- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിടെക്കിന് ശേഷം കെഎസ്ആർടിയിൽ താൽകാലികൻ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വധുവിനെ കണ്ടെത്തിയത് നായർ മാട്രിമോണി വഴി; മർച്ചന്റ് നേവിക്കാരൻ അളിയന്റെ കൈ തല്ലിയൊടിച്ച പഴയ 'തങ്കവിഗ്രഹം'! മേലുദ്യോഗസ്ഥർ ഒരിക്കൽ രക്ഷിച്ചെടുത്തിട്ടും ഭാര്യയെ വെറുതെ വിട്ടില്ല; കിരൺ കുമാറിന്റെ തനിസ്വരൂപം ശാസ്താംനടയിലുള്ളവർ തിരിച്ചറിയുമ്പോൾ
കൊല്ലം: നായേഴ്സ് മാട്രിമോണിയൽ വഴിയാണ് ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ വി നായർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ വിവാഹം കഴിച്ചത്. മാട്രിമോണിയൽ വഴി പരിചയപ്പെട്ടതിന് ശേഷം ഇരുവരും വലിയ അടുപ്പത്തിലായിരുന്നു. ആറുമാസത്തോളം കഴിഞ്ഞായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് വിസ്മയയെ നിരവധി തവണ ഇയാൾ നേരിൽ കാണുകയും ചെയ്തു. പിന്നീട് 2020 മെയ് 31 ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കോവിഡ് കാലമായിരുന്നതിനാൽ അധികം ആളുകളും പങ്കെടുത്തിരുന്നില്ല.
വിവാഹ ശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവർ. സ്വന്തം വീട്ടിലേക്കും മറ്റും പോകുമ്പോൾ ഇവരുടെ സ്നേഹം കണ്ട് ബന്ധുക്കൾ പോലും അസൂയപെട്ടിരുന്നു. എന്നാൽ മാസങ്ങൾക്കകമാണ് വീട്ടുകാർ മരുമകന്റെ തനി നിറം നേരിൽ കാണുന്നത്. അതുവരെ ചില്ലുകൂട്ടിൽ പ്രതിഷ്ഠിച്ചിരുന്ന തങ്കവിഗ്രഹമായിരുന്നു കിരൺ. ജനുവരിയിൽ മദ്യപിച്ച് കാലു നിലത്തുകുത്താൻ കഴിയാതെ എത്തിയ ഇയാൾ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടു വന്ന് തല്ലുകയായിരുന്നു.
പിടിച്ചുമാറ്റാൻ ശ്രമിച്ച സഹോദരൻ വിജിത്തിനെ ക്രൂരമായി മർദ്ദിക്കുകയും കൈ തിരിച്ച് തോളെല്ല് ഒടിക്കുകയും ചെയ്തു. അന്നുവരെ കണ്ട കിരണല്ലായിരുന്നു അതെന്നാണ് പിതാവ് ത്രിവിക്രമൻനായർ പറയുന്നത്. വിവാഹത്തിന് മുൻപ് ശാസ്താംനടയിലും പരിസരപ്രദേശങ്ങളിലും ഇയാളെ പറ്റി അന്വേഷിച്ചപ്പോൾ മോശം അഭിപ്രായം ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്ന് ത്രിവിക്രമൻ നായർ പറയുന്നു.
സ്വന്തം നാട്ടിൽ ആരോടും വലിയ അടുപ്പമില്ലാത്തയാളായിരുന്നു കിരൺ. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ ബിടെക്ക് പഠിക്കാനായി പോയി. ഓട്ടോമൊബൈലിൽ ബിടെക്ക് എടുത്തശേഷം കെ.എസ്.ആർ.ടി.സി യിൽ താൽക്കാലിക ജീവനക്കാരാനായി ജോലിയിൽ കയറി. പിന്നീട് വിവിധ വർക്ക്ഷോപ്പുകളിലും ജോലി ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാകണമെന്ന അതിയായ ആഗ്രഹംമൂലമാണ് എ.എം വിഐ പരീക്ഷ എഴുതിയത്.
ഇതിൽ സെലക്ടാവുകയും ആദ്യ പോസ്റ്റിങ് കോഴിക്കോട് ആർ.ടി.ഓഫീസിലുമായിരുന്നു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷം കൊല്ലത്തേക്ക് വരികയും വീടിന് സമീപത്ത് തന്നെയുള്ള കുന്നത്തൂർ സബ് ആർ.ടി.ഓഫീസിൽ എ.എം വിഐ ആയി എത്തുകയായിരുന്നു. നിയമലംഘകരോട് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കടുത്ത പിഴയാണ് ഈടാക്കിയിരുന്നത്. കുന്നത്തൂരിൽ നിന്നും ഇയാൾ പിന്നീട് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിലേക്ക് പോകുകയായിരുന്നു.
ഇവിടെ ജോലിചെയ്യുന്ന സമയമാണ് ജനുവരിയിൽ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടു പോയി തല്ലുകയും മർച്ചന്റ് നേവിക്കാരനായ സഹോദരന്റെ തോളെല്ല് ഇടിച്ച് തകർക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും എത്തി വിസ്മയയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ച് കേസ് പിൻവലിപ്പിക്കുകയായിരുന്നു.
ഈ പ്രായത്തിൽ ജോലി പോയാൽ പിന്നീട് ഒരിക്കലും കിട്ടില്ല അതിനാൽ ക്ഷമിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. ഈ സംഭവത്തിന് ശേഷം കൊല്ലം ആർ.ടി.ഫീസിൽ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ഇയാളെ പലതവണ ഉപദേശിച്ചു. എന്നാൽ വീണ്ടും പഴയപടിതുടരുകയായിരുന്നു. പാവത്തെപോലെ നടിച്ചിരുന്ന കിരൺ ഇത്രയും ക്രൂര സ്വഭാവമുള്ള ആളാണെന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. ഇയാൾക്കെതിരെ ജനരോഷം ശക്തമാണ്. കയ്യിൽകിട്ടിയാൽ തല്ലുമെന്നുവരെ നാട്ടുകാർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.