- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന വാഗ്ദാനങ്ങൾ നൽകി കർഷകരുടെ കോടികൾ അടിച്ചുമാറ്റി; പി.സി.തോമസ് ഡയറക്ടറായ കിസാൻ മിത്ര കമ്പനി സിഇഒ മനോജ് ചെറിയാൻ അറസ്റ്റിലായതോടെ കേസ് വഴിത്തിരിവിൽ; പ്രളയവും കോവിഡുമാണ് കമ്പനിക്ക് തിരിച്ചടി ആയതെന്ന് എംഡി ഡിജോ കാപ്പൻ മറുനാടനോട്
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതിയെന്ന പേരിൽ മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ പി.ടി ചാക്കോ മെമോറിയൽ കിസാൻ മിത്ര കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് കഴിഞ്ഞ വർഷം പരാതി ഉയർന്നിരുന്നു. നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയിൽ കമ്പനി സിഇഒയെ അറസ്റ്റ് ചെയ്തതോടെ, കേസ് പുതിയ തലത്തിലെത്തി. കോഴിക്കോട് ഓമശ്ശേരി കാഞ്ഞിരത്തിങ്കൽ മനോജ് ചെറിയാൻ (46) ആണ് അറസ്റ്റിലായത്. കേണിച്ചിറ എസ് ഐ പിപി റോയിയും സംഘവുമാണ് മനോജിനെ അറസ്റ്റ് ചെയ്തത്.
മലബാറിലും, ഇടുക്കിയിലും വൻ തുക ഓഹരി സംഭരിച്ച് നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി. മനോജിന് എതിരെ കേണിച്ചിറ, മീനങ്ങാടി, അമ്പലവയൽ, തുടങ്ങി വയനാട്ടിലെ വിവിധ സ്റ്റേഷനുകളിലും, ജില്ലയ്ക്ക് പുറത്തും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ, ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും, കമ്പനി നിയമമാണ് കേസിൽ സാധുവായിട്ടുള്ളതെന്നും കിസാൻ മിത്ര എംഡി ഡിജോ കാപ്പൻ മറുനാടനോട് പറഞ്ഞു. മീനങ്ങാടിയിലെ കേസിൽ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ കിട്ടി. മറ്റുകേസുകളിലും സ്‌റ്റേ കിട്ടാൻ സാധ്യതയുണ്ട്. കമ്പനി നിയമപ്രകാരം ഓഹരി ഉടമകൾക്ക് പണം തിരിച്ച്
കൊടുക്കാൻ വ്യവസ്ഥയില്ലെന്നും, ലാഭവിഹിതം കൊടുക്കാൻ മാത്രമേ വ്യവസ്ഥയുള്ളുവെന്നും ഡിജോ കാപ്പൻ പറഞ്ഞു.
തട്ടിപ്പ് ഇങ്ങനെ
കർഷകരെയും ഫീൽഡ് വർക്കിനിറങ്ങിയ ജീവനക്കാരെയും വഞ്ചിച്ചാണ് കിസാൻ മിത്ര കമ്പനി പണം തട്ടിയതെന്നാണ് നിക്ഷേപകർ ആരോപിക്കുന്നു. വയനാട്ടിൽ നിന്ന് ആയിരത്തിലധികം ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിച്ച് കർഷകരിൽ നിന്നും 1000 രൂപയുടെ ഓഹരി എടുപ്പിച്ചാണ് കമ്പനി വമ്പൻ തട്ടിപ്പ് നടത്തിയത്. കിസാൻ മിത്ര കമ്പനി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണെന്നും, നബാർഡിന്റെ മേൽനോട്ടത്തിലാണ് കമ്പനിയുടെ നടത്തിപ്പെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
മോഹനവാഗ്ദാനങ്ങൾ പാഴായി
നിക്ഷേപമുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുമെന്നും, അവരുടെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കർഷരുടെ ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിന് യൂണിറ്റുകൾ സ്ഥാപിച്ച് തൊഴിൽ നൽകുമെന്നും വിശ്വസിപ്പിച്ചു. മുൻകേന്ദ്രമന്ത്രി കൂടിയായ കമ്പനിയുടെ ഡയറക്ടർ പി.സി തോമസിന്റെ നേതൃത്വത്തിലായതിനാൽ കേന്ദ്ര പദ്ധതികൾ ഈ ഏജൻസി വഴിയാണ് നടപ്പാക്കുന്നതെന്നും കമ്പനി ഉടമകൾ പറഞ്ഞതോടെ ഇത് വിശസിച്ച് ആയിരം മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കമ്പനിയുടെ എം.ഡി ഡിജോ കാപ്പനും, സിഇഒ മനോജ് ചെറിയാനും കർഷകരിൽ നിന്നും, ഇതേ സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നും പണം പിരിച്ചത്. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാതെ കർഷകരെ വഞ്ചിച്ചുവെന്നാണ് ആരോപണം. ആദിവാസി വിഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ വഞ്ചിതരായി.
