ചണ്ഡീഗഡ്: കൂട്ടമാനഭംഗത്തിരയായ പെൺകുട്ടിക്ക് ബിജെപി എംപി കിരൺ ഖേർ നൽകിയ ഉപദേശം വിവാദമായി. പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു അനുപം ഖേറിന്റെ ഭാര്യയും, നടിയുമായ കിരണിന്റെ പരാമർശം.മൂന്ന് പുരുഷന്മാർ ഉണ്ടെന്നറിഞ്ഞിട്ടും പെൺകുട്ടി എന്തിനാണ് ഓട്ടോയിൽ കയറിയത് എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സെക്ടർ 7 ൽ യുവതി ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ പീഡനത്തിന് ഇരയായ സംഭവത്തിലാണ് കിരൺഖേർ പെൺകുട്ടിക്കെതിരേ രംഗത്ത് വന്നത്.

സ്ത്രീകളെ ബഹുമാനിക്കാൻ പുരുഷന്മാർ വീട്ടിൽ നിന്നു തന്നെയാണ് അഭ്യസിക്കേണ്ടത് എന്നും മാതാവിനെ പതിവായി ഉപദ്രവിക്കുന്ന പിതാവുള്ള വീട്ടിൽ കുട്ടികൾ കണ്ടു വളരുന്നതും ഇത്തരം ശീലങ്ങളാണെന്നും പറഞ്ഞു. ഇതിനെതിരേ ബോധവൽക്കരണത്തിനായി മാധ്യമങ്ങളും പൊലീസും കൈ കോർക്കണമെന്നും പറഞ്ഞു.

ഒരു വനിതാമേയറും എംപിയും വനിതാ പൊലീസ് സൂപ്രണ്ടുമുള്ള സംസ്ഥാനത്ത് എന്തിനാണ് ഒരു വനിതാകമ്മീഷനെന്നും ചോദിച്ചു.എന്നാൽ തന്റെ പ്രസ്താവന തെറ്റിദ്ധരിച്ചതാണെന്നും, സ്ത്രീകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്നുമാണ് കിരൺ ഖേർ ഇന്ന വിശദീകരിച്ചത്.

സ്റ്റെനോഗ്രാഫി ക്ളാസ്സിന് ശേഷം സെക്ടർ 37 ൽ നിന്നും താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഓട്ടോഡ്രൈവറും മറ്റ് രണ്ടു യാത്രക്കാരും ചേർന്നായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് അവശനിലയിൽ പെൺകുട്ടിയെ സെക്ടർ 57 ൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയവരാണ് പൊലീസിൽ അറിയിച്ചത്.