- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ച അവസ്ഥയിൽ ബിജെപി; കിരൺ ബേദിയെ പരീക്ഷിച്ച് ഡൽഹി കൈവിടുമെന്ന അവസ്ഥയിൽ നേതൃത്വം; നില തൃപ്തികരമല്ലെന്ന് ആർഎസ്എസ് മുഖപത്രവും
ന്യൂഡൽഹി: ഡൽഹി നിയമസഭാമണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കുകയെന്നത് ബിജെപിയുടെ അഭിമാനപ്രശ്‌നമായിരുന്നു. അതിന് വേണ്ടി എന്ത് ചെയ്യുമെന്നും ആരെ സ്ഥാനാർത്ഥിയായി നിർത്തുമെന്നുമുള്ള ബിജെപിയുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള അവസാനത്തെ ഉത്തരമായിരുന്നു കിരൺബേദി. അവരുടെ ഇമേജ് പരമാവധി ഉപയോഗപ്പെടുത്തി ഇന്ദ്രപ്രസ്ഥം പിടിച്ചെ
ന്യൂഡൽഹി: ഡൽഹി നിയമസഭാമണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കുകയെന്നത് ബിജെപിയുടെ അഭിമാനപ്രശ്‌നമായിരുന്നു. അതിന് വേണ്ടി എന്ത് ചെയ്യുമെന്നും ആരെ സ്ഥാനാർത്ഥിയായി നിർത്തുമെന്നുമുള്ള ബിജെപിയുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള അവസാനത്തെ ഉത്തരമായിരുന്നു കിരൺബേദി. അവരുടെ ഇമേജ് പരമാവധി ഉപയോഗപ്പെടുത്തി ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാനാണ് ബിജെപി കരുക്കൾ നീക്കിയിരുന്നത്. എന്നാൽ കിരണിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വേലിയിൽക്കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ച അവസ്ഥയിലായിരിക്കുകയാണ് പാർട്ടിയിപ്പോഴെന്നാണ് സൂചന.
ഡൽഹിയിൽ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആർഎസ്എസ് മുഖപത്രം വ്യക്തമാക്കിയതും കിരൺ ബേദിയോടുള്ള എതിർപ്പാണ് വ്യക്തമാക്കുന്നതെന്നാണ് സൂചന. നേതാക്കളുടെ ഭാഗത്തുനിന്നു വരുന്ന മോശപ്പെട്ട പ്രസ്താവനകൾ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ച ആകുന്ന സാഹചര്യത്തിൽ അത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും ഒരുമിച്ചു നിന്നു പ്രവർത്തിച്ചാൽ ഡൽഹിയിൽ ഭരണം പിടിക്കാം. എഎപി നഷ്ടമായ സ്വാധനം തിരിച്ചുപിടിച്ചെന്നും ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
കിരൺബേദിയുടെ രാഷ്ട്രീയപരിചയമില്ലായ്മ പ്രചാരണത്തിന് മങ്ങലേൽപ്പിക്കുന്നുണ്ടെന്നാണ് പാർട്ടി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. അതായത് തെരഞ്ഞെടുപ്പ് രംഗത്ത് അവർക്ക് മുൻപരിചയമില്ലാത്തും ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ടത്രെ. പ്രചാരണത്തിന്റെ കാര്യത്തിൽ വേണ്ടത്ര സംഘാടനമില്ലായ്മയും നിഴലിക്കുന്നുണ്ട്. കിരൺബേദിയുടെ പുറകിലേക്ക് തങ്ങളെ തള്ളിയതായി ഡൽഹിയിലെ പല മുതിർന്ന നേതാക്കൾക്കും മുറുമുറുപ്പുമുണ്ട്. ഇത്തരത്തിൽ അസംതൃപ്തരായ നേതാക്കൾ ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് പൂർണമായും സഹകരിക്കാത്തതും പ്രചാരണത്തിന്റെ നിറം കെടുത്തുന്നുണ്ടെന്നാണ് സൂചന. മുതിർന്ന കേന്ദ്രമന്ത്രിമാരെ വരെ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിക്കുന്നുണ്ടെങ്കിലും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരായി ബേദിക്ക് വേണ്ടി നല്ലൊരു പ്രചാരണം നടക്കുന്നില്ലെന്നതാണ് വസ്തുത.
ഡൽഹിയിലെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാണ് ബേദിയെ ബിജെപി മത്സരരംഗത്തിറക്കിയിരുന്നത്. എന്നാൽ ഒരു മുഖ്യന്ത്രി സ്ഥാനാർത്ഥിയുടെ പ്രചാരണം പോലെ ആളുകളെ ആകർഷിക്കാൻ ബേദിക്കാവാത്തത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. അവരുടെ റാലികൾ, റോഡ്‌ഷോകൾ, കോർണർ മീറ്റിംഗുകൾ എന്നിവ ജനങ്ങളെ ആകർഷിക്കുന്നില്ലെന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുകയാണ്. ഇവരുടെ തെരഞ്ഞെടുപ്പ് മീററിംഗിലേക്ക് ആളുകളെ എത്തിക്കാനുള്ള ഒരു ടീമിനെ സജ്ജമാക്കാനും പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നത് കാര്യങ്ങൾ വഷളാക്കുന്നു. രണ്ടു ദശകങ്ങളായി ഡൽഹിയിലെ കൃഷ്ണനഗർ മണ്ഡലത്തെ പ്രതിനീധീകരിക്കുന്നയാളും കേന്ദ്രമന്ത്രിയുമായ ഹർഷ വർധൻ പോലും കിരണിന്റെ റാലികളിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകനപത്രിക കമ്മിറ്റിയുടെ തലവനാണ് ഹർഷവർധൻ എന്നതാണ് ശ്രദ്ധേയമായ കാര്യം.
