കോഴിക്കോട്: കിനാലൂർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു പിന്നിലെ കഥകളുടെ ചുരുളഴിയുന്നു. നരിക്കുനി സ്വദേശി രാജന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. രാജന്റെ ഭാര്യയുമായുള്ള സഹോദരപുത്രന്റെ വഴിവിട്ട ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചത്.

സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞ പൊലീസ് കൊലപാതകത്തിൽ രാജന്റെ ഭാര്യയ്ക്ക് പങ്കുണ്ടെന്നും വ്യക്തമാക്കി. രാജന്റെ ഭാര്യയെ സ്വന്തമാക്കാൻ സഹോദര പുത്രൻ ശ്രമിച്ചതാണ് കൊലപാതകത്തിനു വഴിവച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രാജന്റെ ഭാര്യയും സഹോദരപുത്രനുമടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 21നാണ് മുഖം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കിനാലൂർ റബർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ വട്ടംചുറ്റിയ പൊലീസിനു സൈബർ സെല്ലാണ് നിർണായക വഴിത്തിരിവു നൽകിയത്. സംഭവസ്ഥലത്തെ ടവർ ലൊക്കേഷൻ പരിധിയിലുള്ള ഫോൺ നമ്പറുകളിൽ ഒന്ന് രാജന്റേതായിരുന്നു. വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ രാജൻ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ദിവസമായിട്ടും മടങ്ങി വരാതിരുന്നതിനെ പറ്റി അന്വേഷിച്ചില്ലേ എന്നു ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.

രാജന്റെ മൂത്ത സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ യുവാവും രാജന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ വേണ്ടി രാജനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവും കൂട്ടുകാരും രാജനെയും കൂട്ടി റബ്ബർ എസ്റ്റേറ്റിൽ മദ്യപിക്കാൻ പോയി. അവിടെ വച്ച് രാജന് മദ്യം നൽകിയശേഷം തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. അബോധവാസ്ഥയിലായ രാജനെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി ഇവർ കടന്നു കളഞ്ഞു. മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്നു മുക്കാൽ കിലോമീറ്റർ മാറി രക്തത്തുള്ളികളും മുളകുപൊടിയും കണ്ടെത്തിയിരുന്നു. മുഖം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.