കോഴിക്കൊട്: മേലുദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തെക്കുറിച്ച് സ്ഥാപന ഡയരക്ടറോട് ഉൾപ്പെടെ പരാതിപ്പെട്ട ജീവനക്കാരിക്ക് ലഭിച്ചത് കടുത്ത അപമാനം മാത്രം. ഒടുവിൽ നീതിക്കായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് യുവതി. കോഴിക്കൊട് പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയ്‌നിങ് ആൻഡ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡഡ് ട്രൈബ്‌സ് (കിർത്താഡ്‌സ്) ൽ ആണ് സംഭവം.

കുറച്ച് മാസങ്ങൾക്ക് മുമ്പ് കിർത്താഡ്‌സിൽ ജോലിക്ക് ചേർന്ന യുവതിയോട് മേലുദ്യോഗസ്ഥൻ മോശമായി പെരുമാറുകയായിരുന്നു. സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പെരുമാറ്റം അസഹ്യമായതോടെയാണ് യുവതി കിർത്താഡ്‌സ് ഡയരക്ടർക്ക് പരാതി നൽകിയത്. എന്നാൽ ജനുവരി 16 ന് ലഭിച്ച പരാതിയിൽ യാതൊരു തുടർ നടപടിയും സ്വീകരിക്കാൻ വനിത കൂടിയായ ഡയരക്ടർ തയ്യറായില്ല. ജീവനക്കാരനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളായിരുന്നു അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

തന്ത്രപൂർവ്വം പരാതി ഒതുക്കിത്തീർക്കാനായിരുന്നു ഡയരക്ടറുടെ ശ്രമം. യുവതിയുടെ ഭർത്താവ് പ്രശ്‌നത്തിൽ ഇടപെട്ടതോടെ പ്രശ്‌നമായി. സംഭവം ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റർ മർദ്ദിച്ചതായും പരാതി ഉയർന്നു. കാര്യങ്ങൾ ഇത്രയായിട്ടും യുവതിക്ക് അനുകൂലമായ സമീപനം സ്വീകരിക്കാൻ ഡയരക്ടർ തയ്യറായില്ല.

സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഇടയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് സഹായകമായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നിർദ്ദശേങ്ങൾ ഗവൺമെന്റിന് സമർപ്പിക്കാനും സ്ഥാപനം ശ്രമിക്കണം. എന്നാൽ അടുത്ത കാലത്താണ് വലിയ വിവാദങ്ങളാണ് സ്ഥാപനത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. അതിനിടെയാണ് പീഡന വിവാദവും ഉയർന്നിട്ടുള്ളത്.

പ്രശ്‌നം പുറത്തുവന്നപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ കിർത്താഡ്‌സ് ഡയരക്ടറെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല എന്നായിരുന്നു മറുപടി. വാർത്ത പുറത്തായി എന്ന് മനസ്സിലാക്കിയ ഡയരക്ടർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നീയറിയാതെ വാർത്ത പുറത്താവില്ലന്നെും ഇനി എല്ലാം നീ തന്നെ അനുഭവിച്ചോ എന്നുമായിരുന്നു യുവതിയോട് ഡയരക്ടർ പറഞ്ഞത്. നാളെ പത്രങ്ങളിൽ നിന്റെ ഫോട്ടോ സഹിതമായിരിക്കും വാർത്ത വരുക. അതോടെ നിനക്ക് പുറത്തിറങ്ങി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാവും വരുകയെന്നും അതുകൊണ്ട് പരാതിയിൽ നിന്ന് വേഗം പിന്മാറുന്നതാണ് നല്ലതെന്നും യുവതിയോട് പറഞ്ഞു.

ഇതോടെ ഭയത്തിലായ ജീവനക്കാരി തന്റെ ഗതികേട് ഓർത്ത് കരയുകയായിരുന്നു. ഇക്കാര്യവും പുറത്തുവന്നതിന് ശേഷം വൈകീട്ട് ഇതേക്കുറിച്ച് അന്വേഷിക്കാൻ വീണ്ടും വിളിച്ചപ്പോൾ ഇത്തരത്തിൽ സംഭവമുണ്ടായെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഡയരക്ടർക്ക് സമ്മതിക്കേണ്ടിവന്നു. ഇത്തരത്തിലൊരു സംഭവവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതൽ പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നായിരുന്നു മറുപടി.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെ യുവതിയെയും ഭർത്താവിനെയും വിളിപ്പിച്ച് സംഭവം ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങളാണ് പിന്നീട് സ്ഥാപനത്തിൽ ഉണ്ടായത്. തൊഴിൽ സ്ഥലങ്ങളിൽ പീഡനം സംബന്ധിച്ച് പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണമെന്ന് നിയമം ഉണ്ടായിരിക്കെ ഇതിന് വിപരീതമായ സമീപനമാണ് ഡയരക്ടർ സ്വീകരിച്ചത്. എന്നാൽ പൊലീസിൽ പരാതി പറയാൻ ജീവനക്കാരിക്ക് ഭയവുമായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ജീവനക്കാരി ചേവായൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പൊലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമാരംഭിച്ചിട്ടുണ്ട്.

പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കേണ്ട കിർത്താഡ്‌സ് പോലൊരു സ്ഥാപനത്തിലാണ് ഒരു സ്ത്രീ ഇത്തരത്തിൽ ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വരുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്.