കോഴിക്കോട്: കട്ടവനെ കിട്ടിയില്‌ളെങ്കിൽ കിട്ടിയവനെ പ്രതിയാക്കുകയെന്ന പഴയ രീതി നമ്മുടെ പൊലീസിൽനിന്ന് ഇനിയും മാറിയിട്ടില്‌ളെന്ന് തെളിയിക്കുന്ന ഒരു സംഭവംകൂടി ഇതാ കോഴിക്കോട്ടുനിന്നും. സംഘർഷം റിപ്പോർട്ട് ചെയ്യാനത്തെിയ മാധ്യമ പ്രവർത്തകൻ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസിൽ കുറ്റാരോപിതനെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടിരിക്കയാണ്.

സവർണ ഫാഷിസത്തിനെതിരെ കോഴിക്കോട് കിഡ്‌സൺ കോർണറിൽ ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ഞാറ്റുവേല പ്രവർത്തകരും, ഹനുമാൻ സേനാ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടയിലാണ് തേജസ് ലേഖകൻ പി എ അനീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ടൗൺ പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനീബിനെ കുറ്റക്കാരനല്ലന്നെു കണ്ടു വെറുതെ വിട്ടത്.

2016 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സംഘർഷം റിപ്പോർട്ട് ചെയ്യന്നതിനിടയിൽ സമര പ്രവർത്തകൻ എന്നു ധരിച്ച് അനീബിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് സ്റ്റേഷനിലത്തെിച്ച് പൊലീസ് ഭീകരമായി മർദിച്ചിരുന്നു.പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ഇല്ലാത്ത ഭാഗത്തുകൊണ്ടുപോയായിരുന്നു ക്രൂരമായ മർദനം.

ആളുമാറിയാണ് അറസ്റ്റ് എന്ന് മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവർ പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. ഇയാൾ മാവോയിസ്റ്റ് ബന്ധമുള്ള പൊലീസ് നിരീക്ഷിച്ചുവരുന്ന ആളാണെന്നും വിശദീകരിച്ച് കസ്റ്റഡിയെ ന്യായീകരിക്കാനാണ് മതിർന്ന പൊലീസ് ഉദ്യോഗസ്ഥർപോലും ശ്രമിച്ചത്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുക്കാൻ മുതിർന്നെങ്കിലും പത്രപ്രവർത്തക യൂണിയന്റെയും, സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടേയും പ്രതിഷേധം കാരണം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു അനുമതിയില്ലാതെ സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച്, അനീബിനെതിരെ കേസ് എടുത്ത് കോഴിക്കൊട് സബ്ബ് ജയിലിൽ റിമാൻഡ് ചെയ്തു. അനീബിനെ വ്യാജ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദിച്ച പൊലീസ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ വെച്ച് നടന്ന സംഭവത്തിൽ എഫ് ഐ ആർ ഇട്ടത് മൂന്നു മണിക്കൂറുകൾക്കു ശേഷമാണ്. അനീബിനെതിരെ എടുത്ത രണ്ടു കേസിലും സംഭവ സമയം രേഖപ്പെടുത്തിയതിൽ മണിക്കൂറുകളുടെ വ്യത്യാസവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അനീബിനു വേണ്ടി ഹാജരായ അഡ്വ. കെ പി രാജഗോപാൽ, അഡ്വ.പി അബിജ എന്നിവർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

അനീബ് ജോലിചെയ്യുന്നത് പോപ്പുലർഫ്രണ്ടിന്റെ പത്രമായ തേജസിലായതിനാൽ ആദ്യം തീവ്രവാദബന്ധമാണ് പൊലീസ് ചാർത്താൽ ശ്രമിച്ചത്. എന്നാൽ പൊതുരംഗത്തും സജീവമായിരുന്ന അനീബിനെതിരെ ഈ രീതിയിൽ ഒരു പരാതി ഫ്രെയിം ചെയ്താൽ നിലനിൽക്കില്‌ളെന്ന് കണ്ടാണ് പൊലീസ് മാവോയിസ്റ്റ് കഥയിലേക്ക് തിരിഞ്ഞത്.

അനീബിന്റെ മവോയിസ്റ്റ് ബന്ധങ്ങൾ തങ്ങൾ പരിശോധിച്ചുവരികയകാണെന്നാണ് ഇയാളെ അറസ്റ്റ്‌ചെയ്ത് രണ്ടാം ദിവസം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.എന്നാൽ ഇക്കാര്യത്തിൽ തെളിവൊന്നും കിട്ടാത്തതിനാൽ കോടതിയിൽ പൊലീസ് മവോയിസ്റ്റ് ബന്ധം പരാമർശിച്ചിരുന്നില്ല.പൊലീസിനെ ആക്രമിച്ചു എന്നത് മാത്രമായിരുന്നു അനീബിനെതിരായ പ്രധാന കുറ്റം.അവിടെയും കോടതിയിൽ പൊലീസ് കൈയോടെ പിടിക്കപ്പെട്ടു.സംഭവം നടന്നത് പതിനൊന്ന് മണിക്കാണെങ്കിലും പരിക്കേറ്റെന്ന് പറയുന്ന പൊലീസുകാരൻ അന്നേ ദിവസം 10.30ന് തന്നെ ആശുപത്രിയിൽ പോയതായി രേഖകളിൽ വ്യക്തമാണ്.

പക്ഷേ താൻ മാവോയിസ്റ്റ് അല്‌ളെന്നും ഒരു മനുഷ്യസ്‌നേഹി മാത്രമാണെന്നുമാണ് അനീബ് ഇപ്പോഴും പ്രതികരിച്ചത്. ഏതായാലും നീണ്ട പീഡനത്തിനൊടുവിൽ നിരപരാധിത്വം തെളിഞ്ഞ സന്തോഷത്തിലാണ് ഈ മാധ്യമ പ്രവർത്തകൻ.