സാമൂഹിക പ്രവർത്തക ദയാഭായി കമ്പനിയുടെ ഡയറക്ടറാണെന്നാണ് ആദ്യകാലങ്ങളിൽ കമ്പനി ജീവനക്കാരെയും, ജനങ്ങളെയും വിശ്വസിപ്പിച്ചിരുന്നതായും കർഷകർ ആരോപിക്കുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് കർഷകരുടെ അന്വേഷണത്തിൽ മനസിലായി. നബാർഡുമായും കമ്പനിക്ക് യാതൊരു ബന്ധവുമില്ല എന്നതും വ്യക്തമായി. ഇതോടെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. കർഷകരിൽ നിന്നും പണം പിരിച്ച് കമ്പനിക്ക് നൽകിയ സ്ത്രീകളുൾപ്പെടെയുള്ളവരും പ്രതിസന്ധിയിലായി. പി.സി തോമസ്, ഡിജോ കാപ്പൻ, മനോജ് ചെറിയാൻ എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കർഷകർ സമരങ്ങളും നടത്തി.
പ്രളയവും കോവിഡും തിരിച്ചടിയായെന്ന് ഡിജോ കാപ്പൻ
ഫാർമ കമ്പനിയായി രജിസ്റ്റർ ചെയ്ത് തുടങ്ങിയതായിരുന്നു. ആളുകളുടെ കൈയിൽ നിന്ന് 1000 രൂപ വച്ച് മേടിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് കൊണ്ടുപോവുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ നമ്മുടെ കഷ്ടകാലത്തിന് തുടങ്ങിയ ഉടനെ പ്രളയം വന്നു. അതിന്റെ ഭാഗമായി മരവിപ്പ് വന്നു. അതുകഴിഞ്ഞ് നമ്മൾ 23 ഓഫീസുകൾ തുടങ്ങി. ആ സ്ഥലങ്ങളിൽ നിന്നൊക്കെ പത്തും നൂറ്റമ്പതും ഷെയർ എടുത്തു. ഒരുമാതിരി നന്നായി പോകുകയായിരുന്നു. അപ്പോളാണ് കോവിഡ് വന്ന് ഈ കടകൾ മുഴുവൻ അടയ്‌ക്കേണ്ടി വന്നു. ആ സമയത്ത് നമ്മൾ ഇവർക്ക് ശമ്പളം കൊടുക്കുന്നുണ്ടായിരുന്നു.
കോവിഡ് വന്ന് കടകൾ അടച്ചിട്ടപ്പോഴേക്കും ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി. അപ്പോൾ, ചെയ്യുന്ന ജോലിക്ക് എന്തെങ്കിലും കമ്മീഷനേ ഉള്ളുവെന്ന് നമ്മൾ പറഞ്ഞു. അതോടെ, ശമ്പളം കിട്ടി കൊണ്ടിരുന്നവർ അസ്വസ്ഥരായി. 1000 രൂപ വച്ച് മേടിക്കുന്ന നിക്ഷേപത്തിൽ നിന്നാണ് ശമ്പളം കൊടുത്തുകൊണ്ടിരുന്നത്. സാധനങ്ങൾ ബൾക്കായി മേടിക്കുമ്പോൾ, മാർക്കറ്റിൽ കിട്ടുന്ന 100 രൂപയുടെ മുളക് പൊടി, നമ്മൾക്ക് 80 രൂപയ്ക്ക് കൊടുക്കാൻ പറ്റുമായിരുന്നു. 80 രൂപയ്ക്ക് കൊടുക്കുമ്പോൾ ഉള്ള ഗുണം എന്താന്ന് വച്ചാൽ, ഇതിനകത്ത് മായം ഒന്നും ചേർക്കാത്തതുകൊണ്ട്, നേരത്തെ ഇട്ടതിന്റെ പകുതി മുളക് പൊടി ഇട്ടാൽ മതിയായിരുന്നു...20 രൂപ ലാഭവുമുണ്ട്..നമ്മൾക്ക് ഒരു ഏഴെട്ട്--പത്ത് രൂപ ലാഭവും കിട്ടും.
അങ്ങനെ മുന്നോട്ട് പോകുന്നതിനിടെയാണ് അടച്ചിടേണ്ടി വന്നത്. അപ്പോൾ 53 ജീവനക്കാർ ഉണ്ടായിരുന്നു. 11,000 രൂപയായിരുന്നു ശമ്പളം. അവർക്കൊരു കമ്മിറ്റി ഉണ്ടാക്കി, പ്രസിഡന്റിനെയും നിയമിച്ച് ജോയിന്റ് അക്കൗണ്ടിലാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. രണ്ടു കൊല്ലം അടച്ചിട്ടപ്പോഴേക്കും ഓഹരി ഉടമകൾ വന്ന് പണം തിരിച്ചുചോദിക്കാൻ തുടങ്ങി.