കിരൺബേദി ജനുവരി 15നാണ് പാർട്ടിയിൽ ചേർന്നതെന്നും 19ന് അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്നും ഡൽഹിയിലെ ഒരു മുതിർന്ന ബിജെപി നേതാവ് പറയുന്നു. തെരഞ്ഞെടുപ്പ് വേളയിൽ വൈകിയാണെങ്കിലും ഒരു ശക്തയായ സ്ഥാനാർത്ഥിയെ ലഭിച്ചതിൽ ഡൽഹിയിലെ തൊഴിലാളികൾ സന്തോഷം കൊണ്ടിരുന്നതായും നേതാവ് പറയുന്നു. എന്നാൽ തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ആദ്യ യോഗത്തിൽ തന്നെ ബേദി അവരെ ശാസിക്കുകയും അച്ചടക്കം പഠിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. തന്റെ റാലികളിൽ അവർ പ്രചാരണത്തിന് സഹായിക്കുന്ന എംപിമാരുമായും മറ്റും സഹകരിക്കാൻ കിരൺ തയ്യാറായിട്ടില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ നേതാവ് സ്വീകരിക്കേണ്ടുന്ന നിലപാടുകളല്ല കിരൺ സ്വീകരിക്കുന്നതെന്നും അതിനാലാണ് അവരുടെ റാലിക്ക് ആളെത്താത്തെന്നും മറ്റൊരു ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. കിരണിന്റെ നല്ല വാക്ചാതുരി പരമാവധി പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശത്തിലായിരുന്നു അവരെ പാർട്ടി കടുത്ത മത്സരം അഭിമുഖീകരിക്കുന്ന ഡൽഹിയിൽ സ്ഥാനാർത്ഥിയാക്കി നിർത്തിയതെന്നും എന്നാൽ അത് ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ലെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ടെന്നാണ് സൂചന. കിഴക്കൻ ഡൽഹിയിലെ കാർകർഡൂമയിൽ ജനുവരി 31ന് നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലാണ് അവർ അവസാനം സംസാരിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ കിരൺബേദിയുടെ എതിർ സ്ഥാനാർത്ഥി അരവിന്ദ് കെജരിവാൾ തന്റെ വ്യക്തിപ്രഭാവം കൊണ്ടും ആകർഷകമായ പ്രചാരണ തന്ത്രങ്ങൾ കൊണ്ടും ഏറെ മുന്നേറിയെന്നാണ് വ്യക്തമായ സൂചന ലഭിക്കുന്നത്. 20 കേന്ദ്രമന്ത്രിമാരെയും മറ്റ് ദേശീയ നേതാക്കന്മാരെയും ഇറക്കി പ്രചാരണം നടത്തി ഡൽഹി നിയമസഭാ മണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ ബിജെപി സർവ തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് മുൻ ഡൽഹി മുഖ്യമന്ത്രിയ കൂടിയായ കെജറിവാൾ പ്രചാരണത്തിൽ ജനക്കൂട്ടത്തെ ആകർഷിച്ച് ഒരു പടി മുന്നിൽ നിൽക്കുന്നത്. മോദിയുടെ ഭരണം ഒമ്പത് മാസം പിന്നിടുമ്പോൾ ഡൽഹിയിലെ വിജയം നിർണായകമാണെന്നാണ് പ്രതിപക്ഷത്തെ ചില നേതാക്കൾ പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും മോദി മാജിക്ക് ആവർത്തിച്ചിരുന്നുവെന്നും എന്നാൽ അൽപം കഴിഞ്ഞ് നടന്ന ജമ്മുകാശ്മീർ, ഹരിയാന എന്നിവിടങ്ങളിൽ ബിജെപിയുടെ പ്രകടനത്തിന് മങ്ങലേറ്റിരുന്നുവെന്നുമാണ് ജനതാദൾ (യുണൈറ്റഡ്) ജനറൽ സെക്രട്ടറി കെസി ത്യാഗി പറയുന്നത്. ഡൽഹിയിൽ ആം ആദ്മി വിജയിക്കുകയാണെങ്കിൽ ബിജെപിക്കെതിരായുള്ള പ്രതിപക്ഷ രാഷ്ട്രീയത്തിൽ അത് ഒരു പുതിയത അധ്യായത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആത്മാവ് ദേശീയതലസ്ഥാനത്ത് വസിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഡൽഹിയിലെ ബിജെപിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ വിജയം പ്രതിപക്ഷത്തെയൊന്നാകെ ശക്തിപ്പെടുത്തുമെന്നും അത് പോസീറ്റീവായ ഫലമുണ്ടാക്കുമെന്നും കെസി ത്യാഗി എടുത്ത് പറയുന്നു. തൊഴിലാളിവർഗങ്ങളും മധ്യവർഗക്കാരും ആം ആദ്മിക്കൊപ്പമാണെന്ന റിപ്പോർട്ടുകളും ഡൽഹിയിൽ ബിജെപിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം കിരൺബേദിയെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയും കൂടിയാകുമ്പോൾ ബിജെപി ആകെ വെട്ടിലായിരിക്കുകയാണ്.