- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇത് വായിക്കുന്ന സംഘികൾക്കെന്നെ സുഡാപ്പി എന്നും സുഡാപ്പികൾക്കെന്നെ സംഘിയെന്നും വിളിക്കാം; സംഘാവ്,സുഖാവ്, ക്രീഡാപ്പി, ക്രിംഘാവ്, എന്നൊക്കെയും ആവാം വിശേഷണങ്ങൾ; പക്ഷെ ഞാൻ പറയുന്നത് ഇത് രണ്ടുമല്ലാത്ത മനുഷ്യരോടാണ്; ഹാദിയ വിഷയത്തിൽ കെ.ജെ ജേക്കബിന്റെ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റ്
ഈ പോസ്റ്റിലെ ചില വാദങ്ങൾ സംഘി വാദങ്ങൾ പോലെ തോന്നും. അപ്പോൾ സുഡാപ്പികൾക്കു എന്നെ സംഘി എന്ന് വിളിക്കാവുന്നതാണ്. ചില വാദങ്ങൾ സുഡാപ്പികൾ പറയുന്നതുപോലെ തോന്നും അപ്പോൾ സംഘികൾക്ക് എന്നെ സുഡാപ്പി എന്ന് വിളിക്കാവുന്നതാണ്. സംഘാവ്, സുഖാവ്, ക്രീഡാപ്പി, ക്രിംഘാവ് എന്നിങ്ങനെയുള്ള വിശേഷണങ്ങളും ആകാം. പക്ഷെ ഞാൻ പറയുന്നത് ഇത് രണ്ടുമല്ലാത്ത മനുഷ്യരോടാണ്. അവരുടെ പ്രതികരണം മാത്രമേ ഞാൻ ശ്രദ്ധിക്കൂ. ഒന്ന്:ഇന്ത്യൻ ഭരണഘടന നടപ്പിലായതിനുശേഷം ആദ്യമായി അതിനു ഭേദഗതി വരുന്നത് 1951 -ലാണ്. അതിനായി അവതരിപ്പിച്ച ബില്ലിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 19 ഭേദഗതി ചെയ്യാനുള്ള വകുപ്പും ഉണ്ടായിരുന്നു. അതവതരിപ്പിച്ചതാകട്ടെ സാക്ഷാൽ ജവഹർലാൽ നെഹ്രുവും. ചില പ്രത്യേക കാര്യങ്ങളിൽ നിയമം നിർമ്മിക്കാൻ അധികാരം നൽകുന്ന 19 (2) വകുപ്പ് മാറ്റി ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് അധികാരം നൽകുകയാണ് ആ ഭേദഗതി ചെയ്തത്. ആ ബില്ലിനുള്ള ആമുഖത്തിൽ ജവഹർലാൽ നെഹ്റു ഇങ്ങിനെ പറയുന്നു: During the last fifteen months of the working
ഈ പോസ്റ്റിലെ ചില വാദങ്ങൾ സംഘി വാദങ്ങൾ പോലെ തോന്നും. അപ്പോൾ സുഡാപ്പികൾക്കു എന്നെ സംഘി എന്ന് വിളിക്കാവുന്നതാണ്. ചില വാദങ്ങൾ സുഡാപ്പികൾ പറയുന്നതുപോലെ തോന്നും അപ്പോൾ സംഘികൾക്ക് എന്നെ സുഡാപ്പി എന്ന് വിളിക്കാവുന്നതാണ്. സംഘാവ്, സുഖാവ്, ക്രീഡാപ്പി, ക്രിംഘാവ് എന്നിങ്ങനെയുള്ള വിശേഷണങ്ങളും ആകാം. പക്ഷെ ഞാൻ പറയുന്നത് ഇത് രണ്ടുമല്ലാത്ത മനുഷ്യരോടാണ്. അവരുടെ പ്രതികരണം മാത്രമേ ഞാൻ ശ്രദ്ധിക്കൂ.
