് വലിയ ഭീഷണികളാണ് ലഭിക്കുന്നത്. എല്ലാത്തിനും കിംസ് ആശുപത്രിയുടെ പിന്തുണയുണ്ടോ എന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. അല്ലെങ്കിൽ തെളിവുകൾ സഹിതം നേഴ്‌സിങ് കോളേജിലെ അദ്ധ്യാപികയ്ക്ക് എതിരെ പരാതി വന്നിട്ടും കിംസ് നടപടി എടുക്കാതിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

എല്ലാ തെളിവുകളുമുണ്ടായിട്ടും ഇതുവരെ എഫ് ഐ ആർ എടുക്കാനോ വ്യാജ റിക്രൂട്ട്‌മെന്റ് മാഫിയയിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന ലിജേഷ് ജോയി എന്ന വ്യക്തിയാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് നടപടികളുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ തെളിവുകൾ സഹിതം പരാതിയും നൽകി. മേൽ പരാതി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കൈമാറിക്കിട്ടി. ഇതോടെയാണ് ഭീഷണികളെത്താൻ തുടങ്ങിയത്. കിംസിലെ അസിസ്റ്റന്റ് പ്രൊഫസറും അവരുടെ ഭർത്താവും പരസ്യമായി തന്നെ ഭീഷണികൾ അയച്ചു. ഫെയ്‌സ് ബുക്കിലൂടെയും മറ്റും തെറി അഭിഷേകവും നടത്തി. ഇതോടെയാണ് തട്ടിപ്പിൽ ഇവരുടെ പങ്കിനെ കുറിച്ച് സംശയം ഉണ്ടായതെന്ന് ലിജേഷ് ജോയ് മറുനാടനോട് വിശദീകരിച്ചു. തട്ടിപ്പിൽ പങ്കില്ലെങ്കിൽ അവർ വിളിച്ചു ഭീഷണി പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ എന്ന ചോദ്യമാണ് ലിജേഷ് ഉയർത്തുന്നത്.

സ്റ്റാലിൻ ലെയ്‌സിന്റെ നേഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് ലിജേഷ് ജോയ് തട്ടിപ്പ് മനസ്സിലാക്കുന്നത്. അതിൽ പറഞ്ഞിരുന്ന മംഗലാപുരത്തെ റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് ലൈസൻസ് ഇല്ലാന്ന് വ്യക്തമായതോടെ വിദേശ കാര്യമന്ത്രാലയത്തിൽ പരാതി നൽകി. ഇതിനിടെയാണ് ഭീഷണികൾ തുടങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കാര്യങ്ങൾ വിശദീകരിച്ച് മാസങ്ങൾക്ക് മുമ്പേ പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളേജ് സിഐ ഓഫീസിൽ എത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായത്. തുടർന്ന് അദ്ധ്യാപികയും ഭർത്താവും ഭീഷണിയുമായെത്തി. വിദേശത്ത് ആയതുകൊണ്ട് മാത്രം വെറുതെ വിടുന്നുവെന്ന ഭീഷണി എത്തിയതോടെ കാര്യങ്ങൾ ഇമെയിൽ വഴി പൊലീസിനേയും അറിയിച്ചു. ഈ പാരതികൾക്കൊന്നും അർഹമായ പ്രാധാന്യത്തോടെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രത്യക്ഷത്തിൽ തന്നെ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ ലംഘിച്ച് ആളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സ്റ്റാലിൻ ലെയ്‌സും മംഗലാപുരത്തെ ഏജൻസിയും, ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുന്നു.

വിദേശ റിക്രൂട്ടമെന്റ് മാഫിയയ്ക്കുള്ള സ്വാധീനത്തിന്റെ തെളിവ് തന്നെയാണ് ഇത്. അല്ലാത്ത പക്ഷം കിംസിലെ നേഴ്‌സിങ് കോളേജ് അസിസ്റ്റിന്റെ പ്രൊഫസർക്കെതിരെ നടപടി വരുമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഭീഷണിയും മറ്റും തെളിവ് സഹിതം നൽകിയിട്ടും നടപടിയില്ല. അതിനിടെ ഇതു സംബന്ധിച്ച് തെളിവുകളുമായി മറുനാടൻ വാർത്ത പുറത്തുവന്നിട്ടും നേഴ്‌സിങ് കോളേജിലെ ഉന്നതയ്ക്ക് എതിരെ കിംസ് മാനേജ്‌മെന്റും നടപടി എടുത്തിട്ടില്ല. അദ്ധ്യാപികയ്ക്ക് മാനേജ്‌മെന്റിലുള്ള സ്വാധീനത്തിന് തെളിവായി ഇത് വിലയിരുത്തപ്പെടുന്നു. അതിനിടെ റോജി റോയിയുടെ മരണവുമായുള്ള വസ്തുത പുറത്തുവരുമെന്ന ഭയം കിംസ് മാനേജ്‌മെന്റിനുണ്ട്. ഇത് സ്റ്റാലിൻ ലെയ്‌സിനെ പോലുള്ളവർ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും വ്യജ റിക്രൂട്ട്‌മെന്റിൽ പൊലീസ് അന്വേഷണമോ അറസ്‌റ്റോ നടത്താത്തതിൽ വ്യാപക പ്രതിഷേധമാണുള്ളത്.

വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് കേന്ദ്രസർക്കാർ നിയമംമൂലം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഫലമില്ലെന്നും ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യാജ ലൈസൻസ് ഉപയോഗിച്ചാണെന്നും കഴിഞ്ഞ ദിവസം തെളിവുകൾ സഹിതമാണ് മറുനാടൻ വാർത്ത നൽകിയത്. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിനുള്ളിലും സജീവമാണെന്നാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റിന്റ് പ്രഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ ഫേസ്‌ബുക്കിൽ നടന്ന പ്രചരണത്തെ തുടർന്നുള്ള അന്വേഷണങ്ങൾ വ്യക്തമായിരുന്നു. ഇത്തരം ഏജൻസികൾക്ക് കാശ് നൽകിയാൽ അത് മുഴുൻ നഷ്ടമാകുമെന്നും പകൽപോലെ വ്യക്തം. കിംസ് നേഴ്‌സിങ് മാനേജരുടെ ഒത്താശയിൽ അഞ്ച് ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസായി ആവശ്യപ്പെട്ട് വിദേശത്തേക്ക് നേഴ്‌സുമാരെ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത സ്ഥാപനത്തിന്റെ ലൈസൻസ് വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

കിംസ് നേഴ്‌സിങ് സ്‌കൂളിലെ അദ്ധ്യാപികയെ പോലുള്ളവരുടെ ബന്ധം ഉപയോഗിച്ചാണ് പാവങ്ങളെ വില വീശിപിടിച്ച് ഇത്തരം സ്ഥാപനങ്ങൾ തട്ടിക്കുന്നത്. സമൂഹ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് തട്ടിപ്പിലേക്ക് ആളുകളെ വീഴ്‌ത്തുന്നത്. ഇതു സംബന്ധിച്ച് കിംസ് നേഴ്‌സിങ് കോളേജിലെ സ്റ്റാലിൻ ലെയ്‌സിന്റെ ദുരൂഹ നടപടികൾ കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ് സർക്കാർ ആശുപത്രിയിൽ ആളെ ആവശ്യമുണ്ടെന്നായിരുന്നു സ്റ്റാലിൻ ലെയ്‌സിന്റെ പോസ്റ്റ്. മെയ് ആറിനായിരുന്നു ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. ബിഎസ്എസി നേഴ്‌സിങ് ബിരുദമുള്ള മൂന്നവർശം എക്‌സ്പീരിയൻസുള്ളവർക്കാണ് സാധ്യതയെന്നാണ് പോസ്റ്റിട്ടത്. സ്‌കൈപ് വഴി അഭിമുഖ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ടവരുടെ സൈറ്റ് വിലാസം നൽകി. ഫോൺ നമ്പറുകളുമുണ്ടായിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇത്തരമൊരു പോസ്റ്റ് സ്റ്റാലിൻ ലെയ്‌സ് ഇട്ടത്.

ഈ ചതിക്കുഴിയിൽ നിരവധി പേർ വീണുവെന്നാണ് സൂചന. രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകി ജോലിക്ക് കൊണ്ടു പോകുമെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതനുസരിച്ച് പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചവരാണ് കുടുങ്ങിയത്. ഈ സ്ഥാപനത്തിനാണ് ലൈസൻസ് ഇല്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ നേഴ്‌സിങ് ജോലിക്ക് മാത്രമല്ല, മറ്റ് തൊഴിലുകൾക്കായും പാവപ്പെട്ട മലയാളികളെ ഈ സ്ഥാപനം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും വ്യക്തമായി. അന്യ സംസ്ഥാന ലോബിയും ഇത്തരം തട്ടിപ്പിൽ കേരളത്തിൽ സജീവമായി ഇടപെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. നേഴ്‌സിങ് സ്‌കൂളുകളെ സ്വാധീനിച്ച് അദ്ധ്യാപകരെ ഉപയോഗിച്ച് ചതിക്കുഴിയിലേക്ക് പാവപ്പെട്ടവരെ തള്ളിയിടുതയാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയിൽനിന്നുള്ള വിദേശ റിക്രൂട്ട്‌മെന്റുകൾക്ക് പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിന്റെ ക്ലിയറൻസ് വേണം, കേരളത്തിലാണെങ്കിൽ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത് നോർക്ക റൂട്ട്‌സും ഒഡിഇപിസിയുമായിരിക്കും. എന്നാൽ നേഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് സർക്കാർ ഏജൻസിയിലൂടെ മാത്രമേ കഴിയൂ. ഈ വർഷം മാർച്ച് മൂന്ന് മുതൽ ശേഷം സർക്കാർ അധീനതയിൽ ഉള്ള ഏജൻസി വഴി മാത്രമേ വിദേശത്തേക്ക് നേഴ്‌സ് മാർക്ക് ജോലി ലഭിക്കു എന്നും, വിദേശ മന്ദ്രലയത്തിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ എമിഗ്രമേഷൻ ആക്ട് പ്രകാരം നടപടി എടുക്കാം എന്നുമാണ് നിയമം. ഈ സാഹചര്യത്തിൽ മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിക്ക് വിദേശത്തേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കഴയില്ല. എന്നാൽ രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മറ്റ് ജോലികൾക്ക് ആളുകളെ റിക്രുട്ട് ചെയ്യാം.

എന്നാൽ ഒരു ജോലിക്കും വിദേശത്തേക്ക് ആളെ കൊണ്ടു പോകാനുള്ള യോഗ്യത മംഗലാപുരത്തുള്ള ബിഗ് ജോബ് കൺസൾട്ടന്റ്‌സ് എന്ന ഏജൻസിക്കില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്്. ഇതോടെയാണ് കിംസ് നേഴ്‌സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്റ്റാലിൻ ലെയ്‌സിന്റെ നേതൃത്വത്തിൽ നടന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ യാഥാർത്ഥ രൂപം പുറത്തുന്നത്.