മുംബൈ: മലയാളിയായ ബോളിവുഡ് ഗായകൻ കെ കെയുടെ മരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ഹൃദയാഘാതം മൂലമാണ് ഗായകന്റെ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗുരുതര കരൾ-ശ്വാസകോശ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കുഴഞ്ഞുവീണ ഉടൻ പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിൽ കെകെയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തൽ. കെ കെയ്ക്ക് ഏറെനാളായ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നും ഡോക്ടർ പറഞ്ഞു.

കുഴഞ്ഞുവീണ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാമായിരുന്നു. ഹൃദയസംബന്ധങ്ങളായ പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ തേടിയിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. രക്തധമനികളിൽ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചു. സംഗീതവേദിയിൽ അദ്ദേഹം വളരെ ആവേശത്തോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാടുന്നതിനോടൊപ്പം നൃത്തം ചെയ്തു. ഇതെല്ലാം രക്തയോട്ടം തടസ്സപ്പെടുന്നതിലേക്ക് നയിച്ചിരിക്കാം. തക്കസമയത്ത് സി.പി.ആർ. നൽകിയിരുന്നുവെങ്കിൽ കെ.കെയുടെ ജീവൻ രക്ഷിക്കാമായിരുന്നു, ഡോക്ടർ പറഞ്ഞു.

നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൊൽക്കത്തയിലെ സി.എം.ആർ.ഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചൊവ്വാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. അതേസമയം, ഇന്ന് വെർസോവയിലെ ശ്മശാനത്തിൽ ഗായകന്റെ ഭൗതികശരീരം സംസ്‌കരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനതിരക്കായിരുന്നു.