ഒന്ന്:
ഇന്ത്യൻ ഭരണഘടന നടപ്പിലായതിനുശേഷം ആദ്യമായി അതിനു ഭേദഗതി വരുന്നത് 1951 -ലാണ്. അതിനായി അവതരിപ്പിച്ച ബില്ലിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 19 ഭേദഗതി ചെയ്യാനുള്ള വകുപ്പും ഉണ്ടായിരുന്നു. അതവതരിപ്പിച്ചതാകട്ടെ സാക്ഷാൽ ജവഹർലാൽ നെഹ്രുവും. ചില പ്രത്യേക കാര്യങ്ങളിൽ നിയമം നിർമ്മിക്കാൻ അധികാരം നൽകുന്ന 19 (2) വകുപ്പ് മാറ്റി ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് അധികാരം നൽകുകയാണ് ആ ഭേദഗതി ചെയ്തത്. ആ ബില്ലിനുള്ള ആമുഖത്തിൽ ജവഹർലാൽ നെഹ്റു ഇങ്ങിനെ പറയുന്നു: During the last fifteen months of the working of the Constitution, certain difficulties have been brought to light by judicial decisions and pronouncements specially in regard to the chapter on fundamental rights. The citizen's right to freedom of speech and expression guaranteed by article 19(1)(a) has been held by some courts to be so comprehensive as not to render a person culpable even if he advocates murder and other crimes of violence. In other countries with written constitutions, freedom of speech and of the press is not regarded as debarring the State from punishing or preventing abuse of this freedom.
അതായത്, ഭരണണഘടന പ്രയോഗത്തിൽ വന്നതിനുശേഷം ചില പ്രായോഗിക വിഷമതകൾ വന്നിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് കൊലപാതകത്തിനോ അക്രമത്തിനോ പോലും ആഹ്വാനം ചെയ്താലും അതിനെ തടയാനാകില്ലെന്നു ചില കോടതികൾ വിധിച്ചിരിക്കുന്നു. എന്നാൽ എഴുതപ്പെട്ട ഭരണഘടനയുള്ള നാടുകളിൽ ഇത്തരം ദുരുപയോഗത്തെ തയാറുള്ള നിയമങ്ങൾ നിർമ്മിക്കാൻ സ്റ്റെയ്റ്റിന് അവകാശം ഉണ്ട്.
എല്ലാ ഇന്ത്യൻ പൗരന്മാർക്കും വോട്ടവകാശം നൽകാനുള്ള നീക്കത്തിന്റെ മുൻപന്തിയിൽ നിന്ന നെഹ്രുവിനു അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ ഭരണ ഘടന ഭേദഗതി ചെയ്യേണ്ടി വന്നു എന്നത് ആ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം കൊണ്ടാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതുപോലെതന്നെ സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെയുണ്ടായിരുന്ന സാമാന്യം ശക്തമായ നിയമം വ്യാപകമായി ദുരുപയോഗത്തെത്തുടർന്നു എന്ന പരാതിയെത്തുടർന്ന് ആ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്ക് സുപ്രീം കോടതി ഈയിടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ, ഭരണഘടനയും നിയമങ്ങളും നൽകുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷണവും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് സ്റ്റെയ്റ്റിന് തോന്നിയാൽ അവയ്ക്കു നിയന്ത്രണമോ ഉപാധികളോ വയ്ക്കുന്ന പരിപാടി പല രാജ്യങ്ങളിലുമുണ്ട്; നമ്മുടെ രാജ്യത്തുമുണ്ട്.
രണ്ട്:
മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ഭരണഘടനയുടെ രണ്ടു അനുച്ഛേദങ്ങൾ വഴി ലഭിക്കുന്നതാണ്: 19-ഉം, 25-ഉം. ആദ്യത്തേത് അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള പൊതുവായ അവകാശം; രണ്ടാമത്തേത് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം.
ഭരണഘടനയുടെ ആമുഖത്തിലും ഇതേക്കുറിച്ച് പറയുന്നുണ്ട്: ( LIBERTY of thought, expression, belief, faith and worship;) മത സ്വാതന്ത്ര്യത്തിനു കോടതികൾ പലപ്പോഴായി നൽകിയിട്ടുള്ള വ്യാഖ്യാനങ്ങൾ കൂടി പരിഗണിച്ചാൽ ഇവ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായി കാണേണ്ടിവരും.
വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഒരു സ്വാഭാവിക അവകാശമാണ് എന്നാണ് നിയമജ്ഞർ പറയുന്നത്. അതിനു പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന്റെ ആവശ്യം ഇല്ലെന്നും. എങ്കിലും ചിലർ ഇത് ജീവനും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21-ന്റെ ഭാഗമായി വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ വിവാഹത്തിന് ചില പരിമിതമായ നിബന്ധനകൾ ഉണ്ട്--പ്രായത്തെക്കുറിച്ചും ആരോഗ്യ സംബന്ധമായും ഉള്ളവ . മതവിശ്വാസികൾ തമ്മിലും മതവിശ്വാസമില്ലാത്തവർ തമ്മിലുമുള്ള വിവാഹങ്ങൾക്കും നിയമങ്ങൾ ബാധകമാണ്.
