കൊച്ചി: നാളെ രാത്രി ചെന്നൈക്ക് പോവും . കയ്യിൽ അധികം ഒന്നും ഇല്ല . ആരോഗ്യവും പൂർണമായും സുഖപ്പെട്ടില്ല . പക്ഷെ വെറുതെ വീട്ടിലിരിക്കാൻ തോന്നുന്നില്ല. ഒന്നുമല്ലെങ്കിൽ കുറച്ചു നാൾ അവരോടൊപ്പം ഉറങ്ങാതെ പട്ടിണി ഇരിക്കാമല്ലോ .... വല്ലാത്ത ഒരവസ്ഥയാണ് ഉറങ്ങാൻ കൂടി കഴിയാതെ പട്ടിണി ഇരിക്കുക എന്നത്. ഒന്നോർക്കണം , നമ്മൾ കഴിക്കുന്ന ഓരോ അരി മണിയിലും അതിനു വേണ്ടി പണിയെടുത്ത തമിഴന്റെ മക്കളുടെ വിശപ്പ് വാ പോളിക്കുന്നുണ്ട്-ജാതിയും മതത്തിന്റേയും പേരിൽ സമൂഹത്തെ തമ്മിലടിക്കാൻ ശ്രമിക്കുന്നവർക്ക് എന്തുകൊണ്ട് ഈ വാക്കുകളെ ഉൾക്കൊള്ളാനാകുന്നില്ല.

കിങ് ജോൺസിന് ദുരന്തങ്ങളെ പറ്റ് കേട്ടാൽ വെറുതെ ഇരിക്കാനാകില്ല. ഈ മനുഷ്യൻ ഈ സാമൂഹിക സേവനത്തിന് നേതൃത്വം നൽകുമ്പോൾ പിന്തുണയുമായി വിദ്യാർത്ഥികളും ക്ലബ്ബുകളും സാമൂഹിക സംഘടനകളുമൊക്കെ ഒപ്പം കൂടുന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ ദുരന്ത ചിത്രം നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ജോൺസ്. രണ്ടാഴ്ച മുമ്പ് വരെ ഇവിടെ ദുരിതാശ്വാസത്തിൽ സജീവമായിരുന്നു ഈ മലയാളി. എന്നാൽ രോഗമെത്തിയപ്പോൾ നാട്ടിലേക്ക് മടങ്ങി. അതിനിടെയാണ് നിലയ്ക്കാത്ത മഴ ചെന്നൈയിൽ ദുരന്തം വിതച്ചത്. ഇതോടെ ഈ മലയാളിക്ക് ഉറക്കമില്ലാതെയായി. അയൽ സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവർക്കൊപ്പം ചേരാൻ വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9645562326 ഈ നമ്പറിൽ ജോൺസിനെ ബന്ധപ്പെടാം.

കോട്ടയം ചങ്ങനാശ്ശേരിക്കാരനാണ് ജോൺസ്. ജേർണലിസം പഠിച്ച ശേഷം തെഹൽക്കയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി നോക്കി. അതിന് ശേഷം പത്രപ്രവർത്തനം വിട്ട് ഷെയർ ട്രെഡിങ്ങിലെത്തി ഈ മുപ്പതുകാരൻ. അതിനിടെയാണ് മനുഷ്യ വേദനകൾ മനസ്സിലാക്കിയുള്ള സാമൂഹിക പ്രവർത്തനം തുടങ്ങുന്നത്. നവമാദ്ധ്യമങ്ങളെ സാഹിത്യ പ്രവർത്തനത്തിന് മാറ്റുകൂട്ടാൻ പേരിന് മുമ്പിൽ കിങ് എന്നു കൂടി കൂട്ടി. അങ്ങനെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവുമായി ഓടിയെത്തുന്ന കിങ് ജോൺസായി ഈ യുവാവ് മാറി. ചെന്നൈയിലും ഓടിയെത്തുന്നു.

