കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്.

ഗൂഢാലോചനാക്കുറ്റത്തിൽ സിപിഎം എംഎൽഎ അടക്കം ആരോപണവിധേയരായ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ട്വന്റി ട്വന്റി ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. സമാന ആവശ്യം കോൺഗ്രസും മുന്നോട്ട് വെച്ചിട്ടുണ്ട്.

ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുള്ള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് തുടക്കത്തിലെ അട്ടിമറിക്കാനുള്ള ശ്രമമാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുന്നത്തുനാട് എംഎൽഎയെ വധഗൂഢാലോചനയിൽ പ്രതിയാക്കണം എന്ന് ട്വന്റി 20 ആവശ്യപ്പെട്ടുകഴിഞ്ഞു.

കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിൻ എംഎൽഎ നേരത്തെ വാദം ഉന്നയിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ദീപുവിന്റെ മരണ കാരണം സംബന്ധിച്ച തർക്കങ്ങൾക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ അവസാനമായിരുന്നു.

ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തർക്കം മാത്രമാണുണ്ടായതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് വിവരം.

ദീപുവുമായ വാക് തർക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്വന്റി 20 ആരോപിച്ചതുപോലെ വധഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കം കൂട്ടി. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

ദീപുവിന് ചികിത്സ വൈകിയത് സിപിഎമ്മിന്റെ വധഭീഷണി കാരണമെന്ന് അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ദീപുവിന് സിപിഎമ്മിൽ നിന്ന് മുമ്പും ഭീഷണിയുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. കൊല്ലുമെന്ന് പറഞ്ഞ് ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അച്ഛൻ പറയുന്നത്. ദീപുവിനെ മർദ്ദിക്കുന്നത് തങ്ങൾ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദ്ദിച്ചു.

കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നിൽ നിന്നായിരുന്നു മകന് അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തി. ഭയന്നാണ് ആദ്യം ദീപുവിനെ ആശുപത്രിയിൽ വിടാതിരുന്നത്. അറിയാവുന്നവർ തന്നെയാണ് ദീപുവിനെ മർദ്ദിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. ട്വന്റി ട്വന്റി പ്രവർത്തകനായതുകൊണ്ടാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം പറയുന്നു.