- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ചുംബനത്തിലെ ആൾക്കൂട്ടം ചുളുവിൽ ഒരു മസാലസീൻ കാണാനെത്തിയവർ; പ്രബുദ്ധ കേരളത്തിന്റെ പ്രശ്നം ലൈംഗികദാരിദ്ര്യം തന്നെ!
2014 നവംബർ 2 എന്ന തീയതി കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കേണ്ട ഒരു നാൾ ആയിത്തീർന്നിരിക്കുന്നു എന്നാണ് മറൈൻ ഡ്രൈവിൽ നിൽക്കുമ്പോൾ തോന്നിയത്. അതിന്റെ കാരണം ഇത്തിരി കാര്യമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു നാട് 'പ്രബുദ്ധകേരളം' എന്ന് പിന്നീട് അറിയപ്പെടാൻ ഇടയായതിനുപിന്നിൽ
2014 നവംബർ 2 എന്ന തീയതി കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കേണ്ട ഒരു നാൾ ആയിത്തീർന്നിരിക്കുന്നു എന്നാണ് മറൈൻ ഡ്രൈവിൽ നിൽക്കുമ്പോൾ തോന്നിയത്. അതിന്റെ കാരണം ഇത്തിരി കാര്യമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്.
'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു നാട് 'പ്രബുദ്ധകേരളം' എന്ന് പിന്നീട് അറിയപ്പെടാൻ ഇടയായതിനുപിന്നിൽ വലിയൊരു സാമൂഹിക നവോത്ഥാനത്തിന്റെ, സുദീർഘവിപ്ലവങ്ങളുടെ ചരിത്രമുണ്ട്. അയ്യങ്കാളി, കെ.കേളപ്പൻ, നാരായണഗുരു തുടങ്ങിയവരുടെ അശ്രാന്തപരിശ്രമങ്ങളുടെ ചരിത്രം. നിരന്തരമായ സാമൂഹികപരിഷ്‌കരണങ്ങൾ ചാർത്തിനൽകിയ പ്രബുദ്ധ കേരളം എന്ന ആ പട്ടം പിന്നീട് ദ്രവിച്ചുതുടങ്ങിയതെപ്പോഴാണെന്നറിയില്ല. അതെപ്പോഴായാലും, പുരാതനമെന്നുതന്നെ വിശേഷിപ്പിക്കാവുന്നവിധത്തിൽ, പുസ്തകത്താളുകളിലൊഴിച്ച് ബാക്കിയെല്ലായിടങ്ങളിലും വിസ്മൃതിപ്പെട്ടുപോയൊരു സങ്കൽപമാണിപ്പോൾ പ്രബുദ്ധകേരളം എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ജാതി, മതം, ബന്ധങ്ങൾ തുടങ്ങി സാമൂഹിക, സാംസ്‌ക്കാരികതകളുടെ സർവ്വമാനങ്ങളിലും പിന്നോട്ടുള്ള യാത്രയാണ് ചില ദശകങ്ങളിലായി (പ്രത്യേകിച്ച് അവസാന രണ്ട് ദശകങ്ങളിൽ) നാം കണ്ടത്. സമൂഹത്തിന്റെയും വ്യക്തികളുടെയും മനസുകൾ ആദ്യത്തെ ഉണർവ്വിനെയൊക്കെ മറന്ന് കൂടുതൽ ഇടുങ്ങിവരുന്ന കാഴ്ച.
