തിരുവനന്തപുരം: ആഴിമലയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചലിൽ കടലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് പിതാവാണ് തിരിച്ചറിഞ്ഞത്. കിരൺ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും കിരണിന്റെ അച്ഛൻ പറഞ്ഞു. എന്താണു സംഭവിച്ചതെന്നു പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് കുളച്ചൽ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയിൽനിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും കിരണിന്റ ബന്ധുക്കളും കുളച്ചലിലെത്തിയിരുന്നു. തുടർന്നാണ് കിരണിന്റെ മൃതദേഹം പിതാവ് തിരിച്ചറിഞ്ഞത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചൽ പൊലീസ് കടലിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്. ആഴിമലയിൽ കടലിൽ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരൺ കടൽത്തീരത്തേക്ക് ഓടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടൽത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകൾ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധുമിനി ദമ്പതികളുടെ മകൻ കിരണി(ചിക്കു25)നെയാണു കാണാതായത്. അപായപ്പെടുത്തി കടലിൽ തള്ളുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്‌തെന്നാണു സംശയം. കിരണിനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഒളിവിലാണ്. ഫേസ്‌ബുക് വഴി പരിചയപ്പെട്ട ആഴിമല സ്വദേശിനിയെ കാണാൻ ശനിയാഴ്ച ഉച്ചയ്ക്കാണു കിരൺ ബന്ധുക്കളായ മെൽവിൻ, അനന്തു എന്നിവർക്കൊപ്പം ഇവിടെ എത്തിയത്.

പെൺകുട്ടിയെ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ സഹോദരൻ ഉൾപ്പെടെ 3 ബന്ധുക്കൾ വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞുനിർത്തി. കിരണിനെയും തങ്ങളെയും മർദിച്ചു. തുടർന്നു കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റിക്കൊണ്ടു പോയി. ഇടയ്ക്കുവച്ച് അസഭ്യം പറഞ്ഞു കാറിൽ നിന്നിറക്കിവിട്ടു. മൂത്രശങ്ക മാറ്റാനെന്നു പറഞ്ഞ് ഇടയ്ക്കിറങ്ങിയ കിരൺ കടന്നുകളഞ്ഞെന്നാണ് കിരണിന്റെ ബന്ധുക്കൾ പറയുന്നത്.

അതിനിടെ, ആഴിമല കടലിൽ ഒരു യുവാവ് മുങ്ങിപ്പോയതായി വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. അവിടെ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നു കിട്ടിയ ചെരിപ്പ് കിരണിന്റെയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇതിനിടെയാണ് കുളച്ചലിൽ മൃതദേഹം പൊങ്ങിയത്.