കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കിണവക്കലിൽ സ്ഥിതി ചെയ്യുന്ന കല്ലൂ കഫേ 120 വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ ഒരു ഹോട്ടൽ ആണ്. പല പ്രമുഖ വ്യക്തികളും വന്ന ഈ ഹോട്ടലിൽ എല്ലാവർക്കും ഇഷ്ടഭക്ഷണം അവലും ശർക്കരയും തേങ്ങ ചിരകിയതും റോബസ്റ്റ പഴവും ആണ്. ഇന്ന് ഈ കട നടത്തുന്നത് 85 വയസ്സോളം പ്രായമുള്ള നാണു ഏട്ടനും മകൻ സായ് രാജും ചേർന്നാണ്. നാണുവേട്ടന് പ്രായത്തിന്റെതായ ക്ഷീണം ഇപ്പോഴുണ്ട്. 1950 നു ശേഷം കൂടിയതാണ് നാണുവേട്ടൻ ഈ കടയിൽ. കൂടെ ഉള്ളവരൊക്കെ മരിച്ചു പോയപ്പോഴും നാണു ഏട്ടൻ ഈ കട ഏറ്റെടുത്തു നടത്തി.

നാല് സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള അമ്പലത്തിൽ പോകവേ എസ് കെ പൊറ്റക്കാട് വിശന്നപ്പോൾ അവിടേക്ക് കയറിയത് ആണത്രേ. എന്താണുള്ളത് കഴിക്കാൻ എന്ന് ചോദിച്ചപ്പോൾ അവലും പഴവും ആണ് പ്രധാനം എന്നു പറഞ്ഞു. എസ് കെ പൊറ്റക്കാട് കൂട്ടരും അത് വാങ്ങി കഴിച്ചു. കഴിച്ചശേഷം പണം ചോദിച്ചപ്പോൾ വളരെ തുച്ഛമായ ഒരു സംഖ്യയാണ് നാണുവേട്ടൻ പറഞ്ഞത്. ഇത്രയും ചെറിയ പണത്തിന് നിങ്ങൾക്ക് എങ്ങനെ ഇതു മുതലാവുന്നു എന്ന് എസ് കെ പൊറ്റക്കാട് ചോദിച്ചത് നാണുവേട്ടൻ ഇന്നും ഓർമിക്കുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു സുഹൃത്ത് കടയിൽ വന്നപ്പോൾ എസ് കെ പൊറ്റക്കാടിന്റെ ഒരു പുസ്തകത്തിൽ അദ്ദേഹം ഈ അവലും പഴവും കിട്ടുന്ന ഹോട്ടലിനെ കുറിച്ച് എഴുയിട്ടുണ്ട് എന്ന് പറഞ്ഞു അത്രേ.

നാണുവേട്ടന്റെ ഭാര്യയുടെ ഒപ്പം സ്‌കൂളിൽ പഠിച്ചതാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് ക്ലാസ്സിൽ വികൃതി കാണിക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അത്രേ പിണറായി വിജയൻ. അന്നത്തെ അദ്ദേഹത്തിന്റെ വികൃതി കാരണം സ്‌കൂളിലെ അദ്ധ്യാപകൻ പറയുമായിരുന്നു അത്രേ വിജയൻ ഇവിടെ മുഖ്യൻ ആണല്ലോ എന്ന്. അദ്ധ്യാപകന്റെ ആ വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായി മാറി. മുഖ്യമന്ത്രി ആവുന്നതിനു മുൻപേ ഒത്തിരി വട്ടം അദ്ദേഹം കല്ലു കഫെയിൽ ഭക്ഷണം കഴിക്കാനായി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവും കല്ലു കഫീൽ സ്ഥിരമായി പണ്ടുകാലത്ത് വരുന്ന ഒരാളായിരുന്നു എന്നും നാണുവേട്ടൻ പറയുന്നു.