അങ്ങനെ, നവോത്ഥാനം എന്ന വാക്കിന്റെ സത്തയെ അമ്പേ മറന്ന്, തികച്ചും 'ഇഗ്‌നൊറന്റ്' ആയി, സ്വകേന്ദ്രീകൃതമായി ജീവിച്ചുവരുന്ന, ഒരു 'ചത്ത' സമൂഹമായ കേരളത്തിലാണ് ചുംബനസമരം പോലെ തീപിടിച്ചൊരു സമരം സംഭവിച്ചത്! ചത്ത സമൂഹം എന്ന് എടുത്ത് പറയാൻ കാര്യം, ഇനിയൊരിക്കലും ഇത്തരമൊരു സാമൂഹ്യപരിഷ്‌ക്കരണാർത്ഥവിപ്ലവത്തിന് സാധ്യത ഇല്ലാത്തവിധം നിർജ്ജീവവും പ്രതികരണശേഷിയില്ലാത്തതുമായ ഒരു സമൂഹമായിരുന്നു കുറേ കാലമായി കേരളത്തിന്റേത്, എന്നതുകൊണ്ടാണ്. ആരും പ്രതീക്ഷിച്ചിരുന്നില്ല. മതങ്ങളുടെയും രാഷ്ട്രീയസംഘടനകളുടെയും വ്യക്തികളുടെയും മോറൽ പൊലീസിങ് മുൻപും ഉണ്ടായിക്കൊണ്ടിരുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെപോയ പ്രതിഷേധസ്വരങ്ങൾ. വരാന്തയിലെ ഉച്ചമയക്കത്തിനിടയിൽ മുറ്റത്ത് പട്ടി കുരയ്ക്കുന്നതുകേട്ട് മയക്കം വിട്ട കാരണവർ കണ്ണ് പാതി തുറന്നുനോക്കിയ ശേഷം തിരിഞ്ഞുകിടന്ന് മയങ്ങുന്നതുപോലെ കേരളം പിന്നെയും മയങ്ങുകയായിരുന്നു.
ആ അലസകേരളത്തെ കുലുക്കിയുണർത്തിക്കൊണ്ടാണ് ഉമ്മകൾ ഉയർന്നുവന്നത്. അത് അവിശ്വസനീയമായിരുന്നു. അതിന്റെ വിജയം ആഹ്ലാദകരവും. ഒരുപക്ഷേ തുടങ്ങുന്നതിനുമുൻപേ വിജയിച്ച മറ്റൊരു സമരം സമീപകാല ചരിത്രത്തിലെങ്ങും കാണില്ല. പ്രഖ്യാപിച്ച നാൾ മുതൽ കേരളം ഉറ്റുനോക്കിയ സമരം. സദാചാരത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഫാസിസ്റ്റുകളെ പ്രതിരോധത്തിലാഴ്‌ത്തിയ, പരാജയപ്പെടുത്തിയ സമരം. മറൈൻ ഡ്രൈവിൽ, സന്ധ്യയുടെ കൊച്ചിക്കായലിനെയും കായലോളം ജനക്കൂട്ടത്തെയും പിന്നെ മാദ്ധ്യമങ്ങളെയും പൊലീസിനെയും സാക്ഷിനിർത്തി ആദ്യചുംബനം സംഭവിച്ച നിമിഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളസാമൂഹ്യപരിഷ്‌കരണ നാൾവഴികളിലെ ഏറ്റവും ആദ്യ, പ്രധാന നിമിഷമായി രേഖപ്പെടുത്തേണ്ടതുണ്ട് എന്ന് പറയുമ്പോൾ അതിശയിക്കേണ്ടതില്ല. മാറുമറയ്ക്കൽ സമരം, വൈക്കം സത്യഗ്രഹം തുടങ്ങിയ സമരങ്ങളോടാണ് ചുംബനസമരത്തെ ഉപമിക്കേണ്ടത് എന്ന് പറയുമ്പോൾ അത്ഭുതപ്പെടുകയും വേണ്ട. ആദ്യകേഴ്‌വിയിൽ അതൊരു അതിരുകടന്ന ഉപമയായിത്തോന്നാം. എന്നാൽ, അതൊക്കെയും അതത് കാലത്തെ സാമൂഹികവ്യവസ്ഥകൾ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സാമൂഹികാനീതികളോടുള്ള സമരങ്ങളായിരുന്നു. അക്കാലങ്ങളിലെ സമൂഹവും ഭരണകൂടങ്ങളും അംഗീകരിക്കാതിരുന്ന, പിന്നീട് അംഗീകരിക്കാൻ നിർബന്ധിതരായ, സമരങ്ങൾ. അതേപോലെതന്നെ, ചുംബനസമരവും, ഈ കാലത്തെ അർബുദം പോലെ ബാധിച്ച, എന്നാൽ സാംസ്‌ക്കാരികമായി മികച്ചതെന്ന് ഭൂരിപക്ഷം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു സാമൂഹികരോഗത്തിനെതിരെയുള്ള വിപ്ലവമാകുന്നു. സമൂഹം തൽക്കാലം അംഗീകരിക്കാത്ത വിപ്ലവം.
