കൊച്ചി: ഇന്തോ-ബംഗ്ലാ അതിർത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവൻ ബിഷു ഷെയ്ക്കിനെ കൊച്ചിയിൽ നിന്നുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്തു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാൻഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വൻകള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്.

സദാ അംഗരക്ഷകരുടെ കാവലിൽ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊൽക്കത്തയിൽ വെച്ച് സാഹസികമായാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്ന പ്രതിയാണിയാൾ. ദാവൂദ് ഇബ്രാഹിം സംഘാഗമാണ് ഇയാൾ. തീവ്രവാദ സംഘങ്ങളുമായും ബന്ധമുണ്ട്. അഫ്ഗാനിലാണ് മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം. പാക്കിസ്ഥാനിലൂടെ ഇത് ബംഗ്ലാദേശിലെത്തും. കൊൽക്കത്ത വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും. പാക്കിസ്ഥാനിലിരുന്ന് ദാവൂദ് നിയന്ത്രിക്കുന്ന ഈ നെറ്റ് വർക്കിലെ ഇന്ത്യയിലെ പ്രധാനിയാണ് ബിഷു ഷെയ്ക്. മലയാളത്തിലെ ഒരു പ്രധാന സിനിമാ നിർമ്മതാവുമായും ബിഷുവിന് ബന്ധമുണ്ട്. ടിജെ പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതും ബിഷുവാണ്.

ഈ സിനിമാ നിർമ്മാതവിന്റെ പേര് നടി ആക്രമിക്കപ്പെട്ട സമയത്തും ചർച്ചയായിരുന്നു. നേരത്തെ ഷൈൻ ടോം ചാക്കോ അറസ്റ്റിലായ കേസിലും ചില ദുരൂഹതകൾ ഉണ്ടായിരുന്നു. കൊച്ചിയിലെ ന്യൂജെൻ നിർമ്മാതവിലേക്ക് അന്വേഷണം നീണ്ടു. ഇതിനിടെ ബിജെപിയിലേയും കോൺഗ്രസിലേയും രാഷ്ട്രീയ നേതാക്കൾ ഈ നിർമ്മാതാവിനെ പിന്തുണയ്ക്കാനെത്തി. ഇതോടെ കേസെല്ലാം മാഞ്ഞു. ബിഷുവിൽ നിന്ന് ഈ നിർമ്മാതാവിലേക്ക് വിരൽ ചൂണ്ടുന്ന തെളിവ് കിട്ടുമോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ദുബായിലുള്ള മലയാളിയെ പിടികൂടാനും നീക്കം തുടങ്ങും. സിനിമാ മേഖലയിൽ കള്ളപ്പണത്തെ നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് ഈ നിർമ്മാതാവ്.

അഞ്ചുലക്ഷം രൂപയുമായി ആലപ്പുഴയിൽ പിടിയിലായ മലയാളി ബിഎസ്എഫ് കമാൻഡ് ജിബു ടി മാത്യുവാണ് ബിഷു ഷെയ്കിലേക്ക് വരിൽ ചൂണ്ടുന്ന സൂചനകൾ നൽകിയത്. പിടികൂടിയ പണം കള്ളക്കടത്തുകാർ നൽകിയ കോഴയാണെന്നു കമൻഡാന്റ് ജിബു ടി.മാത്യു സിബിഐക്കു മൊഴി നൽകിയിരുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ജിബു ടി മാത്യു. നാട്ടുകാർക്ക് മുന്നിൽ സത്യസന്ധനായ സൈനികന്റെ പരിവേഷമാണ് ഇയാൾ ഉണ്ടാക്കിയെടുത്തിരുന്നത്. ബംഗ്ലാദേശ് അതിർത്തിയിൽ ജോലിചെയ്തിരുന്ന ജിബു ടി.മാത്യു ഏറെക്കാലമായി സിബിഐ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിനെതിരെ വിവിധ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുമുണ്ടായിരുന്നു. ബിഎസ് എഫ് കമാൻഡ് കള്ളക്കടത്തുകാരുടെ ഏജന്റായിരുന്നു.

പശ്ചിമ ബംഗാളിൽനിന്നു ഷാലിമാർ എക്സ്‌പ്രസിൽ ആലപ്പുഴയിൽ എത്തിയപ്പോഴാണു പത്തനംതിട്ട സ്വദേശിയായ ജിബു ടി.മാത്യു പിടിയിലായത്. ബംഗ്ലാദേശിൽനിന്ന് എത്തുന്ന കള്ളക്കടത്തുകാർക്കു ജിബു നിരന്തര സഹായം ചെയ്തിരുന്നു. ജിബുവിനൊപ്പം അതിർത്തിയിൽ ജോലിചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നൽകിയിരുന്നതായി സിബിഐക്കു വിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തമായ തെളിവുകൾ സിബിഐക്ക് കിട്ടിയിട്ടുണ്ട്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നൽകിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാൻ പ്രത്യേക ഫോൺ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.

അതിർത്തി വഴി കള്ളനോട്ടും ആയുധങ്ങളും മയക്കുമരുന്നും ഉൾപ്പെടെയുള്ളവ കടത്താൻ ജിബു മാത്യു തീവ്രവാദികളെ ഉൾപ്പെടെ സഹായിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അതിർത്തി സംരക്ഷിക്കുന്ന ജവാൻ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നെന്നത് പ്രഥമദൃഷ്ട്യാ ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.