- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ശ്രമം തെലുങ്കാനയിൽ നിന്ന് ഒരു സംരഭകനെ എങ്കിലും കൊച്ചിയിൽ എത്തിക്കാൻ; ഇൻവെസ്റ്റുമെന്റ് റോഡ് ഷോ ഫലം കാണുമെന്ന പ്രതീക്ഷയിൽ പിണറായി; എല്ലാത്തിനും പിന്നിൽ നിന്നത് ബ്രിട്ടാസ്; വ്യവസായമന്ത്രി പോലുമില്ലാതെ വ്യവസായികളെ ക്ഷണിക്കാൻ മുഖ്യന്ത്രി വ്യവസായ സൗഹൃദ സന്ദേശം നൽകുമ്പോൾ; ഇത് കിറ്റക്സിലെ പ്രതികാരം
ഹൈദരാബാദ്: തെലുങ്കാനയിലെ നിക്ഷേപസംഗമത്തിന് പിന്നിലും ജോൺബ്രിട്ടാസിന്റെ കരുതലും ഇടപെടലും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയൻ ഹൈദരാബാദിൽ എത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് വ്യവസായികളുമായുള്ള യോഗം വിളിച്ചത്. തെലങ്കാനയിലെ വ്യവസായ സാധ്യതകളേക്കുറിച്ച് പഠിക്കാനും അവിടുത്തെ വ്യവാസായികളെ കേരളത്തിലേക്ക് എത്തിക്കാനുമാണ് നീക്കം. ബ്രിട്ടാസാണ് ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്.
തെലുങ്കാനയിലേക്ക് കിറ്റക്സ് പോയത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ തെലുങ്കാന ഇടപെടൽ. വിവിധ മേഖലകളിലുള്ള വ്യവസായ സാധ്യതകളാണ് ചർച്ചയായത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്സ് തെലങ്കാനയിലേക്ക് പോയതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് ഇത്. കേരളം ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ചർച്ചയുടെ ലക്ഷ്യം. കേരളത്തിലേക്ക് പുതിയ വ്യവസായ സംരംഭകരെ ക്ഷണിച്ചാണ് തെലങ്കാനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 'ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ'.നടന്നത്.
കേരളം വ്യവസായ സൗഹൃദമല്ലെന്നുപ്രഖ്യാപിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് നിക്ഷേപത്തിനുള്ള ഇടംകണ്ടെത്തിയത് തെലങ്കാനയിലാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് തെലങ്കാനയിലെ വ്യവസായികളെ ബോധ്യപ്പെടുത്തുകയാണ് ഷോയിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച ഹൈദരാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ക്രഡായി എന്നിവയുടെ പ്രതിനിധികൾ, ഐ.ടി.-ഫാർമ മേഖലകളിലെ വ്യവസായപ്രമുഖർ എന്നിവരെല്ലാമാണ് നിക്ഷേപകമീറ്റിൽ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ടൂറിസം ഡയറക്ടറും കെ.എസ്ഐ.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടറുമായ കൃഷ്ണ തേജ മൈലാവരപ്പ് എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരും മീറ്റിൽ പങ്കെടുത്തു. കേരളത്തിൽ വ്യവസായസംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങളിലെ ലാളിത്യം, നിക്ഷേപസൗഹൃദ നടപടികൾ, സംരംഭം തുടങ്ങൽ എളുപ്പമാക്കാൻ നിയമപരമായി വരുത്തിയ മാറ്റം എന്നിവയെല്ലാം വ്യവസായികളെ ബോധ്യപ്പെടുത്തി. വ്യവസായ മന്ത്രി തെലുങ്കാനയിലെ പരിപാടിക്ക് എത്തിയില്ലെന്നതാണ് വസ്തുത.
കേരളം വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനങ്ങളിൽ മുമ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു. ഉത്തരവാദിത്വമുള്ള നിക്ഷേപങ്ങൾക്കും ഉത്തരവാദിത്വമുള്ള വ്യവസായങ്ങൾക്കുമുള്ള ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. ശക്തവും സുസ്ഥിരവുമായ വ്യാവസായിക വികസനത്തിനുള്ള സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലുങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. കേരളത്തിൽ നിന്നും കിറ്റക്സ് തെലുങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലുങ്കാനയിൽ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.
സംഗമത്തെ കുറിച്ച് മുഖ്യമന്ത്രി പറയുന്നത്
സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയിൽ പങ്കാളികൾ ആക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തി ഇന്ന് ഹൈദരാബാദിൽ വച്ച് 'കേരള ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ' എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയുടെ ഭാഗമാവുകയും, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം മെച്ചപ്പെടുത്താനുള്ള മികച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ക്രിയാത്മക നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും. സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. അതുറപ്പു വരുത്താൻ ഇത്തരം ഉദ്യമങ്ങൾക്ക് സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