- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയും
കൊച്ചി: കേരള രാഷ്ട്രീയത്തിൽ പുതിയൊരു മാതൃക തീർത്തവരാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മ. മൂന്ന് പ്രബലമുന്നണികൾക്കെതിരെയും ഇവർ പോരാട്ടത്തിലാണ്. പറയാനുള്ളത് വികസനത്തിന്റെ രാഷ്ട്രീയമാണ്. ഇക്കുറിയും ഇവിടെ ട്വന്റി ട്വന്റിയെ നേരിടാൻ യുഡിഎഫും എൽഡിഎഫും ഒരുമിച്ചു കൈകോർത്തു കൊണ്ടാണ് രംഗത്തുള്ളത്.
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മ വോട്ട് തേടുന്നതെങ്കിൽ, കിഴക്കമ്പലം വികസന പ്രവർത്തനങ്ങളിൽ പിന്നാക്കം പോയെന്ന് മറ്റ് രാഷ്ട്രീയ കക്ഷികൾ പറയുന്നു. അവസാന ലാപ്പിലെത്തുമ്പോഴും ജനഹിതം തങ്ങൾക്കനുകൂലമായിരിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ട്വന്റി ട്വന്റി.
കോർപ്പറേറ്റ് നേതൃത്വത്തിലുള്ള ഒരു ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിച്ചതിലൂടെയാണ് കഴിഞ്ഞതവണ കിഴക്കമ്പലം കേരളത്തിന്റെ ശ്രദ്ധ പിടിച്ചത്. രണ്ട് പ്രബല മുന്നണികളെയും തോല്പിച്ചായിരുന്നു ആ ജയം. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു. കഴിഞ്ഞ തവണ വിജയിച്ച ഭരണ സമിതിയിലെ മൂന്ന് പേർക്ക് മാത്രമാണ് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്.
ട്വന്റി ട്വന്റിയെ തോൽപിക്കാനുള്ള വ്യഗ്രതയിൽ കിഴക്കമ്പലത്ത് ഒരു അപൂർവ മുന്നണി ഇവിടെ രൂപപ്പെട്ടിരിക്കുന്നു. കുമ്മനോട് ഏഴാം വാർഡിൽ മത്സരിക്കുന്ന അമ്മിണി രാഘവൻ എൽഡിഎഫിനും യുഡിഎഫിനും അവരുടെ സ്വന്തം സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. എന്നാൽ മുന്നണി ധാരണകൾ ഇല്ലെന്നും എൽഡിഎഫ് സ്വതന്ത്രയായ തനിക്ക് യുഡിഎഫ് പിന്തുണ നൽകുന്നുവെന്നുമാണ് സ്ഥാനാർത്ഥി പറയുന്നത്.
ഇരുമുന്നണികളും ഒരുമിച്ചു നിന്നാലും വാർഡ് പിടിക്കാനാവില്ലെന്നാണ് ട്വന്റി- ട്വന്റി സ്ഥാനാർത്ഥി ശ്രീഷാ ശശിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ 455 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ വിജയം ഉറപ്പെന്ന് ശ്രീഷ ശശി. എൽഡിഎഫ്- യുഡിഎഫ് കൂട്ടുകെട്ടും ട്വന്റി ട്വന്റി പ്രചാരണായുധമാക്കുന്നുണ്ട്. അഞ്ജു രാജീവാണ് ഈ വാർഡിലെ ബിജെപി സ്ഥാനാർത്ഥി.
മാസങ്ങൾക്ക് മുമ്പ് തന്നെ ട്വന്റി ട്വന്റി ഇവിടെ തെരഞ്ഞെടുപ്പു പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. കിഴക്കമ്പലത്തിനു പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും ട്വന്റി ട്വന്റി മാറ്റുരയ്ക്കുന്നണ്ട് ഇക്കുറി. അന്ന, കിറ്റെക്സ് ഗ്രൂപ്പുകളുടെ സാരഥികളിലൊരാളായ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ കക്ഷികൾക്കും അപ്പുറം എന്ന കാഴ്ചപ്പാടോടെ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്.
