രാജ്യത്ത് റമ്ദാൻ മാസത്തിന് തുടക്കമിടാൻ കാത്തിരിക്കെ കർശന നിർദ്ദേശങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. റമദാൻ മാസം ലക്ഷ്യമാക്കി സംഭാവനകൾ പിരിക്കുന്നതിന് സൗദിയിലെത്തിയ വിദേശികളെ നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട മുന്നറിയിപ്പുകളിൽ ഒന്ന്. സ്വദേശികൾക്കും വിദേശികൾക്ക് രാജ്യത്ത് യാതൊരു വിധ സംഭാവന ശേഖരിക്കുന്നതിനും അവകാശമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ വ്യക്തികൾ സംഭാവന പിരിക്കുന്നതിന് സൗദി അറേബ്യയിൽ വിലക്ക് നിലവിലുണ്ട്. സംഭാവന ശേഖരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയും ശിക്ഷാ നടപടികൾക്ക് വിധേയരാക്കി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംഭാവനകൾ ശേഖരിക്കുന്നതിനും ദാന ധർമ്മങ്ങൾ സമാഹരിക്കുന്നതിനും സർക്കാർ ഔദ്യോഗിക ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇവരിലൂടെ മാത്രമേ സംഭാവന നൽകാൻപാടുള്ളൂവെന്ന് മന്ത്രാലയം രാജ്യത്തെ സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു. സാമ്പത്തിക സഹായങ്ങൾ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ കുറ്റകൃത്യമായി മാറാൻ ഇടയുള്ളത് ജാഗ്രതയോടെയാണ് മന്ത്രാലയം നിരീക്ഷിക്കുന്നത്.അതേസമയം, വിദേശികൾ വിസിറ്റിങ് വിസകളിലും ഉംറ വിസകളിലും രാജ്യത്തെത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പ്രാദേശികമായി ഇത്തരക്കാർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമ വിരുദ്ധമായി പിരിവ് നടത്തുന്നവരെ സംബന്ധിച്ച് പൊലീസ്, കാൾ ആൻഡ് ഗൈഡൻസ് സെന്റർ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ അറിയിക്കണമെന്ന്
മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

പള്ളികളിലും പള്ളികൾക്കു സമീപമുള്ള ടെന്റുകളിലും നോമ്പുതുറ സംഘടിപ്പിക്കുന്നിതിന് മുൻകൂർ അനുവാദം വാങ്ങാതെ പണം പിരിക്കരുതെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പള്ളികളിൽ നടക്കുന്ന നോമ്പുതുറയുടെ പൂ ർണ ഉത്തവരാദിത്തം ഇമാമുമാർക്ക് ആണ്. പള്ളികളിലും ടെന്റുകളിലുമുള്ള നോമ്പുതുറക്കുള്ള ഭക്ഷണം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതാവണം. നോമ്പുതുറക്കുമ്പോൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ മിതത്വം പാലിക്കണം. പള്ളികളിൽ വിദേശ പണ്ഡിതന്മാരുടെ പ്രാഭാഷണങ്ങൾക്കു മുൻകൂർ അനുവാദം ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

റമദാൻ വ്രതം കണക്കിലെടുത്ത് സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി സമയം ദിവസത്തിൽ ആറ് മണിക്കൂർ മാത്രമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി തൊഴിൽ നിയമം 98ാം വകുപ്പ് പ്രകാരം ആഴ്ചയിൽ 36 മണിക്കൂറോ ദിവസത്തിൽ ആറു മണിക്കൂറോ ആയി തൊഴിലുടമകൾക്ക് റമദാനിലെ ജോലി സമയം ക്രമീകരിക്കാവുന്നതാണെന്ന് മന്ത്രാലയ വക്താവ് തൈസീർ അൽ മുഫ്‌രിജ് അറിയിച്ചു.