റാഞ്ചി: ചുംബന മൽസരം സംഘടിപ്പിച്ച ജാർഖണ്ഡ് എംഎൽഎ വിവാദത്തിൽ. ആദിവാസി ദമ്പതികൾക്കിടയിലെ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കാൻ ചുംബന മൽസരം സംഘടിപ്പിച്ച ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും ഝാർഖണ്ഡിലെ ലിട്ടിപാര നിയോജക മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയുമായ സൈമൺ മറാൻഡിയാണ് വിവാദത്തിൽപ്പെട്ടത്. കഴിഞ്ഞ 10-ാം തിയതിയായിരുന്നു എംഎൽഎ ചുംബന സമരം സംഘടിപ്പിച്ചത്. ഈ വിവരം തിങ്കളാഴ്ചയാണ് ഝാർഖണ്ഡിലെ പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കിയത്.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ജാർഖണ്ഡ് മുക്തി മോർച്ചക്കാരനായ സ്റ്റീഫൻ മറാൻഡി എംഎൽഎയും സന്നിഹിതനായിരുന്നെന്നാണ് റിപ്പോർട്ട്. മറാൻഡിയുടെ മണ്ഡലത്തിൽപ്പെട്ട പകൂരിൽ പരമ്പരാഗത ഉത്സവാഘോഷത്തിനിടെയാണ് ചുംബന മൽസരം സംഘടിപ്പിച്ചത്. മൽസരത്തിനൊടുവിൽ മികച്ച രീതിയിൽ ചുംബനം കാഴ്ചവച്ച മൂന്ന് ദമ്പതികൾക്ക് സമ്മാനവും നൽകി.

ചുംബന മൽസരത്തിന്റെ വിവരം പുറത്തായതോടെ എംഎൽഎയെ വിമർശിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സൈമൺ മറാൻഡിയെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ആദിവാസി ദമ്പതികൾക്കിടയിൽ വർധിച്ചുവരുന്ന വിവാഹമോചനങ്ങൾക്ക് അറുതിവരുത്താനുദ്ദേശിച്ചാണ് ഇത്തരമൊരു മൽസരം സംഘടിപ്പിച്ചതെന്നാണ് എംഎൽഎയുടെ വിശദീകരണം. ദമ്പതിമാർക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടുത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശം. പൊതുവെ മുഖ്യധാരയിൽനിന്ന് മാറിനിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് ആദിവാസി വിഭാഗക്കാർ. ഇത്തരത്തിൽ പൊതുജന മധ്യത്തിൽ ചുംബിക്കുന്നതിലൂടെ ഈ മടിയൊക്കെ മാറും എംഎൽഎ പറഞ്ഞു.

അതേസമയം, ചുംബനമൽസരം സംഘടിപ്പിച്ച എംഎൽഎയെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. ഇത്തരമൊരു മൽസരം സംഘടിപ്പിക്കുന്നതിലൂടെ ജെഎംഎം എന്താണ് ഉദ്ദേശിക്കുന്നത്? ആദിവാസി ദമ്പതികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്. ആദിവാസി സംസ്‌കാരത്തെ വികലപ്പെടുത്തുന്ന നീക്കമാണ് സൈമൺ മറാൻഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ബിജെപി നേതാവ് രമേഷ് പുഷ്‌കർ ചൂണ്ടിക്കാട്ടി.