കണ്ണൂർ: കമ്പിൽ സ്വദേശിയായ കിരൺരാജിന് ജീവിതത്തിൽ എന്തിലും ഏതിലും മോഹൻലാലാണ്.വീട്ടിലെ ഉണങ്ങാനിട്ട തുണിയിൽ ലാലേട്ടന്റെ ഇഷ്ടകഥാപാത്രമായ ആടു തോമയെ തീർത്ത് കാണുന്നവരിൽ വിസ്മയം തീർക്കുകയാണ് ഈ കലാകാരൻ.

മഴക്കാലമായതോടെ തന്റെ മുറിയിലെ അഴയിൽ കൂടുതൽ തുണികൾ വന്നതോടെ തോന്നിയ ആശയമാണിതെന്ന് കിരൺരാജ് പറയുന്നു. ഇതോടെ ദിവസങ്ങൾക്കുള്ളിൽ റൂമിലെ മുറിക്കുള്ളിലെ തുണികൾ കൊണ്ടു ആടു തോമ റെഡിയായി. സ്വകാര്യ ഇൻഷൂറൻസ് കമ്പിനിയിൽ ജോലി ചെയ്യുന്ന കിരൺരാജ് മുൻപ് കടുകും കുരുമുളകും വാഴയിലയും ഗോതമ്പുമൊക്കെ ഉപയോഗിച്ച് മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.

കടുമണിയിൽ തീർത്ത ദുൽഖർസൽമാനും കിരൺ രാജിന് ഏറെ കൈയടി നേടികൊടുത്ത ഐറ്റങ്ങളിലൊന്നാണ്. പഞ്ചസാര ലായനി ഒഴിച്ച് മോഹൻലാലിന്റെ രൂപരേഖയുണ്ടാക്കി അതിലേക്ക് ഉറുമ്പുകളെ വരുത്തിച്ച് ചിത്രമൊരുക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്ര നടൻ ജയസൂര്യ തന്റെ ഫെയ്സ് ബുക്ക് പേജിൽ കിരണിന്റെ ലാലേട്ടനെ ഷെയർ ചെയ്ത് അഭിനന്ദിക്കുകയും ചെയ്തു.

ഇതോടെ കൂടുതൽ വൈറലായിരിക്കുകയാണ്കിരണിന്റെ ഈ ആടുതോമ.വാച്ച് ഇയർ ഫോൺ, ഹെഡ് സെറ്റ് തുടങ്ങിയവ ഉപയോഗിച്ചും നടന്മാരുടെ രൂപ രേഖ നിർമ്മിക്കാറുണ്ട് ഈ കലാകാരൻ, പെൻസിൽ ഡ്രോയിങിലൂടെയാണ് കിരൺരാജ് വരയിലേക്ക് ചുവടുവെച്ചത്.

കമ്പിൽ ചെറുക്കുന്നിൽ കൗസല്യത്തിൽ മധുസൂദനൻ-ജയലളിതാ ദമ്പതികളുടെ മകനാണ് കിരൺ.മിഥുൻ,അരുൺ എന്നിവർ സഹോദരന്മാരാണ്.