ചുംബനസമരത്തിനെതിരെ പ്രതികരിക്കുന്ന സദാചാരികളുടെ പ്രധാന ചോദ്യങ്ങളാണ്, 'നിന്റെ അമ്മയും പെങ്ങളുമാണെങ്കിൽ നീ സമ്മതിക്കുമോ', നിന്റെ അമ്മയും പെങ്ങളെയും ചുംബിക്കാൻ വിടുമോ' തുടങ്ങിയവ. ഈ ചോദ്യങ്ങളെല്ലാം തന്നെ പാട്ര്യാർക്കിയൽ ആയൊരു കുടുംബഘടന പിന്തുടരുന്ന പുരുഷാധികാരകേന്ദ്രീകൃതമായൊരു സമൂഹത്തിൽ നിന്നാണ് ഉണ്ടാകുന്നത്. അമ്മയും പെങ്ങളും ഭാര്യയും മകളും എന്ന കള്ളികൾക്കുള്ളിൽ തളച്ചിടപ്പെടുന്നവർ സ്വതന്ത്രവ്യക്തികൾ ആണെന്നും, അവരുടെ ജീവിതത്തിന്റെയും തീരുമാനങ്ങളുടെയും മീതെയുള്ള പൂർണ്ണാവകാശം അവർക്ക് മാത്രം ഉള്ളതാണെന്നും അംഗീകരിക്കാൻ മനസ്സില്ലാത്ത/മനസ്സിലാകാത്ത അച്ഛനോ ആങ്ങളയോ ഭർത്താവോ അമ്മാവനോ മകനോ മരുമകനോ ഒക്കെയായ, സംരക്ഷകർ ചമയുകയും ഭരിക്കുകയും ചെയ്യുന്നവർ രൂപീകരിച്ച, പുരുഷാധികാരങ്ങൾ മാത്രം നില കൊള്ളുന്ന സമൂഹത്തിൽ നിന്നുള്ള ചോദ്യങ്ങൾ. നമ്മുടെ സമൂഹത്തിലെ പ്രത്യക്ഷ സദാചാരസംഹിതകൾ പൂർണ്ണമായും സ്ത്രീ വിരുദ്ധമാണ് എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ചുംബനവിപ്ലവകാരികളോടുള്ള സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ ഈവക ചോദ്യങ്ങൾ.
ഇനി, ചുംബനസമരം സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരുടെ മുഖമടച്ചുള്ള അടിയും വൻ വിജയവുമായിരുന്നു എന്ന് പറയുമ്പോൾ തന്നെ, ദുഃഖ:കരമായൊരു വസ്തുത കൂട്ടിച്ചേർക്കണം. മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ നാലായിരത്തോളം വരുന്ന ജനക്കൂട്ടത്തിൽ ഒന്നോ രണ്ടോ ശതമാനമേ കാണൂ സമരത്തിൽ പങ്കെടുക്കാനും അഭിവാദ്യമർപ്പിക്കുവാനുമായെത്തിയവർ. ബാക്കിവരുന്ന മൃഗീയഭൂരിപക്ഷവും ചുളുവിൽ ഒരു മസാലസീൻ നേരിട്ടുകാണാൻ സാധിച്ചെങ്കിലോ എന്ന് കരുതി വന്നവരാണെന്ന് നോക്കാലും വാക്കാലും ചേഷ്ടകളാലും തെളിയിക്കുന്നുണ്ടായിരുന്നു. വലിയ ആൾക്കൂട്ടത്തിൽ, കാഴ്ചയെത്താത്തിടത്തേയ്ക്ക് എത്തിവലിഞ്ഞുനോക്കുന്നവർ തന്നെയാണ് പറയുന്നത്, 'ചന്തിക്കിട്ട് ചൂരലുകൊണ്ട് പെട കിട്ടാത്തതിന്റെ കുത്തിക്കഴപ്പാണ് ഇവറ്റോൾക്ക്,' എന്ന്. എന്തൊരു വിരോധാഭാസമാണത്! അപ്പോൾ ആ എത്തിവലിഞ്ഞുനോക്കൽ എന്തുതരം അസുഖമാണെന്ന് ആലോചിക്കുവാൻ മലയാളി ഇനിയും മാനസികമായി വളരേണ്ടിയിരിക്കുന്നു. ആ മാനസികവളർച്ചയില്ലാത്ത ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത് പരസ്യമായി ഉമ്മവയ്ക്കാനും അതിനപ്പുറം ചെയ്യാനുമുള്ള അവകാശത്തിനായുള്ള സമരമാണ്. തീർച്ചയായും ഇത് ഉമ്മ വയ്ക്കാനുള്ള അവകാശത്തിനായുള്ള സമരമാണ്.
