തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമയ്ക്കു വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ളതാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും' കത്തിൽ പറയുന്നത് ഇങ്ങനെ. എംഎൽഎ ഡിജിപിക്ക് പരാതി നൽകി. ഭീഷണിയൊന്നും തന്നെ ബാധിക്കില്ലെന്ന് രമ അറിയിച്ചിട്ടുണ്ട്.

ഇത്തവണ നിയമസഭയിൽ പിണറായി വിജയനെ കടന്നാക്രമിച്ചത് കെകെ രമയായിരുന്നു. മുഖ്യമന്ത്രിയുടെ കസേരയിൽ വാഴ വയ്ക്കണമെന്നും മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്നുമെല്ലാം വിമർശനം നടത്തി. പ്രതിപക്ഷത്തെ കടന്നാക്രമണത്തിൽ മുന്നിൽ നിന്ന രമയെ അധിക്ഷേപിക്കാനും ശ്രമമുണ്ടായി. എംഎം മണിയുടെ വിധിയും വിധവയും തുടങ്ങിയ പരാമർശവും ചർച്ചയായി. സ്പീക്കർ എംബി രാജേഷ് പോലും എംഎം മണിയുടെ പ്രസ്താവനയെ പിന്തുണച്ചില്ല. തിരുത്തേണ്ടിയും വന്നു. ഇതിന് പിന്നാലെയാണ് രമയ്ക്ക് ഭീഷണി കത്തു വരുന്നത്. മുമ്പും ഇത്തരത്തിൽ കത്ത് രമയ്ക്ക് കിട്ടിയിരുന്നു.

'പയ്യന്നൂർ സഖാക്കൾ' എന്ന പേരിലാണ് ഭീഷണിക്കത്ത് വന്നത്. ഞങ്ങളുടെ പൊന്നോമന പുത്രൻ മുഖ്യമന്ത്രി പിണറായിക്കെതിരെ പറഞ്ഞാൽ തീർക്കേണ്ടി വരുമെന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. ഭരണം പോകുന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ല. പയ്യന്നൂരിലേക്ക് വന്നാൽ കാണിച്ച് തരാം എന്നും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. അവരും സൂക്ഷിച്ചിരുന്നോ എന്നും കത്തിൽ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് പോസ്റ്റ് ചെയ്ത കത്ത് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്.

മുമ്പ് .പി.ചന്ദ്രശേഖരന്റെ മകനേയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത് ഇതേ വിലാസത്തിൽ വന്നിരുന്നു. അന്ന് ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്ന് കത്തിലുണ്ട്. ചന്ദ്രശേഖരനെ 51 വെട്ടാണ് വെട്ടിയതെങ്കിൽ വേണുവിനെ 100 വെട്ട് വെട്ടുമെന്നും കത്തിൽ പറഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരൻ 2012 മെയ്‌ നാലിനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എൻ.വേണു വടകര എസ്‌പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കത്തിന് പിന്നിലെ വസ്തുതകൾ പൊലീസ് കണ്ടെത്തിയില്ല.

അന്ന് വധഭീഷണി കത്ത് പോസ്റ്റ് ചെയ്തത് വടകരയിൽ നിന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വടകരയിലെ നട്ട് സ്ട്രീറ്റ് പരിധിയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. തപാൽ ഓഫീസിൽ പരിശോധന നടത്തി അന്വേഷണ സംഘം ഇക്കാര്യം ഉറപ്പു വരുത്തി. കത്തിന്റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ. തുടർന്ന് ജില്ലയിലെ സ്ട്രീറ്റ് എന്ന പേരുവരുന്ന സ്ഥലങ്ങൾ അന്വേഷിച്ചശേഷമാണ് നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്. അതിന് അപ്പുറത്തേക്ക് അന്വേഷണം പോയില്ല.

ഈ ഓഫീസിൽ സ്ഥാപിച്ച തപാൽപെട്ടിക്ക് പുറമേ, മൂന്ന് എണ്ണം കൂടി സമീപത്തെ റോഡരികിലുണ്ടായിരുന്നു. ഇതിൽ ഏതിൽ ആരാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും പറഞ്ഞു. എല്ലാ തപാൽപെട്ടികൾക്ക് സമീപവും ക്യാമറകളുള്ള സ്ഥാപനങ്ങൾ ഇല്ലാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായി എന്നാണ് പൊലീസ് പിന്നീട് നൽകിയ വിശദീകരണം.