- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ തിരഞ്ഞെടുത്തത് വിപ്ലവകരമായ മാതൃകയ്ക്ക്; ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കിയ പഞ്ചായത്ത് ഭരണം; കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി കൂട്ടായ്മ നൽകിയത് മാവേലി നാടു വാണിടും കാലമോ?
കൊച്ചി: 'മാവേലി നാടു വാണീടും കാലം... മാനുഷരെല്ലാരുമൊന്നു പോലേ..ആമോദത്തോടെ വസിക്കും കാലം..... ആപത്തങ്ങാർക്കും ഒട്ടില്ല താനും...... കള്ളവുമില്ല ചതിയുമില്ലാ...... എള്ളോളമില്ലാ പൊളി വചനം.... കള്ളപ്പറയും ചെറുനാഴിയും...... കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ..' ഈ പാട്ടിൽ പറയുന്നപോലെ ഒരു നാട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? കള്ളവും ചതിയുമില്ലാത്ത നാട്ടിൽ എല്ലാവരും ഒരേ പോലെ സമ്പദ്സമൃദ്ധിയിൽ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. കഥകളിൽ മാത്രം കേട്ടിട്ടുള്ള മാവേലി ഭരിച്ചിരുന്ന നാട് പോലെ ഒരു നാട് ഇന്ന് ഈ കേരളത്തിലുണ്ട്. അതേ.. കള്ളവും ചതിയുമില്ലതെ ജനങ്ങളെല്ലാം സന്തോഷത്തോടെ ജീവിക്കുന്ന ഒരു നാട്, കിഴക്കമ്പലം. എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന ഗ്രാമ പഞ്ചായത്തിലെ ജനങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം ഭരിച്ചിരുന്ന എന്ന് വിശ്വസിക്കുന്ന മാവേലിയുടെ കാലഘട്ടത്തിലെപോലെ ജീവിക്കുന്നത്.
എങ്ങും സമ്പദ് സമൃദ്ധി, കൊട്ടാര സദൃശ്യമായ വീടുകൾ, ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ, സ്വയം തൊഴിൽ പദ്ധതികൾ, രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും അങ്ങനെ പോകുന്നു ഇവിടുത്തെ ജീവിത സാഹചര്യങ്ങൾ. അന്ന് മാവേലി ഭരിച്ചിരുന്നുവെങ്കിൽ ഇന്ന് കിഴക്കമ്പലം ഭരിക്കുന്നത് 'ട്വന്റി ട്വന്റി' എന്ന കൂട്ടായ്മയാണ്. രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്തായ കിഴക്കമ്പലത്തെ കുറിച്ച് കൂടുതൽ അറിയാം.
ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ
എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്‌സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്.
2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്. അത് ഏകദേശം പൂർത്തിയായിരിക്കുകയാണ്. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.
2015 നവംബർ വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ച ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ മാറി മാറി വന്ന രാഷ്ട്രീയ പ്രതിനിധികൾ തങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ലാതെ ആനുകൂല്യങ്ങലോ സഹായങ്ങളോ വേണ്ട രീതിയിൽ എത്തിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ച് ഈ അസോസിയേഷനുമായി ചേർന്ന് നിന്ന് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിലെ 19 വാർഡുകളിൽ ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തി. രണ്ട് നാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച ട്വന്റി ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു.
പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്.
വികസന കാഴ്ചയിലെ അതി വേഗത
പഞ്ചായത്ത് പിടിച്ചെടുത്തതിന് ശേഷം റോഡുകളുടെ വികസനമാണ് ആദ്യം തുടങ്ങിയത്. എല്ലാ റോഡുകളും വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് പഞ്ചായത്ത് നൽകിയ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണു തള്ളി പോകും. ഏറ്റെടുത്ത സ്ഥലത്തിന് കൃത്യമായ വില നൽകി. സ്ഥലം ഏറ്റെടുത്തതിന് ശേഷം മതിലും ഗേറ്റും നിർമ്മിച്ച് നൽകിയതും ട്വന്റി ട്വന്റി തന്നെ. മൂന്ന് മീറ്ററും നാലു മീറ്ററുമൊക്കെയായിരുന്ന റോഡുകൾ ഇന്ന് 14 മീറ്ററിലെത്തി നിൽക്കുകയാണ്. ഭാവി വികസനങ്ങൾ കൂടി കണ്ട് ആവിശ്യത്തിന് സ്ഥലം വശങ്ങളിൽ ഒഴിച്ചിട്ടിട്ടുമുണ്ട്.
