ന്യൂഡൽഹി: കർഷകർക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്കുള്ള ആനുകൂല്യത്തിന്റെ അടുത്ത ഗഡു ജനുവരി ഒന്നിന് നൽകും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ആനുകൂല്യത്തിനുള്ള ഫണ്ട് കൈമാറും. ഇരുപതിനായിരം കോടി രൂപയാണ് പത്താം ഗഡുവായി നൽകുക. പത്തു കോടി കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷാവർഷം മൂന്നുതുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. ആദായ നികുതി അടയ്ക്കുന്നവരായിരിക്കരുത് എന്നതുൾപ്പടെയുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ്, അർഹരെ കണ്ടെത്തുന്നത്. എന്നാൽ നിലവിൽ പദ്ധതി പ്രകാരം പണം ലഭിക്കുന്നവരിൽ 42 ലക്ഷത്തോളം കർഷകർ അർഹതയില്ലാത്തവരാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ കണ്ടെത്തിയിരുന്നു. 42.16 ലക്ഷം കർഷകർക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിനെ അറിയിച്ചു.

ധനസഹായം ലഭിച്ചവരിൽ ഏറ്റവും കൂടുതൽ അനർഹർ അസമിൽ നിന്നുള്ളവരാണ്. 8.35 ലക്ഷം പേർ. തമിഴ്‌നാട്ടിൽ നിന്നും 7.22 ലക്ഷം, പഞ്ചാബിൽ നിന്ന് 5.62 ലക്ഷം, മഹാരാഷ്ട്രയിൽ നിന്ന് 4.45 ലക്ഷം, ഉത്തർപ്രദേശിൽ നിന്ന് 2.65 ലക്ഷം, ഗുജറാത്തിൽ നിന്ന് 2.36 ലക്ഷം കർഷകരും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇവർക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.