ഹൈദരാബാദ്: കേരളം വിടാൻ തീരുമാനിച്ച കിറ്റക്‌സ് ഗ്രൂപ്പ് ഒടുവിൽ തെലങ്കാനയിൽ ചേക്കേറാൻ തീരുമാനിച്ചു. കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു ട്വീറ്റ് ചെയ്തു. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റക്സ് തെലങ്കാനയിൽ രംഗപ്രവേശം ചെയ്യും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികൾക്കുള്ള വസ്ത്രനിർമ്മാതാക്കളായ കിറ്റക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തിൽ കിറ്റെക്സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു. ടെക്സ്റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാർ സ്ഥിരീകരിക്കുന്നതായി കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായുള്ള രണ്ടാം ഘട്ട ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. സാബു ജേക്കബും സംഘവും വാറങ്കൽ ടെക്‌സ്റ്റൈൽസ് പാർക്ക് സന്ദർശിച്ചിരുന്നു. ഇവിടെയാണ് 1000 കോടി കിറ്റക്‌സിന് വേണ്ടി നിക്ഷേപമിറക്കുക.

ആദ്യ ഘട്ട ചർച്ച നടക്കുന്ന ആഡംബര ഹോട്ടലായ ഐടിസി കക്കാത്തിയയിൽ വച്ചായിരുന്നു. പിന്നീട് രണ്ടാം ഘട്ട ചർച്ചയ്ക്കായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തിരിച്ചു. എം ഡി സാബു എം ജേക്കബിനും സംഘത്തിനും ഊഷ്മളമായ സ്വീകരണമാണ് ഹൈദാബാദിൽ ലഭിച്ചത്. യ സംഘവുമായി തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി. മൂലധന സബ്‌സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ കിറ്റക്‌സിന് വാഗ്ദാനം നൽകിയിരിക്കുന്നത്. തെലങ്കാനയിൽ നിലനിൽക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു. ചർച്ചയുടെ ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ കെ ടി രാമറാവു ട്വീറ്റ് ചെയ്തിട്ടുണ്ട്.

തെലങ്കാന സർക്കാരുമായി ചർച്ച നടത്താൻ കിറ്റക്‌സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ് അടങ്ങുന്ന ആറംഗസംഘമാണ് ഹൈദരാബാദിലെത്തിയത്. സംഘം നാളെ മടങ്ങും. തെലങ്കാന സർക്കാർ അയച്ച് സ്വകാര്യ വിമാനത്തിലാണ് സംഘം ഹൈദരാബാദിലെത്തിയത്. വിവിധ മേഖലകളനുസരിച്ച് നിരവധി പ്രത്യേക ആനുകൂല്യങ്ങളും തെലങ്കാന സർക്കാർ കിറ്റക്‌സിന് വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉദ്യോഗസ്ഥരുമായും കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ഫോണിൽ സംസാരിച്ചിരുന്നു.

കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്‌സിന്റെ ഓഹരിയിൽ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ ഓഹരി വിൽപ്പന തുടങ്ങിയപ്പോൾ തന്നെ നേട്ടങ്ങളായിരുന്നു കമ്പനിക്ക്. 117.75 രൂപയിലാണ് ഓഹരി വിൽപ്പന ആരംഭിച്ചത്. പിന്നാലെ കുത്തനെ ഉയർന്നു. കേരളത്തിൽ നിന്നും തെലുങ്കാനയുമായി ചർച്ചകൾ നടത്തുന്നതിനായി സ്വകാര്യ ജെറ്റിൽ കയറുമ്പോൾ തന്നെ വിപണിയിൽ കുതിപ്പുണ്ടായി.

മാധ്യമ വാർത്തകൾ കൂടിയായപ്പോൾ ഈ കുതിപ്പ വലിയ നേട്ടത്തിലേക്ക് പോകുകയാണ് ഉ്ണ്ടത്. ഏറ്റവും ഒടുവിൽ വിപണി ക്ലോസ് ചെയ്യുമ്പോൾ 140.85 രൂപയിൽ എത്തിയിട്ടുണ്ട് കിറ്റക്സിന്റെ ഒരു ഷെയർ വില. അതായത് ഒരു ദിവസം കൊണ്ട് മാത്രം 23.45 രൂപയുടെ നേട്ടമുണ്ടാക്കി. ഏതാണ്ട് 19.97 ശതമാനത്തിന്റെ വർധനയാണ് ഇത്. ഒരു ദിവസം മാത്രം കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിൽ 200 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കിറ്റെക്സിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.

അടുത്തകാലത്തായി കിറ്റ്ക്സ് ഉണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോഴത്തേത്. 3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലേക്ക് പോയതാണ് ഈ ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സർക്കാർ അയച്ച ഫ്ളൈറ്റിൽ ചർച്ചകൾക്കായി കിറ്റക്സ് സംഘം എത്തിയപ്പോൾ മുതൽ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരണം നൽകി.

ഹൈദ്രാബാദിൽ വെച്ച് വ്യവസായ - ഐടി മന്ത്രി കെ ടി രാമറാവു ലഞ്ച് ഒരുക്കിയിരുന്നു. ഈ ലഞ്ച് കഴിയുമ്പോഴേക്കും ഓഹരി വിപണിയിലും വൻ കുതിപ്പാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായ തെലുങ്കാനയിലേക്ക് കിറ്റക്‌സ് പറിച്ചു നടുന്നു എന്ന വാർത്തകൾ വന്നതാണ് ഇപ്പോൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിന് കാരണമായത്. വലിയ പ്രതീക്ഷയോടെയാണ് തെലുങ്കാനയിലേക്ക് സാബവും സംഘവും എത്തിയത്. കേരളം അത്ര നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നന മറുവശവും കിറ്റെക്സിന്റെ മറുകണ്ടം ചാടലിൽ ഉണ്ട്.