ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങിയത് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ലെന്ന് ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന കിരൺ ബേദി. 40 വർഷം തന്റെ വീടായിരുന്ന ഡൽഹി നഗരത്തെ സേവിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ബ്ലോഗിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ ബേദി പറയുന്നു.

അതേസമയം, കിരൺ ബേദിയെ തെരഞ്ഞെടുപ്പ് രംഗത്തേക്കു കൊണ്ടുവന്നതു വൈകിയെടുത്ത തീരുമാനമായിരുന്നെന്ന് ആർഎസ്എസ് പ്രതികരിച്ചു. പാർട്ടി മുഖപത്രമായ ദി ഓർഗനൈസറിലൂടെയാണ് ആർഎസ്എസ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ ഫലമല്ലെന്നും നഗര സംബന്ധമായ പ്രശ്‌നങ്ങളെ മുൻനിർത്തിയാണ് ഡൽഹിയിൽ ജനങ്ങൾ വോട്ട് ചെയ്തതെന്നും മുഖപത്രത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എഴുതിയ തുറന്ന കത്തിലാണ് കിരൺ ബേദി തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താൻ തോറ്റുവെന്ന് ബേദി കുറിച്ചു. തന്റെ എല്ലാ ഊർജവും പരിചയ സമ്പത്തും നൽകി. പക്ഷേ ജയിക്കാൻ അതുമതിയായിരുന്നില്ല. മുഴുവൻ ഉത്തരവാദിത്വവും തനിക്കാണ്. ആരെയും പഴിക്കുന്നില്ല. തന്റെ മനസ് പരാജയപ്പെട്ടിട്ടില്ലെന്നും ബേദി ചൂണ്ടിക്കാട്ടി.

എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന ഒരാളാണ് താൻ. രാഷ്ട്രീയത്തിലും അഭിപ്രായം പറയാറുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ മരിച്ചു പോയെങ്കിൽ അതു കുറ്റബോധം ഉണ്ടാക്കിയേനെ. അങ്ങനെ മരിക്കാൻ താൽപര്യമില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്.

തന്റെ നഗരത്തിന് തനിക്കുള്ളത് നൽകാനാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങിയത്. ഡൽഹിയിലും സ്ഥിരതയുള്ള സർക്കാർ വന്ന് ഇന്ത്യാ ഗവൺമെന്റിനൊപ്പം നിന്ന് നഗരത്തിന് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

പരീക്ഷണത്തിൽ ഞാൻ തോറ്റു. എന്റെ തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാനെടുക്കുന്നു. പക്ഷേ, ഉള്ളിൽ ഞാൻ തോറ്റിട്ടില്ല. കിട്ടിയ സമയത്തിനുള്ളിൽ എനിക്ക് പറ്റുന്ന രീതിയിൽ മുഴുവൻ കഴിവും പരിചയവും ഉപയോഗിച്ചു. തീർച്ചയായും അതിന് പോരായ്മയുണ്ടായിരുന്നുവെന്നും ബേദി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ഇത് തന്റെ തോൽവിയല്ലെന്നും ബിജെപിയുടെ തോൽവിയാണെന്നും പാർട്ടിയാണ് ഇതേപ്പറ്റി പരിശോധിക്കേണ്ടതെന്നുമാണ് കിരൺ ബേദി പറഞ്ഞിരുന്നത്. കൃഷ്ണ നഗറിൽ ആം ആദ്മി സ്ഥാനാർത്ഥിയോട് 2277 വോട്ടിനാണ് കിരൺ ബേദി തോറ്റത്.