ഇഎംഎസ് അവസാനകാലത്ത് കല്ലു കഫേയിലെ നിത്യസന്ദർശകനായിരുന്നു. ഈയടുത്തകാലത്ത് സത്യൻഅന്തിക്കാട് വന്നതും നാണുവേട്ടൻ ഓർത്തെടുത്തു. 'വലിയ ഒരു കാറിൽ നിന്ന് ഒരാൾ ഇറങ്ങി കടയിലേക്ക് വന്നു. അപ്പോൾ അവിടെ രണ്ടു മൂന്നു പത്രക്കാർ ഉണ്ടായിരുന്നു. അവർ ആ കാറിൽ നിന്ന് വരുന്ന ആളെ പെട്ടെന്ന് മനസ്സിലാക്കി സത്യൻ അന്തിക്കാട് ആയിരുന്നു അത്. മൂകാംബിക ദർശനം കഴിഞ്ഞു വരുന്ന വഴി സുഹൃത്ത് പറഞ്ഞതനുസരിച്ച് കല്ലു കഅബയിലെ ഭക്ഷണം രുചിക്കായി കയറിയതായിരുന്നു അദ്ദേഹം'.

നാണുഏട്ടന്റെ വല്യച്ഛൻ തുടങ്ങിയ സ്ഥാപനമാണ് കല്ലൂ കഫേ. അവലും മലരും കച്ചവടക്കാരനായ അദ്ദേഹം ആ വഴി പോയപ്പോൾ അവിടെ ഒരു കട കണ്ടു അതിനു മുന്നിലായി ഇരുന്നു കച്ചവടം ചെയ്യാൻ തുടങ്ങി പിന്നീട് ഒരു കടപ്പാട് എടുത്തു കച്ചവടം ചെയ്യാൻ തുടങ്ങി. 1896ഇൽ ആണ് കല്ലു കഫെ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. വെറും ഒരു വാടക മുടി മാത്രമായിരുന്നു കല്ലു കഫെ ആയതു പിന്നീടാണ്. വല്യച്ചൻ പലരും ഏറ്റെടുത്തു നടത്തിയെങ്കിലും അവരൊക്കെ കട നടത്താതെയായി. പിന്നീടാണ് കല്ലു എന്നു പറയുന്ന ആൾ കട ഏറ്റെടുത്തു നടത്തിയത് അദ്ദേഹത്തിന് സഹായത്തിനായി നാണു ഏട്ടനും 1950ഇൽ കൂടി.

കോവിഡ് കല്ലു കഫേയിലെ കച്ചവടത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. അവിലും പഴവും നൽകുന്നതിനൊപ്പം ഇവിടെ നിന്ന് ലഭിക്കുന്ന ശർക്കര കാപ്പിയും ഏറെ പേരുകേട്ട ഒന്നാണ്. ഉലുവ ശർക്കര കാപ്പിയോടൊപ്പം ചേർക്കുന്നത് പ്രമേഹ രോഗം വരാതിരിക്കാൻ നല്ലതാണത്രെ അതിനാൾ ഇവിടുള്ള ശർക്കര കാപ്പിയിൽ ഉലുവ ഇട്ടാണ് കൊടുക്കാറ്.

ഇതൊക്കെ പുറമേ രാവിലെ പുട്ടും കടലയും കഴിക്കാനായി അടുത്തുള്ള പ്രദേശവാസികൾ ഇവിടെ വരാറുണ്ട് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളും ഇവിടത്തെ സ്ഥിരം പതിവുകാരാണ്. സാധാരണങ്ങളിൽ സാധാരണമായ ഭക്ഷണം ലഭിക്കുന്ന ഇത്തരത്തിലുള്ള കടകൾ ഇന്ന് വളരെ കുറവാണ്. ഇത്രത്തോളം വർഷം പഴക്കമുള്ള ഒരു ഹോട്ടൽ കേരളത്തിൽ തന്നെ അത്യപൂർവമാണ്. ആയതിനാൽ കല്ലൂ കഫേ പോലുള്ള കടകളുടെ പ്രസക്തി ഇന്നത്തെ കാലത്ത് വളരെ വലുതാണ്.