ഇത്തരത്തിൽ സ്ഥലം ഏറ്റെടുത്ത് ബി.എം.സി നിലവാരത്തിൽ നാഷണൽ ഹൈവേകളെ വെല്ലുന്ന തരത്തിൽ പഞ്ചായത്ത് റോഡുകളെ മാറ്റി എടുത്തു കൊണ്ടിരിക്കുകയാണ്. റോഡിൽ യഥാ സ്ഥലങ്ങലിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. നിർമ്മാണം പൂർത്തിയായ ഗോഡ്സ് വില്ല റോഡ് കൂടി ചേരുന്നത് എറണാകുളം മൂന്നാർ പി.ഡബ്ള്യു.ഡി റോഡിലാണ്. ഈ റോഡിന്റെ വീതി വെറും നാലുആറു മീറ്ററിനടുത്തേയുള്ളൂ. കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയുമാണ്. ഇതിനും പരിഹാരം കാണാൻ ട്വന്റി ട്വന്റി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. വശങ്ങളിൽ നിന്നും സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കൊണ്ടിരിക്കുകയാണ്.
റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു. ഒരു നാടിന്റെ വളർച്ച റോഡിന്റെ വികസനമാണ് എന്നതു കൊണ്ട് അനുദിനം ഒരു കൊച്ചു ഗ്രാമം വികസിച്ചു കൊണ്ടിരിക്കുകയാണ്.
കച്ചവടത്തിലെ മനുഷ്യത്വം
പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ഒരു സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2017 ൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഉദ്ഘാടനം ചെയ്തത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെ ഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികളാണ്.
മാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കോവിഡ് ആയതിനാൽ 80 ശതമാനത്തോളം വിലകുറച്ചിട്ടുണ്ട്. ഓരോ കുടുംബങ്ങൾക്കും പ്രത്യേക കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡുമായെത്തുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. പഞ്ചായത്തിലെ താമസക്കാർക്ക് കാർഡ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ വില വിരപട്ടികയിൽ ചിലതിങ്ങനെ;
10 കിലോ മട്ട അരി - 116.00
10 കിലോ വടി അരി - 84.00
1 ലിറ്റർ വെളിച്ചെണ്ണ - 18.88
1 കിലോ അരിപ്പൊടി - 18.88
1 കിലോ പഞ്ചസാര - 9.6.00
1.3 കിലോ ശർക്കര - 130.00
6 മുട്ട - 9.00
1 കിലോ പച്ചരി - 9.00
500 ഗ്രാം വൻപയർ - 10.5
(മുഴുവൻ വിലവിവരപട്ടികയും താഴെ കൊടുക്കുന്നു)
മത്സ്യങ്ങൾക്ക് 25 ശതമാനം വിലകുറച്ചാണ് വിൽപ്പന നടത്തുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി ട്വന്റി മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും മാർക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കും. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽ ഇനിയും വില കുറയും. കിഴക്കമ്പലത്തെ 62,000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.
500 ഓളം വരുന്ന ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസ്സിൽ താഴെയുള്ള 1500 ഓളം കുട്ടികൾക്കും പാൽ, മുട്ട തുടങ്ങിയവ സൗജന്യമായി നൽകുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങൾക്കും ഇവിടെ നിന്നും സൗജന്യമായി സാധനങ്ങൾ നൽകുന്നുണ്ട്. നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് നിലവിൽ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചെലവ് നടത്താൻ സാധിക്കുമെന്നതാണ് ട്വന്റി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ പ്രത്യേകത.
ലക്ഷം വീട് കോളനികൾ അത്യാധുനിക വില്ലകളായപ്പോൾ
ട്വന്റി ട്വന്റി അധികാരത്തിലെത്തുമ്പോൾ എന്റെ വീട് എന്ന പദ്ധതി കൊണ്ടു വന്നു. ഇതു വഴി ലക്ഷം വീട് കോളനികൾ ഇല്ലാതാക്കി പകരം വില്ലകൾ പണിതു നൽകാൻ തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ ലക്ഷം വീട് കോളനികളും പാശ്ചാത്യ നിലവാരത്തിലേക്ക് ഉയർത്തി വില്ലകളാക്കി മാറ്റി. 74 വില്ലകളാണ് ലക്ഷം വീട് കോളനിയിൽ താമസിച്ചിരുന്നവർക്ക് പണിതു കൊടുത്തത്. 850 സ്‌ക്വയർഫീറ്റിൽ 15 ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് വില്ലകൾ നിർമ്മിച്ചത്. രണ്ട് ലക്ഷം സർക്കാരിന്റെ ഫണ്ടും ബാക്കി തുക ട്വന്റി ട്വന്റിയുമാണ് നൽകിയത്. പ്രത്യേക രൂപ കൽപ്പനചെയ്തായിരുന്നു നിർമ്മാണം. ഉലക നായകൻ കമൽഹാസനാണ് വില്ലകൾ ഉദ്ഘാടനം ചെയ്തത്.
