മുംബൈ: രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹത്തിന്റെ ആഹ്ലാദ അലയൊലികൾ അവസാനിക്കുന്നതിനു മുൻപ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകാൻ ഒരുങ്ങി ബോളിവുഡും ആരാധകരും. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും ബോളിവുഡ് നടി ആദിയ ഷെട്ടിയും തമ്മിലാണ് ഉടൻ വിവാഹിതരാകുന്നത്. നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആദിയ ഷെട്ടി.

ഈ വർഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം നടക്കുമെന്നു തന്നെയാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹക്കാര്യം സംബന്ധിച്ച് ആദിയയുടെയും രാഹുലിന്റെയും വീട്ടുകാർ തമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സുനിൽ ഷെട്ടിയും കെ.എൽ.രാഹുലും കർണ്ണാടക സ്വദേശികളായതിനാൽത്തന്നെ വിവാഹം സൗത്ത് ഇന്ത്യൻ രീതിയിലായിരിക്കുമെന്നാണ് നിഗമനം. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ ഇരുവീട്ടുകാരും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. വിക്കി കൗശാൽ-കത്രീന കൈഫ്, രൺബീർ-ആലിയ വിവാഹത്തിനു ശേഷം ബോളിവുഡ് ഉറ്റു നോക്കുന്ന മറ്റൊരു താരവിവാഹമായിരിക്കും ആദിയ ഷെട്ടി-കെ.എൽ.രാഹുൽ വിവാഹം.

തങ്ങൾ പ്രണയത്തിലാണെന്ന് രാഹുലും ആദിയയും ഇൻസ്റ്റഗ്രാമം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കർണാടകയിലെ മംഗളൂരു സ്വദേശിയാണ് രാഹുൽ. സുനിൽ ഷെട്ടിയും കർണാടക സ്വദേശിയാണ്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല

കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ടായിരുന്നു. സഹോദരൻ അഹാൻ ഷെട്ടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ തഡാപിന്റെ പ്രദർശനവേളയിലാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്.

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിയിരുന്ന ഇരുവരും പക്ഷെ, ചിത്രങ്ങൾക്ക് പിശുക്കു കാട്ടിയിരുന്നില്ല. അടുത്തിടെ ഒരു സ്പോർട്സ് ബ്രാൻഡിനു വേണ്ടിയുള്ള പരിപാടിയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18-ന് രാഹുലിന്റെ പിറന്നാൾ ദിനത്തിൽ ഇരുവരുമൊന്നിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങളാണ് ആശംസകൾ നേർന്നുകൊണ്ട് ആദിയ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

 

 
 
 
View this post on Instagram

A post shared by Athiya Shetty (@athiyashetty)

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനുമാണ് കെ.എൽ.രാഹുൽ. സുനിൽ ഷെട്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ താൻ ഏറെ വിലമതിക്കുന്നുവെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് സുനിൽ ഷെട്ടി.

ക്രിക്കറ്റിനെക്കുറിച്ചുള്ള സംസാരവേളയിൽ ഇരുവരും തമ്മിൽ സംഭാഷണങ്ങളും തർക്കങ്ങളും പതിവാണെന്നും വിവേകത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ താൻ ഏറെ ബഹുമാനിക്കുന്നതായും രാഹുൽ പറയുന്നു. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ജീവിതചര്യയെക്കുറിച്ചും തനിക്ക് അദ്ദേഹം വിലയേറിയ ഉപദേശങ്ങൾ നൽകാറുള്ളതായും രാഹുൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

രാജസ്ഥാൻ റോയൽസിനെതിരായ രാഹുലിന്റെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മത്സരം കാണാൻ ആദിയയും പിതാവ് സുനിൽ ഷെട്ടിയും എത്തിയിരുന്നു.

സുനിൽ ഷെട്ടിയുടെയും മാനാ ഷെട്ടിയുടെയും മകളായി മുംബൈയിൽ 1992-ലായിരുന്നു ആദിയ ഷെട്ടിയുടെ ജനനം. 2015-ൽ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആദിയയുടെ ആദ്യ ചിത്രമായിരുന്നു ഹീറോ. നിഖിൽ അദ്വാനി സംവിധാനം ചെയ്ത ചിത്രത്തിലെ ആദിയയുടെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖനടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു. സൽമാൻ ഖാൻ നിർമ്മിച്ച ചിത്രത്തിൽ സൂരജ് പഞ്ചോളിയായിരുന്നു നായകൻ. പിന്നീട് മുബരകാൻ,നവാബ്സാദേ, മോതിചൂർ ചക്നാചൂർ എന്നീ ചിത്രങ്ങളിലും ആദിയ പ്രധാനവേഷം ചെയ്തു.