എന്നാൽ ഇത് ഉമ്മ വയ്ക്കാനുള്ള അവകാശത്തിനായി മാത്രമുള്ള സമരമല്ല താനും. ഉമ്മകളെയും ലൈംഗികബന്ധത്തെയും രണ്ടായി കാണാൻ തയ്യാറല്ലാത്ത, കുറേക്കൂടി വസ്തുനിഷ്ഠമായിപ്പറഞ്ഞാൽ, അങ്ങനെ വ്യതിരിക്തമായി കാണാൻ മാത്രം മാനസ്സികവളർച്ചയില്ലാത്ത ദുഷിച്ചൊരു സാമൂഹ്യഭൂരിപക്ഷത്തിനെ ബോധവൽക്കരിക്കുവാനുള്ള ഒരു ശ്രമമാണിതെന്ന്, ഈ സമരത്തെപ്പറ്റി പരിഹസിക്കുന്നവരും രോഷം കൊള്ളുന്നവരും അറിയുന്നില്ല. ചുംബനം ഉൾപ്പെടെയുള്ള സ്‌നേഹപ്രകടനങ്ങൾ അത് പ്രണയത്തിന്റേതാവാം, വിരഹത്തിന്റേതാവാം, വേർപാടിന്റേതാവാം, വാൽസല്യത്തിന്റേതാവാം, കണ്ടുമുട്ടലിന്റേതാവാം, സൗഹൃദത്തിന്റേതാവാം, അവയൊക്കെയും മനുഷ്യർക്ക് അവർ ജീവിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള മാർഗ്ഗങ്ങളാണ്. മനുഷ്യൻ ഒറ്റയല്ല എന്ന് ബോദ്ധ്യപ്പെടാനുള്ള വിശുദ്ധവിനിമയങ്ങൾ. പൊതു ഇടമോ സ്വകാര്യ ഇടമോ എന്ന് നോക്കിമാത്രം അവയ്ക്ക് വെളിപ്പെടാനാകില്ല. അങ്ങനെ അവയെ തടുത്തുനിർത്താനുമാകില്ല. അപ്പോഴൊക്കെയും ഇത് 'കഴപ്പിന്റെ' പ്രശ്‌നമാണ് എന്ന് ആക്രോശിച്ച് ആക്രമിക്കാനണയുന്ന നാണംകെട്ട ഒരു ജനത നമ്മൾ ചില യാഥാസ്ഥിതിക പൗരസ്ത്യരാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായുണ്ടാവൂ. സ്‌നേഹം, സെക്‌സ് എന്നീ വാക്കുകളുടെ അർത്ഥചേർച്ചകളെയും അർത്ഥവ്യതിരിക്തതകളെയും തിരിച്ചറിയാനാവാത്ത, ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന ഒരു ജനത നാടിന് നാണക്കേടല്ലെങ്കിൽ പിന്നെ മറ്റെന്താണ്?
സദാചാരത്തിന്റെ അസ്‌കിത മൂലം ലൈംഗികപട്ടിണി അനുഭവിക്കേണ്ടിവരുന്ന ഒരു ജനതയുടെ 'കളക്ടീവ്' ആയ വിചിത്ര മനോവൈകല്യമാണ് ഈ മോറൽ പൊലീസിങ് എന്ന ക്ലീഷേ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. ആ ക്ലീഷേ കൂടുതൽ സങ്കീർണ്ണമാകുന്നത് സ്ത്രീയെ കാണുന്ന മാത്രയിൽ സ്ഖലിക്കുന്ന ദൈവങ്ങളെ പുരാണസ്ഥലികളിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ജനതയാണ് എന്നുകൂടി വരുമ്പോഴാണ്. അവർ തന്നെയാണ് ഗാന്ധർവ്വവിവാഹങ്ങളുടെയും ബഹുഭാര്യാത്വങ്ങളുടെയും പുരാണേതിഹാസകഥകൾ പാടി നടക്കുന്നത്. അത്യന്തം സങ്കീർണ്ണമായ ഇത്തരമൊരു മനോനില ഒരുപക്ഷേ ഇവിടെ മാത്രമേ കാണൂ. ഇങ്ങനെ പുലർന്നുപോരുന്ന ഈ കപടസംസ്‌ക്കാര,സദാചാരവാദികളെ, അവരുടെ ലൈംഗികദാരിദ്ര്യത്തിൽനിന്നുളവായ മാനസികസംഘർഷവും മനോവൈകല്യവും ചേർന്ന്, ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് നടന്നാൽ, കൈകോർത്തുപിടിച്ചാൽ, ചുംബിച്ചാൽ, ആലിംഗനം ചെയ്താൽ, ഒക്കെയും അതെല്ലാം ലൈംഗികതയുടെ രൂപാന്തരങ്ങളായി മാത്രം വിവക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ഇലാമാപ്പഴം കഴിച്ച് അന്ധരായ ആ ജനതയ്ക്ക് കാഴ്ച നൽകുക എന്നതാണ് ചുംബനസമരത്തിന്റെ ലക്ഷ്യം. ചുംബനം എന്ന വിശുദ്ധവും മഹത്തുമായ, മനുഷ്യസഹജമായ സ്‌നേഹപ്രകടനവൃത്തിയെ പ്രതീകമാക്കി വിപ്ലവകാരികൾ സമരം ചെയ്യുന്നു എന്നുമാത്രം.