കാർപോർച്ച്, സിറ്റ്ഔട്ട്, സ്വീകരണ മുറി, രണ്ട് കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ടോയ്ലെറ്റ് എന്നിവ അടങ്ങിയതാണ് വീട്. മുകളിലേക്ക് ഇനിയും മുറികൾ പണിയുവാനുള്ള തരത്തിലാണ് ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്നത്. ഞാറള്ളൂർ ഗോഡ്സ് വില്ല, വിലങ്ങു ഗോഡ്സ് വില്ല, കുന്നുംപുറം ഗോഡ്സ് വില്ല, മക്കാനിക്കര ഗോഡ്സ് വില്ല എന്നിങ്ങനെയാണ് വില്ലകൾക്ക് പേര് നൽകിയിരിക്കുന്നത്. കളിസ്ഥലങ്ങളും വാട്ടർ ടാങ്കുകളും ഇവിടെയുണ്ട്. ഈ വില്ലകൾക്ക് മുന്നിലൂടെ നാഷണൽ ഹൈവെയെ വെല്ലുന്ന തരത്തിലുള്ള പഞ്ചായത്ത് റോഡും നിർമ്മിച്ചിട്ടുണ്ട്. ഗോഡ്സ് വില്ല റോഡ് എന്നാണ് പേരും നൽകിയിരിക്കുന്നത്.
ഇടിപൊളിഞ്ഞ് വീഴാറായ വീടുകളിൽ കഴിഞ്ഞ എല്ലാവരും ഇപ്പോൾ അത്യാധുനിക സംവിധാനങ്ങളുള്ള വീടുകളിലാണ് കഴിയുന്നത്. കൂടാതെ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്. സർക്കാർ നൽകുന്ന തുകയോടൊപ്പം ട്വന്റി ട്വന്റിയും അധിക തുക കൂടി നൽകിയാണ് ജനങ്ങൾക്ക് സഹായം നൽകുന്നത്. അതിനാൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും മികച്ച നിലവാരമുള്ളതാണ്.
സ്വന്തം കാലിൽ നിൽക്കുന്ന സ്വയം പര്യാപ്തത
ജനങ്ങൾക്ക് ജീവനോപാധിയായി നിരവധി ക്ഷേമ പ്രവർത്തനങ്ങളും ഇവർ കാഴ്ച വയ്ക്കുന്നുണ്ട്. കൃഷി ചെയ്യാനുള്ള എല്ലാ സഹായവും ചെയ്യുന്നു. നെൽകൃഷി, തെങ്ങ്, കിഴങ്ങ് വർഗ്ഗങ്ഘൾ, പച്ചക്കറി, വാഴ തുടങ്ങീ വിവധ തരത്തിലുള്ള കൃഷികൾ ട്വന്റി ട്വന്റിയുടെ മേൽ നോട്ടത്തിൽ നടക്കുന്നുണ്ട്. കൃഷിക്കാർക്ക് എന്ത് നഷ്ടം വന്നാലും അത് വഹിക്കുന്നത് ട്വന്റി ട്വന്റി തന്നെയാണ്. എല്ലാ അത്യാധുനിക സംവിധാനങ്ങളും കൃഷിക്കാർക്കായി നൽകുന്നു.
ആട് ഗ്രാമം എന്ന പദ്ധതിയിലൂടെ 500 കുടുംബങ്ങൾക്ക് 4 ആടുകളെ വീതം നൽകി. അത് പോലെ തന്നെ പശു വളർത്തൽ ,കോഴി വളർത്തൽ, മുയൽ തുടങ്ങി ഫാം നടത്താനുള്ള സഹായങ്ങളും നൽകി വരുന്നു. പലതരത്തിലുള്ള സ്വയം തൊഴിൽ പദ്ധതികളും ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുകയും ഇതു വഴി ജനങ്ങൾക്ക് മികച്ച വരുമാനം ഇവർക്ക് ലഭിക്കാനും ട്വന്റി ട്വന്റി വഴിയൊരുക്കി. പലരും കയ്യേറി വച്ചിരുന്ന പഞ്ചായത്തിന്റെ 42 ഏക്കറോളം കുളങ്ങൾ പിടിച്ചെടുത്ത് സംരക്ഷിച്ചു പോരുന്നുണ്ട്.
തോടുകൾ വീതി കൂട്ടി സംരക്ഷണ ഭിത്തി കെട്ടി മൂന്ന് മീറ്ററോളം ആഴം നിലനിർത്തിയും സംരക്ഷിക്കുന്നു. തരിശ് നിലങ്ങൾ കണ്ടെത്തി ഏക്കറു കണക്കിന് പാടങ്ങളിൽ കരിമ്പു കൃഷി ചെയ്ത് ശുദ്ധമായ ശർക്കര ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി വിതരണം ചെയ്യുന്നു. സ്‌ക്കൂളുകൾ ബസ് സ്റ്റാൻഡ് റോഡുകൾ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. റോഡ് വികസനം പൂർത്തിയായതിന് ശേഷം പഞ്ചായത്തിൽ എല്ലായിടത്തും വൈഫൈ സംവിധാനവും സിസിടിവിയും സ്ഥാപിക്കാനുള്ള നീക്കത്തിലേക്കാണ് ട്വന്റി ട്വന്റി പോകുന്നത്.
വെല്ലുവിളി
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയാണ് ട്വന്റി ട്വന്റി. അഴിമതി നടത്തി ഭരണം മുന്നോട്ട് കൊണ്ടു പോയി ജന ജീവിതം ദുസ്സഹമാക്കുമ്പോൾ ട്വന്റി ട്വന്റി എല്ലാ ജനങ്ങളും ഒരു പോലെ സ്വീകരിക്കുന്നു. സ്വന്തം നാട്ടിലും ഇത്തരത്തിൽ ഒരു കൂട്ടായ്മ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി കേരളത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ചർച്ചയായിട്ടുണ്ട്. അവരൊക്കെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും മറ്റും സന്ദർശനം നടത്തികൊണ്ടിരിക്കുകയാണ്. കൂടാതെ കേരളത്തിലെ പല പഞ്ചായത്തുകളിലും ട്വന്റി ട്വന്റി മോഡൽ ഭരണം നടത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് നിരവധിപേർ സമീപിക്കുന്നുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.
കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിന്റെ മേൽ നോട്ടത്തിലാണ് ട്വന്റി ട്വന്റി മുന്നോട്ടു പോകുന്നത്. പഞ്ചായത്തിലെ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണ്. അഴിമതിക്ക് കൂട്ടു നിൽക്കുന്നവരെ അപ്പോൾ തന്നെ പുറത്താക്കുകയും ചെയ്യും.
വിമർശനം
വികസനപ്രവർത്തനങ്ങൾ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയിൽ നിന്നും ഉണ്ടാവുന്നതായും ഇതിൽ കമ്പനിക്കുതന്നെ ഇടപെടാൻ വേണ്ടിയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും ആരോപണമുണ്ട്. 2012ൽ ഒരു പ്രവർത്തനസമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി നൽകി. ഇത് കാരണം കമ്പനിയുടെ പ്രവർത്തനാനുമതി പുതുക്കാൻ പഞ്ചായത്ത് അധികാരികൾ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിങ് യൂണിറ്റുകളിൽ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നായിരുന്നു പരാതി. എന്നാൽ, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങൾ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെൻസ് പുതുക്കി നൽകിയില്ല.
അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെൻസ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീൻ ട്രിബ്യൂണൽ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയിൽ ഒരു പൊതുകിണർ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമതിന്റെ നൂലാമാലകൾ പറഞ്ഞു പഞ്ചായത്ത് അധികാരികൾ അനുവദിച്ചില്ല. ഇതോടെയാണ് ട്വന്റി 20 പഞ്ചായത്ത് മത്സരത്തിന് ഇറങ്ങിയതും വിജയം നേടിയതും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ട്വന്റി ട്വന്റി സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയക്കാർ രംഗത്തെത്തിയത്.
എന്നാൽ ജനങ്ങളൊക്കെ ഈ വിമർശനങ്ങൾ പുച്ഛിച്ചു തള്ളുകയാണ് ചെയ്യുന്നത്. അടുത്ത തദ്ധേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി തന്നെ അധികാരത്തിലെത്തുമെന്നാണ് കിഴക്കമ്പലംകാർ പറയുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.