കിഴക്കമ്പലം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിന് കാരണമായത് അക്രമത്തിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വൈകിപ്പിച്ചി ആ ഇടപെടൽ. അതിന് ശേഷം ദീപുവിന് ഇല്ലാത്ത അസുഖമുണ്ടെന്ന പ്രചരണവും നടത്തി. എന്തിനായിരുന്നു ആശുപത്രിയിൽ ആ ശസ്ത്രക്രിയ എന്നതും ആർക്കും അറിയില്ല. അങ്ങനെ ദുരൂഹതകൾ ഏറെയാണ് കിഴക്കമ്പലത്തെ യുവാവിന്റെ മരണത്തിൽ. പ്രതിസ്ഥാനത്ത് കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്കാർ നിർത്തുന്നത് സ്ഥലം എംഎൽഎയായ പിവി ശ്രീനിജനെയാണ്. സിപിഎം നേതാവിനെതിരെ പൊലീസ് അന്വേഷണം ഫലപ്രദമാകുമോ എന്ന സംശയവും അവർക്കുണ്ട്. അതുകൊണ്ട് തന്നെ സിബിഐയെ പോലുള്ള ഏജൻസി ഈ രാഷ്ട്രീയ കൊലയിൽ കേസെടുക്കണമെന്നാണ് ട്വന്റി ട്വന്റിയുടെ നിലപാട്.

ഏതറ്റം വരെ നിയമ പോരാട്ടം നടത്തിയും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. സിപിഎം ഗൂഢാലോചന അവർ ഇക്കാര്യത്തിൽ കാണുന്നുണ്ട്. ദീപുവിന്റെ വേർപാട് ഹൃദ്രോഗികളായ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. മർദനത്തിൽ ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ പോയാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. അക്രമികളാകട്ടെ ദീപു പുറത്തുവരുന്നതു തടയാൻ വീടിനു മുന്നിൽ കാവൽ നിൽക്കുകയും ചെയ്തു. ദീപുവിന്റെ ആരോഗ്യനില മോശമായ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തംഗത്തെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്. അയൽവാസികളുടെ ഉൾപ്പെടെ സഹായത്തോടെയാണു ദീപുവിനെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ വൈകിയതോടെ തലച്ചോറിലേക്കു രക്തസ്രാവമുണ്ടായി. ദീപുവിനെ കഴുത്തിനു കുത്തിപ്പിടിച്ചു തലയ്ക്കടിച്ചുവെന്നും ആശുപത്രിയിൽ പോകരുതെന്നു ഭീഷണിപ്പെടുത്തിയെന്നും സംഭവത്തിനു ദൃക്സാക്ഷിയായ പഞ്ചായത്തംഗം നിഷ അലിയാർ പറഞ്ഞു. ഇത്തരത്തിലൊരു ആക്രമണം കൊല നടത്തുകയെന്ന ബോധപൂർവ്വമായി നടത്തിയതാണെന്നും ട്വന്റി ട്വന്റി കരുതുന്നു.

ദീപു മരിച്ചതറിഞ്ഞ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെത്തിയവരെ മൃതദേഹം കാണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു സംഘർഷാവസ്ഥയും ഉണ്ടായി. ട്വന്റി 20 പ്രവർത്തകരും നാട്ടുകാരും മോർച്ചറിയുടെ മുൻപിൽ പ്രതിഷേധിച്ചു. നിഷ അലിയാർ കുഴഞ്ഞുവീണു. 14ന് ആശുപത്രിയിൽ എത്തുമ്പോൾ ദീപു കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മരണശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവായി. ഇതിലും ട്വന്റി ട്വന്റി സംശയം കാണുന്നു. കിഴക്കമ്പലത്ത് ദീപുവിന് വീരോചിതമായ യാത്ര അയപ്പ് നൽകാതിരിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നാണ് ട്വന്റി ട്വന്റി നിലപാട്.

കോവിഡ് ആയതിനാൽ ദീപുവിന്റെ മൃതദേഹം അടുത്ത ബന്ധുക്കളെ മാത്രമേ മൃതദേഹം കാണിക്കാനാവൂ എന്നു പൊലീസ് നിലപാടെടുത്തു. ഇതു നുണയാണെന്നും എംഎൽഎയെ സഹായിക്കാനുള്ള പൊലീസിന്റെ അടവാണെന്നും ട്വന്റി ട്വന്റി പറയുന്നു. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജിൻ ആണെന്നു ട്വന്റി 20യുടെ നേതാവ് കിറ്റെക്‌സ് ചെയർമാൻ കൂടിയായ സാബു എം. ജേക്കബ് ആരോപിച്ചിട്ടുണ്ട്.

എല്ലാ സ്ഥലത്തും ഗുണ്ടകളെ അഴിച്ചു വിട്ടിരിക്കുകയാണ്. എവിടെയും പോയി എന്തും ചെയ്‌തോ, നോക്കിക്കൊള്ളാം എന്ന തുറന്ന ലൈസൻസ് കൊടുത്തിരിക്കുകയാണ്. വളരെ സമാധാനപരമായാണു പ്രവർത്തകർ പ്രതിഷേധിച്ചത്. ജാഥയോ പിക്കറ്റിങ്ങോ നടത്തിയിട്ടില്ല. വീട്ടിലെ വിളക്കണച്ചു പ്രതിഷേധിച്ചതിനാണ് ഒരാളെ അടിച്ചു കൊന്നത്. സംഭവം നടക്കുമ്പോൾ എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദി എംഎൽഎയാണ്, സാബു എം. ജേക്കബ് പറഞ്ഞു.

അതിനിടെ ദീപുവിന്റെ മരണം സംബന്ധിച്ചു നിഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നു പി.വി.ശ്രീനിജിൻ എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വസ്തുതകൾ പുറത്തു വരേണ്ടതുണ്ട്. തനിക്കെതിരെ വ്യക്തിപരമായി വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി 20 പഞ്ചായത്ത് അംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.