ഈ ഭരണഘടാവകാശങ്ങളും നിയമങ്ങളും അതേപടി നിലനിൽക്കുന്ന കാലത്തോളം മതം, വിവാഹം എന്നിവ വ്യക്തിയുടെ മാത്രം കാര്യമാണ്, തീരുമാനമാണ്. അവിടെ സ്റ്റെയ്റ്റിനോ മറ്റൊരു ഏജൻസിക്കോ ഏജൻസിയില്ല.
മൂന്ന്
ഇസ്ലാം മതം സ്വീകരിക്കാനുള്ള അഖില എന്ന പെൺകുട്ടിയുടെ തീരുമാനം കേരള ഹൈക്കോടതി രണ്ടു പ്രാവശ്യം അംഗീകരിച്ചതാണ്; കസ്റ്റഡിക്കായുള്ള അച്ഛന്റെ ആവശ്യം നിരാകരിച്ചുകൊണ്ടുതന്നെ. പക്ഷെ കോടതിവിധിയെയും ഭരണഘടന അവകാശങ്ങളെയും ദുരുപയോഗപ്പെടുത്തി എന്ന് കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് സാധാരണ ഗതിയിൽ നമുക്ക് അംഗീകരിക്കാനാകാത്ത ഒരു വിധി ഹൈക്കോടതി പുറപ്പെടുവിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഈ വിഷയത്തിൽ നാല് പോസ്റ്റുകൾ ഞാൻ ഇട്ടിരുന്നു.
അതിൽ ആദ്യത്തെ പോസ്റ്റിൽ ഇങ്ങിനെ പറഞ്ഞു:
'സമൂഹത്തിന്റെ ലളിതവും ഋജുവുമായ ബോധ്യങ്ങളാണ് നിയമങ്ങളാവുക. ആ ബോധ്യങ്ങൾ വീണ്ടും പിളരുകയും അടരുകളായി മാറുകയും ചെയ്യുമ്പോൾ പഴയ നിയമങ്ങൾ വച്ച് അവയെ അളക്കുക എന്നത് ഒരു വൈരുധ്യമാകും. ആ വൈരുദ്ധ്യങ്ങളെ നേരിടേണ്ടതും പ്രതിവിധി കാണേണ്ടതും സമൂഹമാണ്. അവയെ ലളിതവും ഋജുവുമായി മാറ്റിയെടുത്ത് പുതിയ നിയമങ്ങൾ നിർമ്മിക്കേണ്ടിവരും. ആ ജോലി കോടതികൾക്ക് മാത്രമായി ഒന്നും ചെയ്യാനില്ല. ചെയ്താൽ അത് വൈരുധ്യമാകും.'
ഞാനിപ്പോഴും അവിടെത്തന്നെ നിൽക്കുന്നു. മതസ്വാതന്ത്ര്യം, വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം എന്നതൊക്കെ സാധാരണ ഗതിയിൽ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത സ്വതന്ത്ര്യങ്ങളാണ്. അതുകൊണ്ടുതന്നെ ഋജുവായി കാര്യങ്ങൾ നടക്കുന്നപക്ഷം അഖില മുസ്ലിമായി, ഹാദിയ ആയി മാറുന്നത് ആർക്കും ചോദ്യം ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. അയാൾ ആരെ വിവാഹം കഴിക്കണം എന്ന സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടാൻ പാടില്ല.
എന്നാൽ കാര്യങ്ങൾ ഋജുവല്ലതെ വരുമ്പോഴോ? പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ഒരാൾ അത് ഇടയ്ക്കുവച്ച് നിർത്തി മതം പഠിക്കാൻ പോകുന്നത് വേണമെങ്കിൽ സ്വാഭാവികമാണ് എന്ന് കരുതാം. പക്ഷെ കോഴ്‌സ് തിരുന്നതിനുമുന്പ് വിവാഹം കഴിക്കണം എന്ന് പറഞ്ഞു പരസ്യം കൊടുക്കുന്നത് അത്ര സ്വാഭാവികമാണോ? (സ്വാഭാവികം എന്നത് ആര് നിശ്ചയിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമമാണ് ഈ പോസ്റ്റ് മുഴുവൻ എന്നതിനാൽ അതിനു പ്രത്യേകം മറുപടി ആവശ്യമില്ല എന്ന് കരുതുന്നു). മതം മാറ്റം നടന്നശേഷം പെൺകുട്ടികൾ ഭർത്താക്കന്മാരോടൊപ്പം അപ്രത്യക്ഷരാകുന്ന കേസുകൾ നാട്ടിൽ നടക്കുന്ന കാലത്ത് ഇത് ലഘുവായി കണക്കാക്കാൻ പറ്റുമോ?