പക്ഷേ ചെന്നൈയിലേക്ക് പോകാനൊരുങ്ങുമ്പോൾ ചില വേദനകൾ ഈ മലയാളിക്കുണ്ട്. അതും ഫെയ്‌സ് ബുക്കിലൂടെ ലോകത്തെ അറിയിക്കുകയാണ് അദ്ദേഹം. തമിഴരെ സഹായിക്കില്ല എന്ന് ചിലർ എന്നോട് മുഖത്തടിച്ച പോലെ മറുപടി പറഞ്ഞു . മുൻപെല്ലാം ആവേശത്തോടെ കൂടെ നിന്നവരാണ് എന്നോർക്കുമ്പോൾ നേരിയ സങ്കടം ഉണ്ട് . എങ്കിലും മലയാളികളെ സഹായിക്കുന്നതിലും ഇനി മേൽ അവരുടെ സഹായം ആവശ്യം ഇല്ല എന്നാണ് നിലപാട്. ഇനി ഇതൊക്കെ ഉപേക്ഷിക്കേണ്ടി വന്നാലും എനിക്ക് ദുഃഖമില്ല , കാരണം ഒരു വ്യക്തി എന്ന നിലയിൽ കഴിയുന്നതിൽ പരമാവധി ചെയ്തു കഴിഞ്ഞു. നമ്മൾ ക്യാംപൈനുകളുടെ പേരിൽ അമിത ഭാരം എടുക്കുന്നുണ്ടോ ? ചെന്നൈയിൽ സഹായം എത്തിക്കുന്നതിന് അനുകൂല മറുപടി ലഭിക്കുന്നില്ല . എത്രത്തോളം സാധ്യമാകും എന്ന് തോന്നുന്നില്ല . വെറും അയ്യായിരം സുഹൃത്തുക്കളിൽ മാത്രം നിന്നുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി ക്യാംപൈനുകൾ നടത്തുന്നത് . ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിക്കുമ്പോഴും , ആ അയ്യായിരം പേരിൽ നിന്ന് എന്നതിന് ഒരു മാറ്റവും സാധ്യമല്ല . നമ്മൾ മാക്‌സിമം ലിമിറ്റ് എത്തിയോ ? ചെന്നൈ പ്ലാൻ ഉപേക്ഷിക്കേണ്ടി വരുമോ ? - ഈ യുവാവ് ചോദിക്കുകയാണ്.

നാളെ രാവിലെ ആറു മണിമുതൽ ഈ യുവാവ് എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിലുണ്ടാകും. ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിമനുഭവിക്കുന്ന ആയിരക്കണക്കിന് പേരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും റെയിൽവേ സ്റ്റേഷനിൽ എത്തിക്കാം അതുമായി ജോൺസ് നാളെ വൈകിട്ട് ചെന്നൈയിലേക്ക് പോകും. മടങ്ങിയത്തി വീണ്ടും ആഹാരവും വസ്ത്രവും ശേഖരിച്ച് മടങ്ങും. ചെന്നൈയിൽ മഴ തുടങ്ങിയിട്ട് ഒരു മാസമായി. അപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെട്ടു. സഹായവും ദുരിതാശ്വാസവുമായി മുന്നേറുകയും ചെയ്തു. അതിനിടെയിലാണ് അസുഖമെത്തി മടങ്ങേണ്ടി വന്നത്.

എല്ലാ പ്രവർത്തനത്തിനും ജോൺസണിന്റെ സഹായിക്കുന്നത് സോഷ്യൽ മിഡിയയാണ്. ഫെയ്‌സ് ബുക്ക് തന്നെയാണ് പ്രധാന പ്രചണ മാദ്ധ്യമം. ഇതിന്റെ സാധ്യതകൾ തന്നെയാണ് പാവപ്പെട്ടവർക്ക് ഒരു കൈ സഹായമെത്തിക്കാൻ ജോൺസിന് തുണയാകുന്നത്. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവ മാദ്ധ്യമങ്ങളുടെ സാധ്യതകൾ ജോൺസ് തിരിച്ചറിയുന്നത് അപ്രതീക്ഷിതമായാണ്. രാഷ്ട്രീയവും കവിതകളുമായി നവമാദ്ധ്യമങ്ങളിൽ നിറഞ്ഞ ഈ യുവാവന്റെ ജീവിത ദൗത്യം മാറ്റിയത് ഒരു ഫോൺ കോൾ മാത്രമാണ്. ഇതോടെ സൗഹൃദ കൂട്ടായ്മയിലൂടെ അശരണരെ സഹായിക്കുകയെന്ന ദൗത്യം ജോൺസ് ഏറ്റെടുത്തു.

