ന്യൂഡൽഹി: കർഷക സമരം 37 ദിവസം പിന്നിടവേ,റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്കു ട്രാക്ടർ റാലി നടത്തുന്നതടക്കുമുള്ള കടുത്ത സമരരീതികളിലേക്ക് കടക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാരുമായുള്ള അടുത്ത ചർച്ചയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് 'കിസാൻ പരേഡ്' നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്.

'റിപ്പബ്ലിക് ദിനം ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തെ പ്രതിനിധീകരിക്കുന്നു എന്നതിനാലാണ് അന്നു തന്നെ ട്രാക്ടർ പരേഡ് സംഘടിപ്പിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ജനുവരി നാലിന് ഞങ്ങൾക്കു സർക്കാരുമായി ചർച്ചയുണ്ട്. അഞ്ചിന് വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി ആറിന് കുന്ദ്‌ലിമനേസർപൽവാൽ എക്സ്‌പ്രസ് വേ വഴി ഹരിയാനയിൽനിന്ന് ട്രാക്ടർ മാർച്ച് തുടങ്ങും. 15 ദിവസം ഞങ്ങൾ അങ്ങനെ പ്രതിഷേധിക്കും. ജനുവരി 23ന് സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനമാണ്. അന്നേ ദിവസം ഗവർണറുടെ വീടിന് പുറത്ത് പ്രതിഷേധിക്കും കർഷകരുടെ പ്രതിനിധിയായ ഡോ. ദർശൻ പാൽ മാധ്യമങ്ങളോടു പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെ ഏഴംഗ കോർഡിനേഷൻ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിലാണ് ദർശൻ പാൽ കർഷകരുടെ നിലപാടു വ്യക്തമാക്കിയത്. ട്രാക്ടറുകളിൽ ദേശീയപതാകയുമായാണ് ജനുവരി 26ന് റാലി നടത്തുക. രാജ്യത്താകമാനം ഭരണസിരാകേന്ദ്രങ്ങളിലേക്ക് അന്നേ ദിവസം പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനപരേഡിന് ശേഷമായിരിക്കും കർഷകരുടെ പരേഡെന്നും നേതാക്കൾ വ്യക്തമാക്കി. ഒന്നുകിൽ വിവാദ നിയമങ്ങൾ പിൻവലിക്കുക, അല്ലെങ്കിൽ സേനയെ ഉപയോഗിച്ച് ഞങ്ങളെ നീക്കുക ഇതാണ് സർക്കാരിന് മുന്നിലുള്ള രണ്ടു വഴികളെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണ്. മിനിമം താങ്ങുവില ചൂണ്ടിക്കാട്ടി സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കർഷക പ്രതിനിധികൾ അറിയിച്ചു.

മിനിമം താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അതിനായി നിയമം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് ഞങ്ങളുടെ അവകാശമാണ് കർഷക നേതാവ് ഗുർനാം സിങ് ചധൂനി മാധ്യമങ്ങളോടു പറഞ്ഞു. ഈ ആഴ്ച ആദ്യം കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള ആറാം ഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ജനുവരി നാലിന് ആറാം ഘട്ട ചർച്ചയാണ് നടക്കുന്നത്. ഇതിന് മുൻപ് നടന്ന യോഗങ്ങളിലെല്ലാം തങ്ങൾ ഉന്നയിച്ച അഞ്ച് ശതമാനം പ്രശ്‌നങ്ങളിൽ മാത്രമെ ചർച്ച നടന്നിട്ടുള്ളൂവെന്നും കർഷകർ പറഞ്ഞു.'ജനുവരി നാലിന് നടക്കുന്ന ചർച്ചയിലും തീരുമാനമായില്ലെങ്കിൽ ഹരിയാനയിലെ പെട്രോൾ പമ്പുകളും മാളുകളും അടക്കുന്ന തിയതി ഞങ്ങൾ പ്രഖ്യാപിക്കും', കർഷക നേതാവ് വികാസ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഹരിയാന-രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ പ്രതിഷേധിക്കുന്ന കർഷകർ ഡൽഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.അടുത്ത യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ജനുവരി ആറിന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്.