തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കില്ല. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീർ ബാബുവിനെ തൽസ്ഥാനത്തുനിന്നു മാറ്റിയേക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പിഴവ് കാട്ടിയത് സുധീർ ബാബുവാണെന്ന് വരുത്താനാണ് നീക്കം. പിണറായി മന്ത്രിസഭയിൽ നിന്ന് കൂടുതൽ പേർ രാജിവയ്ക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമുണ്ടാക്കും. ഇപി ജയരാജൻ, എകെ ശശീന്ദ്രൻ എന്നിവരുടെ രാജി തന്നെ നാണക്കേട് ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഇനി ആരോപണ വിധേയരായ മന്ത്രിമാരെ പിണറായി അത്ര വേഗം കൈവടില്ല. അതുകൊണ്ട് തന്നെ ശൈലജയ്ക്ക് തുടരാനാകും.

ലാവകാശ കമ്മിഷൻ നിയമനം സംബന്ധിച്ച കേസിൽ മന്ത്രി കെ. കെ. ശൈലജയ്‌ക്കെതിരായ പരാമർശം നീക്കണമെന്ന അപ്പീൽ ഉടൻ പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തയാറായിരുന്നില്ല. കേസ് വേഗം പരിഗണിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും അതിലും പ്രാധാന്യം സ്വാശ്രയ കേസിനാണെന്നു പറഞ്ഞ്, കോടതി അതു പരിഗണിക്കുകയായിരുന്നു. മന്ത്രി കക്ഷിയല്ലാത്ത കേസിൽ, മന്ത്രിയുടെ വാദം കേൾക്കാതെ പരാമർശം നടത്തിയെന്നു സർക്കാർ ബോധിപ്പിച്ചപ്പോൾ, സിംഗിൾ ബെഞ്ചിൽ തന്നെ പുനഃപരിശോധനാ ഹർജി നൽകാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. അപ്പീൽ ഇന്നു പരിഗണനയ്‌ക്കെത്തിയേക്കും. ഇതിൽ മന്ത്രിക്കെതിരായ പരാമർശം നീക്കിയില്ലെങ്കിൽ അത് വലിയ പ്രതിസന്ധിയാകും. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഡിവിഷൻ ബഞ്ച് തീരുമാനം അനുകൂലമല്ലെങ്കിൽ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി സർക്കാർ രക്ഷപ്പെടലിന് ശ്രമിക്കും.

ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകൾ കൃത്യമായി പരിശോധിച്ചു സർക്കാർ താൽപര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങൾ അത്തരത്തിൽ ബോധ്യപ്പെടുത്തുന്നതിലും അഡിഷൺ പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തി. പാർട്ടി പറയുന്നത് പോലും അവിടെ ആരും അനുസരിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥ ലോബി ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പിടിമുറുക്കി. അതിനാൽ ഓഫീസ് തലത്തിൽ അഴിച്ചു പണി. അതിനായി ആദ്യം സുധീർ ബാബുവിനെ മാറ്റും. എന്നാൽ എല്ലാ ഫയലും നിയമം അനുശാസിക്കുന്ന തരത്തിലാണു പ്രൈവറ്റ് സെക്രട്ടറി കൈകാര്യം ചെയ്തിരുന്നതെന്ന് അഭിപ്രായവും ശക്തമാണ്.

ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നുണ്ട്. ഡിവിഷൻ ബഞ്ച് തിരുമാനവും എതിരായാൽ ഈ പ്രതിഷേധത്തിന് ശക്തികൂടും. ഇ.പി.ജയരാജൻ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. അതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയർന്നപ്പോഴും പിണറായി പിന്തുണച്ചിരുന്നു. എന്നാൽ ഇപിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇതും സിപിഎമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിക്കുന്നു. എന്നാൽ കൂടുതൽ മന്ത്രിമാരുടെ രാജി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ കരുതലോടെ മാത്രമേ പോകാനാകൂവെന്നാണ് പക്ഷം.

കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയിൽ രണ്ടാംദിവസവും ഒച്ചപ്പാട് ഉണ്ടായിരുന്നു സഭാ കവാടത്തിലെ എംഎൽഎമാരുടെ സത്യഗ്രഹം തുടരുന്നതിനിടെ സഭയ്ക്കുള്ളിൽ മന്ത്രിയെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കി, മന്ത്രിയുടെ മറുപടി ബഹിഷ്‌കരിച്ചു സഭ വിട്ടു. ഭരണപ്രതിപക്ഷങ്ങൾ ഇതിനിടെ പലവട്ടം കോർത്തു. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന നടപടികൾ അവതാളത്തിലാക്കിയെന്നാരോപിച്ചു വി.ഡി.സതീശൻ നൽകിയ നോട്ടിസിനു മന്ത്രി കെ.കെ.ശൈലജ മറുപടി പറയാനെഴുന്നേറ്റതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഭരണപക്ഷത്തിന്റെ മാത്രം സാന്നിധ്യത്തിൽ സഭാ നടപടികൾ തുടർന്നപ്പോൾ നിരാഹാരമിരിക്കുന്ന എംഎൽഎമാർക്കു പിന്തുണയുമായി പ്രതിപക്ഷം സഭാ കവാടത്തിലായിരുന്നു.

അതിനിടെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. കണ്ണൂർ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ ഷൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. ആരോഗ്യ - വിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. 'മുതലാളിമാരുടെ കയ്യിലെ കളിപ്പാവ' എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് അവകാശമില്ല-കുമ്മനം പറഞ്ഞു.

ബാലാവകാശ കമ്മീഷൻ അംഗമായി സ്വന്തക്കാരനെ തിരുകിക്കയറ്റിയ മന്ത്രി ഇപ്പോൾതന്നെ പ്രതിക്കൂട്ടിലാണ്. ഇതുകൂടാതെ മന്ത്രിയുടെ പിടിപ്പുകേടുമൂലം സുപ്രീംകോടതിയിൽ അരലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്തരത്തിൽ മുഖം നഷ്ടമായ മന്ത്രിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി. കമ്മ്യൂണിസ്റ്റ്കാരിയെന്ന വിശേഷണത്തിന് പോലും അർഹതയില്ലാത്ത മുതലാളിത്ത വാദിയായി മന്ത്രി കെ കെ ശൈലജ മാറിയെന്നും അദ്ദേഹം ആരോപിച്ചു.