കമ്പനി നിയമം അനുസരിച്ച് നമ്മൾക്ക് പണം തിരിച്ചുകൊടുക്കാൻ നിയമം ഇല്ല. ലാഭം ഉണ്ടെങ്കിൽ ലാഭത്തിന്റെ വിഹിതം കൊടുക്കണം. അതാണ് നിയമം. അഞ്ചോ, ആറോാ സ്‌റ്റേഷനിൽ ഇപ്പോൾ കേസുണ്ട്. മീനങ്ങാടിയിലെ കേസിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ബാക്കിയുള്ള കേസുകളിലും സ്റ്റേ മേടിക്കാനുള്ള നീക്കത്തിലാണ്.
ശമ്പളം കിട്ടാത്ത ആളുകളെല്ലാം, നമ്മൾ കർഷകന്റെ കാശ് അടിച്ചോണ്ട് പോയി, മോശമാക്കി എന്നുള്ള പ്രചാരണമാണ് വാട്‌സാപ്പിലും മറ്റും അഴിച്ചുവിടുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ട്. അതാത് പഞ്ചായത്തുകളിൽ അക്കൗണ്ടുണ്ട്. അത് ഹോൾഡ് ചെയ്യുന്നത് അവിടുത്തെ കമ്മിറ്റിയുടെ ചെയർമാനും, നമ്മുടെ ജീവനക്കാരും കൂടി ചേർന്ന് ജോയിന്റ് അക്കൗണ്ടാണ്. കമ്പനിയുടെ അക്കൗണ്ട് എറണാകുളത്ത് കാനറാ ബാങ്കിലാണ്. ആ അക്കൗണ്ടിൽ നിന്ന് എറണാകുളത്തെ അക്കൗണ്ടിലേക്കാണ് പണം വരുന്നത്. നമ്മൾ ശമ്പളം കൊടുക്കുന്നതും എറണാകുളത്തെ അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടിലോട്ടാണ്.
പൈസ നമ്മൾ കൊണ്ടുപോയി എന്നുപറയുന്നത്...നമ്മൾ ഷെയർ പിരിച്ചതിൽ 70 ശതമാനവും ശമ്പളമായിട്ട് പോകുവാണ്. ബാക്കി അത്യാവശ്യം ഫർണിച്ചർ മേടിച്ചതും, വാടകയും ഒക്കെയേ ആയിട്ടേയുള്ളു. ബാക്കി എല്ലാം കൂടി 10-15 ലക്ഷം രൂപ കൈയിൽ നിന്നും പോയെന്നുള്ളതാണ്. കോവിഡ് വന്നപ്പോൾ, എല്ലാ ബിസിനസും താളം തെറ്റിയ പോലെ, നമ്മൾക്കിട്ടും ഒരടി കിട്ടിയെന്നുള്ളതാണ് വന്ന പ്രശ്‌നം.
മനോജ് ചെറിയാന് ജാമ്യം കിട്ടുമെന്നാണ് സൂചന. കമ്പനി ആക്റ്റ് പ്രകാരം ഷെയർ പിരിച്ച് പണം തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥരല്ല കമ്പനി. ലാഭവിഹിതം ആണ് കൊടുക്കേണ്ടത്. അത് മൂന്നുകൊല്ലം കഴിഞ്ഞെന്നാണ് പറഞ്ഞിരിക്കുന്നത്. 2019 ലാണ് കിസാൻ മിത്ര തുടങ്ങുന്നത്. എന്നാൽ, 2020 ഉം 2021 ഉം അടച്ചിടൽ മൂലം കാര്യമായി പ്രവർത്തനം നടന്നില്ല. പുനരുജ്ജീവിപ്പിക്കാൻ, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനത്തിന് വിട്ടപ്പോഴാണ് കേസും മറ്റും വന്നത്. കേസ് തീർന്നിട്ട് മതി മറ്റുകാര്യങ്ങൾ മതി എന്ന ധാരണയിൽ പിന്നീട് പഞ്ചായത്തിലെ ഓഫീസുകളും മറ്റും അടച്ചിടുകയായിരുന്നു. കാരണം കൈയിൽ നിന്നെടുത്ത് വാടകയും മറ്റും കൊടുത്തു വരികയായിരുന്നു.
പണം തിരിച്ചുകൊടുക്കാൻ കമ്പനി നിയമം അനുസരിച്ച് വ്യവസ്ഥയില്ല. ലാഭവിഹിതം കൊടുക്കാനാണ് വ്യവസ്ഥയുള്ളത്. കമ്പനിയുടെ ആദ്യ ഓഡിറ്റ് കഴിഞ്ഞു. ഫൈനൽ ഓഡിറ്റ് കഴിഞ്ഞാലേ അന്തിമ സാമ്പത്തിക സ്ഥിതി വ്യക്തമാവുകയുള്ളു എന്നും ഡിജോ കാപ്പൻ വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരം നിലനിൽക്കുന്നതല്ല, കേസ് എന്നാണ് നിലപാട്. കമ്പനി നിയമമാണ് ഇതിൽ നിലനിൽക്കുന്നത്. പൊലീസിന് കേസെടുക്കാൻ നിയമപരമായി അധികാരവുമില്ല. കേസെടുത്തതുകൊണ്ട് താറടിച്ചുകാണിക്കാമെന്നേയുള്ളുവെന്നും ഡിജോ കാപ്പൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