രു വിമാനത്തിൽ കൊള്ളാത്തത്ര ലഗേജുകളും രണ്ട് സൂപ്പർകാറുകളും എലിവേറ്ററും അടക്കം 506 ടൺ ലഗേജുകളും 620 സഹായികളുമായി സൗദിയിലെ സൽമാൻ രാജാവ് ഒമ്പത് ദിവസത്തെ ഇന്തോനേഷ്യൻ സന്ദർശനത്തിനെത്തിയത് വൻ വാർത്തയായിരുന്നു. എന്നാൽ അതിനെ തുടർന്ന് ജപ്പാൻ സന്ദർശിക്കാൻ അദ്ദേഹമെത്തുമ്പോൾ അതിനേക്കാൾ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. സ്വർണത്തിൽ തീർത്ത എസ്‌കലേറ്ററും നൂറിൽ അധികം ലിമോസിനുകളും 1200 അത്യാഢംബര മുറികളുമാണ് അദ്ദേഹത്തെ ജപ്പാനിൽ കാത്തിരിക്കുന്നത്. ഇതിന് പുറമെ 1000ത്തോളം അനുചരവൃന്ദത്തോടൊപ്പമാണ് രാജാവ് ജപ്പാനിലെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഇന്തോനേഷ്യയിൽ നിന്നും മടങ്ങിയ രാജാവിന് ജപ്പാനിലെത്തിയപ്പോൾ രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

50 വർഷങ്ങൾക്കിടെ ജപ്പാൻ സന്ദർശിക്കുന്ന ആദ്യ സൗദിരാജാവാണ് സൽമാൻ. 81കാരനായ രാജാവിനെ സ്വീകരിക്കാൻ ജപ്പാനിലെ കിരീടാവകാശിയായ രാജകുമാരൻ നറുഹിറ്റോ, ഹനേഡ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ന് രാജാവ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയെ സന്ദർശിക്കുന്നതാണ്. നാളെ രാജാവ് ജപ്പാൻ ചക്രവർത്തി അകിഹിറ്റോയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനിലെത്തുമ്പോൾ തനിക്ക് സ്വർണ എലിവേറ്ററുകളും നൂറിലധികം ലിമോസിനുകൾ അകമ്പടി സേവിക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെടുകയായിരുന്നു. തന്റെ ആഡംബര യാത്രാ നിലവാരം കാത്ത ്സൂക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഡിമാൻഡ്.

ബുധനാഴ്ച വരെ രാജാവും സംഘവും ജപ്പാനിൽ കഴിയുന്നത് പ്രമാണിച്ച് ടോക്കിയോവിലെ ആഡംബര ഹോട്ടലുകളിലാണ് 1200ഓളം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. ജപ്പാനിലേക്ക് ഏറ്റവും കൂടുതൽ എണ്ണം വിതരണം ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രാജാവിന്റെ സന്ദർശനത്തോടെ വികസിപ്പിക്കാനാകുമെന്നാണ് ജപ്പാൻ പ്രതീക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇത് പരിപോഷിപ്പിക്കുമെന്നും ജപ്പാൻ പ്രതീക്ഷിക്കുന്നു. ഇതിന് മുമ്പ് കിരീടാവകാശിയെന്ന നിലയിൽ 2014ൽ സൽമാൻ ജപ്പാനിലെത്തിയിരുന്നു.

ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ തനിക്കായി പ്രത്യേക ടോയ്ലറ്റ് മോസ്‌കിൽ പണിയണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സിൽ പരമ്പരാഗത ഇരിപ്പിടം സജ്ജമാക്കാനും രാജാവ് നിർബന്ധം പിടിച്ചിരുന്നു. ഇന്തോനേഷ്യയിൽ രാജാവിന്റെ സംരക്ഷണത്തിന് 100സെക്യൂരിറ്റിക്കാരാണ് വലയം ചെയ്തിരുന്നത്. ഇതിന് പുറമെ 10,000 ഇന്തോനേഷ്യൻ പൊലീസ് ഓഫീസർമാരെയും വിന്യസിച്ചിരുന്നു. 800ഡെലിഗേറ്റുകൾ സൗദിയിൽ നിന്നും രാജാവിനെ അനുഗമിച്ചിരുന്നു.

ഒരു മാസം നീണ്ട് നിൽക്കുന്ന ഏഷ്യ പര്യടനത്തിന്റെ ഭാഗമായിട്ടാണ് രാജാവ് ജപ്പാനിലെത്തിയത്. ഇതിന് മുമ്പ് ഇന്തോനേഷ്യയ്ക്ക് പുറമ മലേഷ്യയും അദ്ദേഹം സന്ദർശിച്ചിരുന്നു. ജപ്പാന് ശേഷം ചൈനയിലും മാലിദ്വീപിലുമായിരിക്കും രാജാവ് എത്തുന്നത്.