ക്വാലലംപൂർ: ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ കിം ജോങ് നാമിനെ മാരകമായ വിഎക്‌സ് എന്ന രാസായുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇത് മുഖത്തുതേച്ചതോടെ കാൽ മണിക്കൂറിനകം അദ്ദേഹം മരിച്ചുവെന്നും റിപ്പോർട്ടുകൾ. യുദ്ധത്തിലും മറ്റും ഉപയോഗിക്കുന്ന രാസായുധമാണ് വിഎക്‌സ് എന്ന കൊടുംവിഷം. ഇത് ശരീരത്തിന് അകത്തെത്തിയാൽ അത്യന്തം വേദനയേറിയ മരണമാണ് സംഭവിക്കുക. നാഡീവ്യവസ്ഥയേയും ഹൃദയത്തേയും ശ്വാസകോശത്തേയുമെല്ലാം ഞൊടിയിടയിൽ ബാധിക്കുന്ന വിഷവസ്തുവാണിത്.

യുദ്ധരംഗങ്ങളിൽ വലിയതോതിൽ എതിരാളികളെ കൊന്നൊടുക്കാൻ ഉപയോഗിക്കുന്ന ഈ വിഷം തന്നെയാണ് പ്രയോഗിച്ചതെന്നും അക്രമികൾ ഇത് മുഖത്ത് പുരട്ടിയതിനെ തുടർന്ന് 15-20 മിനിറ്റിനകം കിം ജോങ് നാം കൊല്ലപ്പെട്ടെന്നു മലേഷ്യൻ ആരോഗ്യമന്ത്രി സുബ്രഹ്മണ്യം സദാശിവം തന്നെ വ്യക്തമാക്കി.

ഫെബ്രുവരി 13 നാണ് കിം ജോങ് നാം മലേഷ്യൻ വിമാനത്താവളത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഉത്തരകൊറിയൻ അധികൃതർക്ക് പങ്കുണ്ടെന്നും കിം ജോങ് തന്നെയാണ് തന്റെ അർദ്ധസഹോദരനെ കൊലപ്പെടുത്താൻ രണ്ട് ചാരയുവതികളെ അയച്ചതെന്നും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്ത പക്ഷം ഉത്തര കൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥന് അറസ്റ്റ് വാറന്റ് നൽകുമെന്നു മലേഷ്യ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നാമിനെ ഉത്തര കൊറിയൻ ചാരസംഘടന ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണു നിഗമനം.

ദ്രവാവസ്ഥയിലുള്ള 'വിഎക്‌സ്' കൈകളിൽ പുരട്ടിയശേഷം യുവതികൾ നാമിന്റെ മുഖത്തു തേയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവർപോലും അറിയാതെ ജോങ് നാമിന്റെ മുഖത്ത് വിഷം പുരട്ടാൻ യുവതികളെ ഉപയോഗിക്കുകയായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. തങ്ങളുടെ പ്രവൃത്തി ആക്രമണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇങ്ങനെ ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നുമാണ് പിടിയിലായ യുവതികൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

ദ്രവരൂപത്തിലുള്ള പദാർഥം നാമിന്റെ മുഖത്തു പുരട്ടിക്കഴിഞ്ഞാലുടൻ കൈകൾ കഴുകണമെന്നു നിർദേശമുണ്ടായിരുന്നതായും യുവതികൾ മൊഴി നൽകിയിരുന്നു. കൊടിയ വിഷമാണ് കൈകളിൽ പുരട്ടിയതെന്ന് അറിയാതെയാണ് ഈ യുവതികളും ആക്രമണത്തിൽ പങ്കെടുത്തതെന്ന സംശയമാണ് ഇതോടെ ഉയർന്നത്. ഒരുപക്ഷെ ഇവരും വിഷം ബാധിച്ച് മരിച്ചിരുന്നെങ്കിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടേനെയെന്ന് ഇവരെ നിയോഗിച്ചവർ പ്രതീക്ഷിച്ചിരുന്നിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. യുദ്ധരംഗത്ത് വലിയതോതിൽ കൂട്ടക്കൊല നടത്താനാണ് വിഎക്‌സ് ഉപയോഗിക്കുന്നത്.