2014 നവംബറിലായിരുന്നു ആ കോൾ.. അതിനെ ജോൺസ് ഓർത്തെടുക്കുന്നത് ഇങ്ങനെ- രാഷ്ട്രീയവും സാഹിത്യവുമായിരുന്നു സോഷ്യൽ മീഡിയയിൽ താൻ ചർച്ച ചെയ്തത്. അതിനിടെയിൽ ഒരു ഫോൺ കോൾ എത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള കുട്ടിയുടെ അച്ഛനായിരുന്നു അത്. കുട്ടിയുടെ കാര്യത്തെ കുറിച്ച് പോസ്റ്റിട്ട് സഹായം എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് പോസ്റ്റിട്ടു. ദിവസങ്ങൾക്കുള്ളിൽ 80,000ത്തോളം രൂപ ആ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടിലെത്തി. ഇതോടെ നവമാദ്ധ്യമങ്ങളുടെ സാധ്യതയും തിരിച്ചറിഞ്ഞു. പിന്നീട് രാഷ്ട്രീയവും കവിതയുമെല്ലാം മാറി. ഏതാണ്ട് ഭിന്ന ശേഷിക്കാരായ നാലോളം കുട്ടികളെ വീണ്ടും ഫെയ്‌സ് ബുക്കിലൂടെ സഹായിച്ചു.

അത്തരം കുട്ടികളെ സഹായിക്കുന്നതിന് ഫേസ്‌ബുക്കിലൂടെ നിരവധി സഹായങ്ങൾ ഒഴുകിയെത്തി. അപ്പോഴാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടാകുന്നത്. ദുരതി ബാധിതർക്ക് വസ്ത്രം എത്തിക്കാനായിരുന്നു പദ്ധതി. സോഷ്യൽ മീഡിയയിലൂടെ അപേക്ഷയിട്ടു. സഹായങ്ങൾ ഒഴുകി. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾ ഇത് ഏറ്റെടുത്തു. 500 കിലോ വസ്ത്രങ്ങൾ ശേഖരിക്കാനായിരുന്നു പരിപാടി. എന്നാൽ സുമനസ്സുകളുടെ സഹായത്തോടെ അത് 1700 കിലോ ആയി. എയർ കാർഗോ വഴി അയയ്ക്കാൻ പറ്റില്ലെന്നായപ്പോൾ തീവണ്ടിയിൽ അതിനെ ഗോരഖ്പൂറിലെത്തിച്ചു. അവിടെ നിന്ന് സാഹസികമായി നേപ്പാളിലും. അവിടെ കണ്ട കാഴ്ചകൾ കരളലിയിക്കുന്നതായി. അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചു. പിന്നെ എവിടെ ദുരന്തമുണ്ടായാലും സാധനങ്ങൾ ശേഖരിച്ച് അങ്ങോട്ട് പോയി. ഇതിനൊപ്പം അശരണരേയും സഹായിച്ചു.

എല്ലാ ജില്ലകളിലും ഇന്ന് ജോൺസിനെ സഹായിക്കാൻ കൂട്ടായ്മകളുണ്ട്. സാധനങ്ങൾ കളക്റ്റ് ചെയ്ത് ഇവർ ജോൺസിന് എത്തിക്കും. നാളെയും ഇത്തരത്തിൽ നിരവധി പേർ സഹായവുമായി എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. 140 കുടുംബങ്ങൾ സ്ഥിരമായി സഹായിക്കുന്നു. എല്ലാ മാസവും ഈ കൂട്ടായ്മയുടെ കരുത്തിൽ അശരണരെ സഹായിക്കാൻ ജോൺസിന് കഴിയുന്നു. ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസമെത്തിക്കാൻ ഇവരെല്ലാം എത്തുമെന്ന് ജോൺസിന് ഉറപ്പുണ്ട്. ഈ വിശ്വാസക്കരുത്തിലാണ് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് ജോൺസ് തയ്യാറെടുക്കുന്നതും.