അതിനാൽ മതവിശ്വാസത്തിനും വിവാഹത്തിനുമുള്ള സ്വതന്ത്ര്യങ്ങൾക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതെന്നപോലെ, ചില പ്രത്യേക സാഹചര്യങ്ങളിൽ നിയന്ത്രണം വേണം എന്നതാണ് എന്റെ വാദം.
കൃത്യമായി പറഞ്ഞാൽ,
മതവിശ്വാസത്തിനും വിവാഹത്തിനും ഉള്ള ഒരാളുടെ സ്വാതന്ത്ര്യം ഒരാൾ ഉപയോഗപ്പെടുത്തന്നത് അയാളുടെ ജീവന് ഭീഷണിയാകുന്നു എന്ന് അയാളുടെ ജീവന്റെ കാര്യത്തിൽ ഉത്തമതാല്പര്യമുള്ള മറ്റൊരാൾക്ക് തോന്നിയാൽ അതിൽ അയാൾക്ക് പരാതിപ്പെടാനും ന്യായമായ തീരുമാനം ലഭിക്കാനും അർഹത ഉണ്ടാവുക എന്നത് സ്വാഭാവിക നീതിയാണ് എന്ന് ഞാൻ കരുതുന്നു.
ഈ കേസിൽ മതവിശ്വാസത്തിനും വിവാഹത്തിനുമുള്ള സ്വാതന്ത്ര്യം ആരൊക്കെയോ ദുരുപയോഗപ്പെട്ടുത്തുന്നു, അത് ഹാദിയയായി മാറിയ അഖിലയുടെ ജീവന് ഭീഷണിയാകുന്നു എന്ന് അച്ഛനായ അശോകന് തോന്നിയാൽ അയാളെ കേൾക്കാനുള്ള ഉത്തരവാദിത്തം സ്റ്റെയ്റ്റിന് ഉണ്ടായേ പറ്റൂ എന്നാണ് എന്റെ വാദം. അതായത്, ഭരണഘടനയുടെ 21 -ആം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം (അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്ന് കോടതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്) ഹനിക്കപ്പെടും എന്ന് ഉത്തമ താല്പര്യമുള്ള അര്രെങ്കിലും പരാതിപ്പെട്ടാൽ സ്റ്റെയ്റ്റ് അത് ഒരു വിഷയമായി പരിഗണിക്കേണ്ടതുണ്ട് എന്ന് നിയമപരമായി വ്യവസ്ഥ ചെയ്യണം.
ഈ കേസിൽ ഹൈക്കോടതി ഇടപെട്ടത് parens patriae എന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് എന്നാണ് അറിയുന്നത്. അതാകട്ടെ കൃത്യമായി ഈ വിഷയത്തെ അഡ്രസ് ചെയ്യുന്നുമില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ഏതൊരു ആളുടെയും രക്ഷാധികാരി ആകാനുള്ള പ്രത്യേക അവകാശം ഉപയോഗിച്ച് കോടതി ഈ വിഷയം കൈകാര്യം ചെയ്യുന്നു എന്നേയുള്ളൂ. അശോകന്റെ പരാതി കേൾക്കാൻ കോടതിയെയോ സർക്കാരിനെയോ നിർബന്ധിക്കുന്ന വകുപ്പുകൾ നിയമത്തിൽ ഉള്ളതായി എനിക്കറിയില്ല; മറിച്ച്, അത് ആ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് എന്ന് കണക്കാക്കി ഇടപെടാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് കോടതികൾക്കുള്ളത്, ഇപ്പോൾ.
ഈ സ്വാതന്ത്ര്യ ഉപയോഗം/ദുരുപയോഗം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞാൽ അതിലൊരു തീരുമാനം ഉണ്ടാകുന്നതുവരെ ആ വ്യക്തി യുടെ ജീവനുള്ള ഉത്തരവാദിത്തം ആർക്ക് എന്നത് പരമ പ്രധാനമായ കാര്യമായി ഞാൻ കരുതുന്നു. വിഷയത്തിൽ നാല് കക്ഷികളുണ്ട്: ഒന്ന് വ്യക്തി, രണ്ട്, വ്യക്തിയുടെ സ്വാതന്ത്ര്യ പ്രയോഗം അയാളുടെ ജീവന് ഭീഷണിക്കു കാരണമാകും എന്ന് കരുതുന്ന അയാളുടെ കാര്യത്തിൽ ഉത്തമതാല്പര്യമുള്ള പരാതിക്കാരൻ, മൂന്ന്, അയാളുടെ ജീവന് ഭീഷണി ഉണ്ടാക്കുമെന്ന് പരാതിക്കാരൻ ഭയപ്പെടുന്ന മൂന്നാം കക്ഷി. പിന്നെ സ്റ്റെയ്റ്റ്.
