- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വർണ്ണ കടത്തിൽ പിണറായിയുടെ ഓഫീസ് സർവ്വത്ര പ്രതിക്കൂട്ടിൽ; കേരളത്തിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുമ്പോൾ വീണ്ടും തിളക്കമുള്ള നേട്ടവുമായി ശൈലജ ടീച്ചർ; കമലാ ഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡെൺ, സ്റ്റേസി അംബ്രോസ് എന്നിവർക്കൊപ്പം ഫിനാൻഷ്യൽ ടൈംസിന്റെ അംഗീകാരം; ഒടുവിൽ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ തേടി യഥാർത്ഥ പുരസ്‌കാരം
തിരുവനന്തപുരം: ഒടുവിൽ മന്ത്രി കെകെ ശൈലജയെ തേടി യഥാർത്ഥ പുരസ്‌കാരം. മന്ത്രി കെ.കെ.ശൈലജയ്ക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം കിട്ടുമ്പോൾ അത് തിളക്കത്തിന്റേതാകുകകയാണ്.
പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലജയും തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. മുമ്പ് ശൈലജയെ തേടി പല അവാർഡുകൾ എത്തിയിരുന്നു. അതിൽ പലതും പലവിധ വിവാദങ്ങൾക്ക ഇട നൽകി. പിആർ വർക്കിന്റെ ഭാഗമാണ് ഈ അവാർഡുകൾ എന്ന് പോലും വിലയിരുത്തലെത്തി.
ഇതിനിടെയാണ് ലോകം മുഴുവൻ അംഗീകരിക്കുന്ന ഗ്രൂപ്പിന്റെ അവാർഡ് ശൈലജ ടീച്ചറിന് കിട്ടുന്നത്. കമലാ ഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡെൺ, സ്റ്റേസി അംബ്രോസ് എന്നിവർക്കൊപ്പമാണ് കെ.കെ.ശൈലജയെയും വായനക്കാർ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അവാർഡിന്റെ തിളക്കവും കൂടുന്നു. ലോകത്തിലെ വനിതാ നേതാക്കൾക്കൊപ്പം ശൈലജയെ തെരഞ്ഞെടുക്കുന്ന ആരോഗ്യ രംഗത്തെ കേരളാ മോഡലിന്റെ കൂടെ വിജയമാണ്.
നിപയേയും കൊറോണയയേയും പ്രതിരോധിച്ചതിന്റെ മികവാണ് ഇതിന് കാരണം. സ്വർണ്ണ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ പലവിധ ആരോപണങ്ങൾ ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം സിപിഎമ്മിന് നിർണ്ണായകവുമാണ്. പകരം മുഖ്യമന്ത്രിയായി പോലും ചർച്ച ചെയ്യുന്നത് ശൈലജയുടെ പേരാണ്. ഇതിനിടെയാണ് ലോക വനിതാ നേതാക്കൾക്കൊപ്പം ശൈലജയ്ക്കും അംഗീകാരം കിട്ടുന്നത്.
ഫിനാൻഷ്യൽ ടൈംസ് മാഗസിന്റെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടംനേടുമ്പോൾ ശൈലജയെ ഭാവി മുഖ്യമന്ത്രിയായി കാണുന്നവരും ഉണ്ട്. ഫിനാൻഷ്യൽ ടൈംസ് മാഗസിന്റെ വായനക്കാർ നോമിനേറ്റ് ചെയ്ത നൂറുകണക്കിന് പേരുകളിൽ നിന്നാണ് കെ.കെ.ശൈലജ 12 അംഗ പട്ടികയിൽ ഇടം നേടിയത്. പ്രതിസന്ധികളെ തരണം ചെയ്ത്, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആമുഖത്തോടെയാണ് 12 പേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറെ അംഗീകാരമുള്ള മാഗസീനാണ് ഫിനാൻഷ്യൽ ടൈംസ്. ഇതാണ് അംഗീകാരത്തിന്റെ തിളക്കം കൂട്ടുന്നത്.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് പട്ടികയിൽ ഒന്നാമത്. ആരോഗ്യപ്രവർത്തകയായ ഓസ്‌ലം ടുറേസി, അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 11-ാം സ്ഥാനത്താണ് കെ.കെ.ശൈലജ. ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദ ഇയർ പുരസ്‌കാരവും കഴിഞ്ഞ മാസം ശൈലജടീച്ചർ സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാനാണ് വോഗിനു വേണ്ടി വിജയിയെ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മാഗസീന്റെ അവാർഡ് ദുൽഖർ പ്രഖ്യാപിച്ചത് പലവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
കയ്യടി കിട്ടാനോ അവാർഡ് നേടാനോ അല്ല കൊവിഡിനെതിരെ അത്മാർത്ഥമായി പ്രവർത്തിച്ചതെന്ന് ശൈലജ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വിളിച്ചിട്ടുണ്ട്. ഓഫീസ് സ്റ്റാഫല്ലാതെ എനിക്ക് ഒരു പി.ആറും ഇല്ല. ബി.ബി.സിയിലോ ഗാർഡിയനിലോ നേരത്തെ ആരെയും അറിയില്ലെന്നതാണ് വസ്തുത. കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ നമ്പറെടുത്ത് അവര് വിളിച്ചപ്പോൾ ഞാൻ സംസാരിച്ചു. പുറത്ത് നിന്നുള്ളവർ വന്ന് തുടങ്ങിയാൽ പ്രതിസന്ധി കൂടുമെന്ന് വിളിച്ചവരോട് പറഞ്ഞിരുന്നുവെന്നും കെ.കെ.ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