മൂന്ന് പ്രബല മുന്നണികൾക്കും എതിരേ എൺപതോളം വാർഡുകളിലാണ് ട്വന്റി ട്വന്റി ഇത്തവണ ജനവിധി തേടുന്നത്. മാസങ്ങൾക്കു മുൻപു തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ട്വന്റി ട്വന്റി മെംബർഷിപ്പ് ഫോമുകൾ ഈ പ്രദേശങ്ങളിൽ വിതരണം ചെയ്തുരുന്നു. 80 ശതമാനം മെംബർഷിപ്പ് ഫോമുകൾ മടക്കിക്കിട്ടിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. അത്തരം പ്രദേശങ്ങളിൽ മറ്റു സ്ഥാനാർത്ഥികൾ 40 ശതമാനം വോട്ടുകൾ പിടിച്ചാലും തങ്ങൾക്ക് ബാക്കി വരുന്നതിൽ 40 ശതമാനം നേടാനായാൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ട്വന്റി ട്വന്റി ലക്ഷ്യമാക്കുന്നത്. അതിനാലാണ് മെംബർഷിപ്പിന്റെ എണ്ണത്തിന് ആനുപാതികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന രീതി സ്വീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപേ സ്ഥാനാർത്ഥി പട്ടിക തയാറാക്കി പ്രചാരണമാരംഭിക്കാൻ കഴിഞ്ഞതു നേട്ടമായെന്ന വിലയിരുത്തലാണ് ട്വന്റി ട്വന്റി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ നേടിയ വിജയം രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും ഞെട്ടിച്ചിരുന്നു. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ്, പഞ്ചായത്ത് ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും എന്നതിനാൽ പ്രചാരണം ശക്തമാണ്. കിഴക്കമ്പലത്ത് എട്ടുവർഷം മുമ്പുള്ളതിനെക്കാൾ പതിന്മടങ്ങെങ്കിലുമായി ആളുകളുടെ സന്തോഷം വർധിച്ചിട്ടുണ്ടെന്നാണ് ട്വന്റി ട്വന്റി പറയുന്നത്. ഇന്നിവിടെ പട്ടിണിയില്ല. കുറ്റകൃത്യങ്ങൾ 80 ശതമാനത്തോളം കുറഞ്ഞു. 13 കോടി 57 ലക്ഷം രൂപ സ്ഥിരനിക്ഷേപവുമായാണ് ഭരണത്തിൽ നിന്നിറങ്ങിയത്. റോഡ് വികസനം തുടങ്ങി എല്ലാ മേഖലയിലും കഴിഞ്ഞ് അഞ്ചു വർഷക്കാലം നടപ്പാക്കിയ സമഗ്ര വികസനം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
കേരളത്തിനാകെ മാതൃകയാകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം ഉയർത്തിയുള്ള പ്രചാരണം തന്നെയാണ് ട്വന്റി ട്വന്റി നടത്തുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെ ഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികൾ മാത്രമാണ്. ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ വിജയിക്കുന്ന മറ്റു പഞ്ചായത്തുകളിലും ഇത്തരത്തിൽ ഫുഡ്സേഫ്റ്റി മാർട്ട് നിർമ്മിക്കുമെന്നതാണ് ട്വന്റി ട്വന്റിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.
പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി ട്വന്റി മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുകയും ചെയ്യുന്നു. കർണാടകം, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കുന്നത്. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽ വില കുറയും.
കിഴക്കമ്പലത്തെ 62,000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്. 500 ഓളം ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസിൽ താഴെയുള്ള 1,500 കുട്ടികൾക്കും പാലും മുട്ടയും സൗജന്യമായി നൽകുന്നുണ്ട്. നിരാലംബരായ മുന്നൂറോളം കുടുംബങ്ങൾക്കും റോഡിന്റെ വികസനത്തിനായി സ്ഥലംവിട്ടു നൽകിയ 1,050 കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും സൗജന്യമാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർധന ജനങ്ങളുടെ ജീവിതം ദുസഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് വഴി 1,500 രൂപ കൊണ്ട് ഒരു കുടുംബത്തിന് ഒരു മാസത്തെ ജീവിതച്ചെലവുകൾ നടത്താൻ സാധിക്കുമെന്നതാണ് ഫുഡ്സേഫ്റ്റി മാർട്ടിന്റെ പ്രത്യേകത.
കഴിഞ്ഞ അഞ്ചുവർഷംകൊണ്ടു നാലു വാർഡുകളിലെ 72 വീടുകൾ 'ഗോഡ്സ് വില്ല' എന്നപേരിൽ അപ്പാർട്ടുമെന്റുകളാക്കി. ലക്ഷം വീടുകൾ ഉൾപ്പെടെ ഒറ്റവീടാക്കുന്നതാണു പദ്ധതി. 750 ചതുരശ്ര അടി വിസ്തീർണത്തിൽ തയാറാക്കിയ വീടുകൾ രണ്ട് ബെഡ് റൂം, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, കാർപോർച്ച്, ചുറ്റുമതിൽ എന്നിവ അടങ്ങിയതാണ്. വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വില്ലകളോട് കിടപിടിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