''പുരുഷന്റെ പകുതി അവകാശമല്ലേ സ്ത്രീകൾക്കുള്ളൂ. അപ്പോൾ പിന്നെ സ്ത്രീകൾ ദേഹം മൂടി നടക്കുന്നതിനു പകരം പകുതി വസ്ത്രം ധരിച്ചാൽ പോരേ?'മേമുണ്ട സ്‌കൂൾ വിദ്യാർത്ഥികൾ കലോത്സവത്തിൽ അവതരിപ്പിച്ച കിത്താബ് എന്ന നാടകത്തിൽ ഒരു പെൺകുട്ടി ചോദിക്കുന്ന ചോദ്യമാണിത്. ഒരു കുട്ടിയുടെ കൗതുകമുള്ള യുക്തി. ഈ നാടകവും അതവതരിപ്പിച്ച സ്‌കൂളും ഇസ്ലാമികസംഘടനകളിൽ നിന്ന് എതിർപ്പുകൾ നേരിടുന്നുണ്ട്. യുക്തിവാദികളുടെ ചിന്തകളെ മതത്തിനുള്ളിലേക്ക് കയറ്റേണ്ട എന്നാണ് പലരുടെയും വാദം. സ്റ്റൈലൈസേഷനിലൂടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തിന്റെ സ്‌ക്രിപ്റ്റ് ഒട്ടും മെച്ചപ്പെട്ടതല്ല. പക്ഷേ ആ നാടകം മുന്നോട്ടു വെക്കുന്ന ആശയലോകം ഇസ്ലാമിലെ സ്ത്രീപദവിയെ സംബന്ധിച്ചുള്ളതാണ്. ശബരിമലക്കാലത്തു തന്നെ അത്തരമൊരു സംവാദത്തിന് ഇത് വഴി തുറക്കുമെങ്കിൽ ആ നാടകത്തിന്റെ ചരിത്രപരമായ പ്രസക്തി അതായിരിക്കും.

ചിന്താശേഷി കുറഞ്ഞവർക്ക് എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള ന്യായമാണ് മതവും യുക്തിയും തമ്മിൽ ചേരില്ല എന്നത്. പക്ഷേ ലൗകിക കാര്യങ്ങളിൽ യുക്തിയെ പരമപ്രധാനമായി കാണുന്നതാണ് ഇസ്ലാമിന്റെ ചിന്താചരിത്രം. ഇസ്ലാമിന്റെ രണ്ട് മുഖ്യ അടിസ്ഥാനങ്ങൾ ഖുർആനും ഹദീസുമാണ്. പ്രവാചകന്റെ കാലശേഷം പ്രവാചകചര്യയായി ആളുകൾ പലതും പറയുന്ന ഘട്ടത്തിലാണ് യുക്തിയെ മുൻനിർത്തി പ്രവാചക ചര്യകൾ -ഹദീസുകൾ ക്രോഡീകരിക്കുന്ന ഒരു നിദാനശാസ്ത്രം രൂപീകരിക്കേണ്ട ആവശ്യമുണ്ടായത്. AD 632ൽ പ്രവാചകൻ മരിച്ചതിനു ശേഷം രണ്ടര നൂറ്റാണ്ടോളം കഴിഞ്ഞാണ് ഇസ്ലാമിക ചിന്താചരിത്രത്തിലെ വലിയ ബുദ്ധിജീവികളിലൊരാളായിരുന്ന ഇമാം ബുഖാരി ഈ പഠനശാഖയ്ക്ക് രൂപം കൊടുക്കുന്നത്.

പ്രവാചകന്റെ മരണം നടന്ന് രണ്ട് നൂറ്റാണ്ടിനകം പ്രചരിക്കപ്പെട്ടിരുന്ന ആറു ലക്ഷത്തോളം ഹദീസുകളിൽ നിന്ന് 7254 ഹദീസുകളാണ് ആധികാരികമായി ബുഖാരി തെരഞ്ഞെടുക്കുന്നത്. അതിൽ തന്നെ 4000 ഹദീസുകൾ ആവർത്തനങ്ങളായും മാറ്റി നിർത്തി. ചുരുക്കിപ്പറഞ്ഞാൽ 596725 വ്യാജഹദീസുകൾ ഉണ്ടായിരുന്നു എന്നർത്ഥം. സ്‌കെപ്റ്റിസിസമായിരുന്നു ബുഖാരിയുടെ മെത്തഡോളജി. സംശയിക്കുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി. യുക്തിയെ മുൻനിർത്തി നിരന്തരം ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് തന്നെ സ്വീകരിക്കപ്പെട്ടതെന്നർത്ഥം. പക്ഷേ, പില്ക്കാലം മുസ്ലിം സമൂഹം പൂർണമായും ഉപേക്ഷിച്ചതാണ് ഈ മെത്തഡോളജി. പണ്ഡിതർ എന്നു പേരുള്ളവർ പറയുന്ന ഏതു വിഡ്ഢിത്തവും സംശയമോ ചോദ്യമോ കൂടാതെ സ്വീകരിക്കാൻ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ഇന്ന് ബുഖാരിയുടെ സമുദായം.

