- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റക്കാരനെന്ന വിധി പ്രതിക്കൂട്ടിൽ നിർവികാരതയോടെ കേട്ടു നിന്നു കിരൺ കുമാർ; ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അകമ്പടിയിൽ ജയിലിലേക്ക്; കോടതിക്ക് പുറത്ത് മാധ്യമങ്ങൾ വളഞ്ഞു ചോദ്യങ്ങൾ ഉന്നയിച്ചിട്ടും പ്രതികരിച്ചില്ല; വിസ്മയയുടെ ഭർത്താവിന് ഏഴു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ ഉറപ്പായി
കൊല്ലം: വിസ്മയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതി കിരൺ കുമാർ വീണ്ടു അഴിക്കുള്ളിലേക്ക് നീങ്ങുകാണ്. ഈ കേസിന്റെ തുടക്കം മുതൽ കിരൺകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നില്ല. സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയ സ്ത്രീധന മരണ കേസ് എന്ന നിലയിൽ വിസമയ കേസ് ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങളിലൂടെ വലിയ ചർച്ചകൾക്കും ഈ കേസ് ഇടയാക്കി. അതുകൊണ്ട് തന്നെ ഇന്ന് കേസിൽ പ്രതി കൂറ്റക്കാരനെന്ന് വിധിക്കുമ്പോൾ കോടതി നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളുടെ പട തന്നെ രാവിലെ മുതൽ കോടതി പരിസരത്തു ക്യാമ്പു ചെയ്തിരുന്നു.
വക്കീലന്മാർക്കൊപ്പം കോടതിയിൽ എത്തിയ കിരൺകുമാർ ആരോടും പ്രതികരിച്ചിരുന്നില്ല. എന്താകും വിധിയെന്ന് നേരത്തെ ഉറപ്പിച്ചെന്ന വണ്ണം മനസ്സിനെ പാകപ്പെടുത്തിയിരുന്നു എന്നാണ് വിധി കേട്ടപ്പോൾ ഉണ്ടായ ശരീരഭാഷയിൽ നിന്നും അനുമാനിക്കാനും. നിർവികാരതയോടെയാണ് കിരൺ പ്രതിക്കൂട്ടിൽ നിന്നും വിധി കേട്ടത്. ജാമ്യം റദ്ദാക്കി എന്ന് അറിഞ്ഞതോടെ കൂടുതൽ നിർവികാരമായിരുന്നു മുഖത്ത്. അതേസമയം വിധി കേട്ടിരുന്ന വിസ്മയയുടെ പിതാവ് അടക്കം സന്തോഷം പ്രകടിപ്പിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ വന്നു.
വിധി പ്രസ്താവനത്തിന് ശേഷം കൈയിൽ വിലങ്ങുവെച്ച് പൊലീസുകാരുടെ അകമ്പടിയോടെ കോടതിക്ക് പുറത്തേക്ക് വന്ന കിരണിനെ മാധ്യമങ്ങൾ ചുറ്റും വളഞ്ഞിരുന്നു. കോടതി വിധിയോട് എന്തു പ്രതികരിക്കാനുണ്ട് എന്ന് മാധ്യമ പ്രവർത്തകർ വിളിച്ചു ചോദിച്ചു. എന്നിട്ടും ഒന്നും പ്രതികരിക്കാൻ യുവാവ് തയ്യാറായില്ല. ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ വീണ്ടും അഴിയെണ്ണേണ്ടിയും വരും.
ഏഴുവർഷത്തിൽ കുറയാത്ത ജയിൽശിക്ഷ ഇതോടെ കിരണിന് ഉറപ്പായി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരൺ കുമാറും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കിരൺ കുമാറിനെതിരെ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാർഹിക പീഡനം) എന്നിവയാണ് കിരൺ കുമാറിനെതിരെ തെളിഞ്ഞത്. നീതി ലഭിച്ചെന്ന് വിസ്മയയുടെ കുടുംബം. നിറകണ്ണുകളോടെയാണ് മാതാപിതാക്കൾ വിധി കേട്ടത്. മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ കൂടെയുണ്ടെന്ന് സി എം പറഞ്ഞിരുന്നു. ആ ബലം ആണ് ഇന്നും എനിക്കുള്ളത്. നാളത്തെ വിധി എന്ന് പറയുന്നത് സമൂഹത്തിനുള്ള സന്ദേശമാണ്.' അദ്ദേഹം പറഞ്ഞു.വിധി കേൾക്കാൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയിരുന്നു. വിസ്മയയുടെ അമ്മ വീട്ടിലിരുന്നാണ് വാർത്തയറിഞ്ഞത്. ഒപ്പം നിന്ന എല്ലാവർക്കും അവർ നന്ദി പറഞ്ഞു. കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഈ വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ജൂൺ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