- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസ് സിപിഐ(എം) കൈവശപ്പെടുത്തിയ ഭൂമിയിലെന്ന് റവന്യൂ രേഖ; നികുതി അടച്ചിട്ടില്ല; ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ പുറത്തുവരുന്നത് നേതാക്കളുടെ ഭൂമാഫിയ ബന്ധം
കാസർഗോഡ്: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സിപിഐ.(എം) കൈവശപ്പെടുത്തിയ ഭൂമിയിലെന്ന് റവന്യൂരേഖ. സിപിഐ.(എം)യുടെ കൈവശമുള്ള 1.06 ഏക്കർ ഭൂമിയിലാണ് പഞ്ചായത്ത് ഓഫീസ് നിലകൊള്ളുന്നതെന്നാണ് റവന്യൂ അധികൃതർ കണ്ടെത്തിയത്. അതായത് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം സിപിഎമ്മിന്റേതാക്കി മാറ്റിയതായാണ് രേഖകൾ കാണുന്നത്. കാസർഗോഡ് ജില്ലയിലെ ഭൂമാ
കാസർഗോഡ്: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സിപിഐ.(എം) കൈവശപ്പെടുത്തിയ ഭൂമിയിലെന്ന് റവന്യൂരേഖ. സിപിഐ.(എം)യുടെ കൈവശമുള്ള 1.06 ഏക്കർ ഭൂമിയിലാണ് പഞ്ചായത്ത് ഓഫീസ് നിലകൊള്ളുന്നതെന്നാണ് റവന്യൂ അധികൃതർ കണ്ടെത്തിയത്. അതായത് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം സിപിഎമ്മിന്റേതാക്കി മാറ്റിയതായാണ് രേഖകൾ കാണുന്നത്. കാസർഗോഡ് ജില്ലയിലെ ഭൂമാഫിയകൾക്കിടയിൽ പാർട്ടി നേതാക്കളുടെ പങ്ക് എത്ര ആഴത്തിലാണെന്നതിനു തെളിവാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം താലൂക്ക് സർവേയർ നടത്തിയ സർവേയിലാണ് സിപിഐ.(എം) ന്റെയുടെ സ്ഥലത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിച്ചതായി കണ്ടത്. റവന്യൂരേഖയനുസരിച്ച് പഞ്ചായത്ത് ഓഫീസിന്റെ ഭൂരിഭാഗവും മുൻവശത്തെ സ്ഥലവും സിപിഐ(എം) കൈവശംവയ്ക്കുന്ന ഭൂമിയിലാണ്. എന്നാൽ ഈ കൈവശഭൂമിക്ക് ഇതുവരെയും വില്ലേജ് ഓഫീസിൽ നികുതി അടച്ചിട്ടില്ല. മാത്രമല്ല തെക്കിൽആലട്ടി റോഡും എ.കെ.ജി സ്മാരക മന്ദിരത്തിന്റെ മുറ്റത്തിന്റെ പുറത്തുള്ള ഭാഗവും പാർട്ടി കൈവശം വെക്കുന്ന ഭൂമിയിൽപ്പെടും.
കുറ്റിക്കോലിൽ സർക്കാർ ഭൂമി കൈയേറിയാണ് ഏരിയാ കമ്മിറ്റി നിർമ്മിച്ചതെന്ന പരാതിയെ തുടർന്നാണ് റവന്യൂ അധികൃതർ അന്വേഷണം ആരംഭിച്ചത്. അതോടെ പാർട്ടി ഏരിയാ സെക്രട്ടറി സി.ബാലനും മറ്റു മൂന്നു വ്യക്തികൾക്കുമെതിരെ അനധികൃത കൈയേറ്റം നടത്തിയതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. കാസർഗോഡ് അഡീഷണൽ തഹസിൽദാർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ഇതേ തുടർന്ന് പാർട്ടി ഏരിയാ കമ്മിറ്റിയോഗം വിളിച്ചു ചേർത്ത് ചർച്ചകൾ നടത്തി. ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം റവനൃൂ അധികൃതർ ഇപ്പോൾ നടത്തിയ അളവ് തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തിയത്. അതിനാൽ ജില്ലാ റവന്യൂ സർവേയർ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നാണ് സി.പി. ഐ(എം)യുടെ തീരുമാനം. ഈ വിവരം പാർട്ടി ഔദ്യോഗികമായി റവന്യൂ അധികാരികളെ അറിയിച്ചിട്ടുണ്ട്.
അതേസമയം കുറ്റിക്കോലിലെ സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ കാസർഗോഡ് അഡീഷണൽ തഹസിൽദാർ നടപടികളാരംഭിച്ചു. അതിന്റെ ഭാഗമായി ഏരിയാ സെക്രട്ടറി സി.ബാലന്റേയും സിപിഐ.(എം) അനുഭാവികളായ മറ്റു രണ്ടു കൈവശക്കാരുടേയും വാദഗതികൾ അഡീഷണൽ തഹസിൽദാർ കേട്ടു. സർക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ഫയൽ നടപടികൾ പൂർത്തിയായതായാണ് അറിയുന്നത്. ഉടൻതന്നെ ഉത്തരവിൽ ഒപ്പിടും. തുടർന്നുള്ള ഒഴിപ്പിക്കൽ നടപടികൾ വില്ലേജ് അധികൃതരാണ് ചെയ്യേണ്ടത്.
അതിനിടെ വില്ലേജ് ഓഫീസിൽനിന്നും കാണാതായ വില്ലേജിലെ മുഴുവൻ സ്ഥലങ്ങളിലേയും സ്‌കെച്ചും പഌനുമടങ്ങിയ ഫീൽഡ് മെഷർമെന്റെ് ബുക്ക് ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്. വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ ദുരൂഹസാഹചര്യത്തിലാണ് ഈ ആധികാരികരേഖ കാണാതായത്. ഭൂമി തിരിച്ചെടുക്കൽ ഊർജിതമായതോടെ ചില വില്ലേജ് ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതോടൊപ്പം റവന്യൂ ഭൂമി കൈയേറി മൊബൈൽ ടവർ സ്ഥാപിക്കാൻ അനുമതി നൽകിയെന്നയാരോപണവും ശക്തമായിട്ടുണ്ട്. കുറ്റിക്കോൽ ബ്രാഞ്ച് കമ്മിറ്റി അംഗം പി. വേണുഗോപാലാണ് പ്രതിസ്ഥാനത്തുള്ളത്. റവന്യൂ അധികൃതരുടെ പൂർണ പിൻതുണയോടെയാണ് കുറ്റിക്കോലിൽ നടന്ന സിപിഐ.(എം) ഭൂമി കൈയേറ്റമെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. സ്വയം മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണ് റവന്യൂ അധികൃതർ ഇപ്പോൾ ഉണർന്നു പ്രവർത്തിക്കുന്നതിന്റെ കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.