പൊതുജീവിതത്തിൽ സ്ത്രീക്ക് മതം കൽപിച്ചു നൽകുന്ന അതിരുകളെയാണ് ആ നാടകം പ്രശ്നവൽക്കരിക്കുന്നത്. നാടകത്തിനെതിരെ കേവലമായ എതിർപ്പുകൾ ഉയർത്തുന്നതിനു പകരം, അതിനെ ഒരു സംവാദ വിഷയമായി ഏറ്റെടുക്കാനുള്ള ബൗദ്ധിക സത്യസന്ധതയെങ്കിലും ആ സംഘടനകൾ കാണിക്കേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങളേറ്റെടുക്കാനും, പ്രവാചകനോട് സ്വതന്ത്രമായി ആശയവിനിമയം നടത്താനും, പുരുഷന്മാരോട് തർക്കങ്ങൾ ഉന്നയിക്കാനും സൈനികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ പങ്കാളികളാവാനും ശേഷിയുള്ള ഒരു സ്ത്രീസമൂഹത്തെയാണ് പ്രവാചകന്റെ ചരിത്രത്തിൽ നാം കാണുന്നത്. പ്രവാചകന്റെ സഹപ്രവർത്തകൻ എന്നർത്ഥം വരുന്ന സഹാബി എന്ന അറബി പദത്തിന് സ്ത്രീലിംഗമുണ്ടാവുന്നത് അങ്ങനെയാണ്. പക്ഷേ പിൽക്കാല ഇസ്ലാമികസമൂഹം സ്ത്രീകളോട് എങ്ങനെയാണ് അനീതി കാണിച്ചത് എന്നത് ചർച്ച ചെയ്യപ്പെടുക തന്നെ വേണം. പ്രവാചകപത്നിയായ ആയിഷയെ മാതൃസ്ഥാനത്താണ് മുസ്ലിം സമൂഹം കാണുന്നത്.

പ്രവാചകന്റെ മരണത്തിനു ശേഷം നാലാമത്തെ ഖലീഫയായ അലിക്കെതിരെ യുദ്ധത്തിന് നേതൃത്വം കൊടുത്തവരാണവർ.സൈനിക നീക്കവുമായി ബന്ധപ്പെട്ട് ബസ്റയിലെ പള്ളിയിൽ പ്രമുഖരുടെ യോഗം വിളിച്ചു കൂട്ടി രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നുണ്ടവർ. ആയിഷയുടെ പാരമ്പര്യം അറേബ്യയ്ക്കു പുറത്തുള്ള ഇസ്ലാമികസമൂഹങ്ങളിലും തുടർച്ച തേടി.ഇന്ത്യന്മഹാസമുദ്രതീരത്തെ രാജ്യങ്ങളിൽ ഇരുനൂറോളം ഇടങ്ങളിൽ സ്ത്രീകൾ ഭരണാധികാരം കൈയാളിയിരുന്നു. കേരളത്തിൽ അറയ്ക്കൽ ബീവിയായിരുന്നു ഉത്തരമലബാറിലെ മുസ്ലിംപള്ളികളിൽ ആരാണ് ഖാദിമാരാവേണ്ടത് എന്നു നിശ്ചയിച്ചിരുന്നത് എന്നതോർക്കണം.ആ ആയിഷയുടെ ചരിത്രമാണ് മതത്തിനകത്തെ സ്ത്രീവിരുദ്ധപൗരോഹിത്യം പിൽക്കാലത്ത് മായ്ച്ചു കളഞ്ഞത്. ഒട്ടകയുദ്ധം (ആമേേഹല ീള ഇമാലഹ) എന്നാണ് ആയിഷ നയിച്ച യുദ്ധത്തിന് പിൽക്കാലത്ത് പേരിട്ടത്. അവരുടെ പേരിനു പകരം അവർ സഞ്ചരിച്ച ഒട്ടകത്തിന്റെ പേര് ! ചരിത്രത്തിന്റെ അധികാരവഴികൾ അങ്ങനെക്കൂടിയാണ്.

നാടകത്തിനെതിരെയോ സ്‌കൂളിനെതിരെയോ ഉയർത്തുന്ന ഭീഷണിയോ സമ്മർദ്ദമോ അല്ല സംവാദം. അത് പ്രത്യയശാസ്ത്രത്തെ മുൻനിർത്തിയുള്ള ആശയവിനിമയമാണ്. ആശയവിനിമയത്തിന്റെ പൊതുമണ്ഡലത്തിലേക്കുള്ള അത്തരം തുറസ്സുകൾ അടച്ചു കളഞ്ഞതാണ് കേരളത്തിലെ 'വരേണ്യ' മുസ്ലിംകളുടേയും പ്രതിസന്ധി.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)