ഇതിൽ രണ്ടും മൂന്നും കക്ഷികളുടെ താൽപ്പര്യം പരസ്പരം എതിരായിരിക്കും; അതിൽ ഏതാണ് ഒന്നാം കക്ഷിക്കു ഗുണകരമാകുക എന്ന തീരുമാനം സ്റ്റെയ്റ്റ് അഥവാ കോടതി എടുക്കുന്നവരെ ഈ രണ്ടുകക്ഷികളുടെയും കൂടെ ഒന്നാം കക്ഷിയെ വിടുന്നതിൽ സ്വാഭാവിക നീതിയുടെ നിഷേധമുണ്ട് എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇക്കാര്യത്തിൽ തീർപ്പുണ്ടാകുന്നതുവരെ കോടതി/സ്റ്റെയ്റ്റ് ഒന്നാം കക്ഷിയുടെ ജീവനും സുരക്ഷിതത്വത്തിനും ഉത്തരവാദിയായിരിക്കുക എന്നതാണ് കരണീയം എന്നും ഞാൻ കരുതുന്നു.
നാല്
ചുരുക്കി പറഞ്ഞാൽ:
എ: മകന്റെ/മകളുടെ വിവാഹം അവളുടെ ജീവന് ഭീഷണിയാകും എന്ന് മാതാപിതാക്കൾക്ക് കോടതിയെ പ്രഥമ ദൃഷ്ട്യാ ബോധ്യമാക്കാൻ പറ്റിയാൽ, ആ സംശയം അഡ്രസ് ചെയ്യാൻ സ്റ്റെയ്റ്റിന് ഉത്തരവാദിത്തം ഉള്ള രൂപത്തിൽ നിയമ നിർമ്മാണം ഉണ്ടാകണം.
ബി: സംശയ നിവൃത്തി വരുന്നതുവരെ മകന്റെ/മകളുടെ സംരക്ഷണം സ്റ്റെയ്റ്റിന്റെ ഉത്തരവാദിത്തത്തിൽ ആയിരിക്കണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യണം. (ഇപ്പോൾ ഹാദിയ അച്ഛന്റെ ഒപ്പമാണ് ജീവിക്കുന്നത് എന്നത് ഒരു വൈരുധ്യമാണ്, നീതികേടാണ്.)
സി: തീരുമാനത്തിന് കാലപരിധി ഉണ്ടാകണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യണം.
(എല്ലാ പ്രണയ വിവാഹങ്ങളുടെ കാര്യത്തിലും മാതാപിതാക്കൾ കോടതി കയറില്ലേ എന്ന ചോദ്യത്തിന് നിബന്ധന കൃത്യമാണ്: മകന്റെ/മകളുടെ ജീവന് ഭീഷണിയുണ്ട് എന്ന് കോടതിയെ പ്രാഥമികമായി ബോധ്യപ്പെടുത്തിയാൽ മാത്രമേ ഇങ്ങിനെയൊരു കേസിനു സ്‌കോപ്പുള്ളൂ. അങ്ങിനെയൊന്നില്ല എന്ന് കോടതിക്ക് ബോധ്യമായാൽ പിന്നെ കേസില്ല. പക്ഷെ ജീവന് ഭീഷണിയുണ്ട് എന്ന് കോടതിക്ക് ബോധ്യമായാൽ സ്റ്റെയ്റ്റ് ഇടപടേണ്ടി വരും. ജീവന് സംരക്ഷണം കൊടുക്കുക എന്നത് സ്റ്റെയ്റ്റിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. അതെങ്ങിനെ വേണം എന്നതിന് എന്റെ കൈയിൽ ഇപ്പോൾ ഉത്തരമില്ല. നിയമ നിർമ്മാണ പ്രക്രിയയുടെ ഭാഗമായി അതുരുത്തിരിഞ്ഞു വരണം.)
എന്റെ നാലു പോസ്റ്റുകളുടെ പൂർണ്ണ രൂപം കമന്റിൽ ഉണ്ട്
(ഡെക്കാൻ ക്രോണിക്കിളിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ കെ.ജെ ജേക്കബ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)