മെൽബൺ: രാജ്യത്തെ ഒട്ടു മിക്ക കിന്റർഗാർട്ടൻ സ്‌കൂളുകളിലേയും കുട്ടികളുടെ ആരോഗ്യം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. മിക്ക കുട്ടികളും കിന്റർഗാർട്ടനുകളിൽ താമസിച്ചാണ് എത്തുന്നതെന്നും ശരിയായ രീതിയിൽ വസ്ത്രധാരണം നടത്താതെയും ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെയുമാണ് വളരുന്നതെന്നാണ് ഓസ്‌ട്രേലിയൻ ഏർലി ഡെവലപ്‌മെന്റ് സെൻസസ് വ്യക്തമാക്കുന്നത്. വിശപ്പും അമിത ക്ഷീണവും മൂലമാണ് ഇത്തരത്തിൽ മുമ്പത്തെക്കാൾ കുട്ടികളുടെ ആരോഗ്യം മോശമാകുന്നതെന്നും വ്യക്തമാകുന്നു.

കഴിഞ്ഞ ആറു വർഷമായി ഇത്തരത്തിൽ കിന്റർഗാർട്ടൻ കുട്ടികളുടെ ശാരീരികാരോഗ്യത്തിലും മാനസികോല്ലാസത്തിലും ഒട്ടേറെ മാറ്റം വന്നുവെന്നാണ് കണ്ടെത്തൽ. അഞ്ചു വയസുള്ള 27,000-ത്തോളം കുട്ടികൾ തങ്ങളുടെ സ്‌കൂൾ ദിനങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. മോശം സോഷ്യൽ സ്‌കില്ലുമായാണ് കിന്റർഗാർട്ടൻ കുട്ടികൾ വളർന്നു വരുന്നതെന്നും സെൻസസിൽ വ്യക്തമാക്കുന്നു.

പത്തു ശതമാനത്തോളം കുട്ടികൾ മറ്റു കുട്ടികളുടെയത്ര ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലെന്നും ടീച്ചർമാരെ ബഹുമാനിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നുമാണ് വ്യക്തമായിട്ടുള്ളത്. അതേസമയം ഭാഷാ പ്രാവീണ്യം, പൊതുവിജ്ഞാനം, ആശയവിനിമയം തുടങ്ങിയ കാര്യങ്ങളിൽ 2009-നെക്കാൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും സെൻസസിൽ വെളിപ്പെട്ടിട്ടുണ്ട്.