ഭൂരിപക്ഷസമൂഹം ഇത്തരം വിപ്ലവാത്മക നവോത്ഥാനശ്രമങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും, അതത് കാലങ്ങളിലെ ഭരണകൂടങ്ങൾ പലവിധ കാരണങ്ങളാൽ അപ്പോഴൊക്കെയും ഭൂരിപക്ഷത്തിനൊപ്പമായിരിക്കുമെന്നും, നഗരത്തിലെ ട്രാഫിക് നിയന്ത്രണങ്ങളും കനത്ത പൊലീസ് ബന്തവസും മുൻകൂർ അറസ്റ്റുകളും പൊതുജനങ്ങളുടെ പ്രതികരണങ്ങളും വ്യക്തമാക്കുന്നുണ്ടായിരുന്നു. എങ്കിലും ഇവയെ എല്ലാം അതിജീവിച്ച് ഒരു ചുംബനമെങ്കിൽ ഒരു ചുംബനം, അത് സംഭവിച്ചാൽ ആ നിമിഷം ചരിത്രമാകുമെന്നാത് ഉറപ്പായിരുന്നു. അത് സാധിക്കുകതന്നെ ചെയ്തു. അവർ ചുംബിച്ചു. മലയാളമനോരമ അവരുടെ നൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനത്തിനിടയിൽ ചെയ്ത ആദ്യത്തെ പുണ്യപ്രവൃത്തി, ആ ചുംബനത്തിന്റെ ചിത്രമായിരുന്നു. (ഓൺലൈൻ എഡിഷന്റെ കച്ചവടസാധ്യതകൾക്കായി ഉപയോഗിക്കുന്നതിനപ്പുറം പ്രിന്റ് എഡിഷനുകളിൽ പ്രസിദ്ധീകരിക്കുവാനുള്ള നട്ടെല്ല് അവർക്കില്ലായിരുന്നുവെങ്കിലും, പകരം അവർ പ്രസിദ്ധീകരിച്ചത് ഭൂരിപക്ഷജനതയെ തൃപ്തിപ്പെടുത്തുന്ന, 'ചൂരൽക്കഷായചിത്രങ്ങൾ' ആയിരുന്നുവെങ്കിലും.) ഇത്രയധികം വിനിമയസാധ്യതയുള്ള ഒരു ചിത്രം നമ്മുടെ മാദ്ധ്യമങ്ങളിൽ കണ്ടിട്ട് കാലമൊരുപാടായിട്ടുണ്ട്. കുത്തബ്ദിൻ അൻസാരിയുടെ 'തൊഴുകൈ നിറമിഴി ചിത്രം' പോലെ, ഭാവിയിൽ ഒരു ഐക്കൺ ചിത്രം ആകാൻ കരുത്തുള്ള ഒന്ന്. വിപ്ലവത്തിന്റെ മൂന്നാംകരയായ, ആവേശത്തിന്റെ പരകോടിയായ, പ്രചോദനത്തിന്റെ കൊടുമുടിത്തുമ്പായ, മാറ്റത്തിന്റെ അഗ്‌നിയാന്ധിയായ ചിത്രം! മാറ്റം പതുക്കെയേ സംഭവിക്കൂ. എന്നാൽ ആ ചിത്രം മാറ്റങ്ങളുടെ നാന്ദിയായി കേരളസാമൂഹികചരിത്രത്തിൽ എന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു!